Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യത്തിന് മുറിവേൽക്കുമ്പോൾ ; മഴ ശക്തമായി പ്രളയതുല്യമായതിന്റെ കാരണം

Flood

പ്രളയം കൂടുതൽ വർണിച്ചിട്ടുള്ളത് പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലുമാണ്. ചരിത്രത്തിലും ശാസ്ത്രത്തിലും പ്രളയത്തെപ്പറ്റി പറയുന്നുണ്ട്. പക്ഷേ പലപ്പോഴും മനുഷ്യർ ഇത്തരം പ്രകൃതിക്ഷോഭങ്ങൾ‌ തങ്ങൾക്കു സംഭവിക്കുമെന്നു വിശ്വസിക്കുന്നവരല്ല. 

പൂർവിക കാലത്ത് നാടിന്റെ ഐശ്വര്യവും നാശവും ഭരണാധിപരുടെ ഗുണത്തിൽ അധിഷ്ഠിതമാണെന്ന വിശ്വാസം ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ പഴംകഥ. 

മറ്റൊന്ന് ഈശ്വരനും മനുഷ്യനുമായുള്ള ബന്ധം. മനുഷ്യന് അപ്പുറം, കാര്യങ്ങളിൽ ഇടപെട്ട് ഗുണദോഷം ചെയ്യാൻ ശേഷിയുള്ള ഒരു അദൃശ്യചൈതന്യമുണ്ട് എന്ന് ആദികാലം മുതൽ മനുഷ്യൻ വിശ്വസിച്ചു പോന്നു. ഒരു കൂട്ടർ ആ ചൈതന്യത്തിൽ വിശ്വസിച്ചു. നമിച്ചു. വേറൊരു കൂട്ടർ അതംഗീകരിക്കുന്നില്ല. 

വിശ്വസിക്കുന്നവരാണ് അവിശ്വാസികളെക്കാൾ ഈശ്വരചൈതന്യത്തെ വക്രീകരിക്കുകയും വികൃതമാക്കുകയും ചെയ്തിട്ടുള്ളത്. ആദ്യം സൂചിപ്പിച്ച മഹാചൈതന്യം ഒന്നേയുള്ളുവെന്ന് അറിയാമെങ്കിലും, സംഘടിച്ചു ബലവാന്മാരാകാൻ ഈശ്വരന് പല രൂപം, പല ഭാവം, പല സ്വഭാവം നൽകി. ഓരോ വിഭാഗവും ആത്യന്തികമായ ആ പരമ ചൈതന്യത്തെ അതല്ലാതാക്കി ചുരുക്കിക്കളയുന്ന സമ്പ്രദായമാണ് എന്നും തുടർന്നിട്ടുള്ളത്.

മഹാചൈതന്യത്തിന്റെ സൃഷ്ടിയിലെ ഏറ്റവും മനോഹരമായ പൂന്തോട്ടം മനുഷ്യസമൂഹമാണ്. ഓരോ മനുഷ്യനും ഓരോ പുഷ്പമാണ്. ഈ പൂന്തോട്ടത്തിൽ കടന്ന് ചെള്ളും ചാഴിയുമായി പ്രവർത്തിക്കുകയാണ് പലരും. വിഘടിപ്പിച്ചു നിർത്തി ഐക്യവും സാഹോദര്യവും ധര്‍മവും ഉപദേശിച്ചിട്ട് എന്തു കാര്യം. 

വേറൊരു വഴിയിൽ, മുതലുണ്ടായാൽ മനുഷ്യൻ രക്ഷപ്പെട്ടു, അതിലൂടെ എല്ലാം ശരിയാകും, ജീവിതം ശരിയാകും സമൂഹം ശരിയാകും എന്ന ചിന്ത. തനിക്ക് അപ്പുറം ഒരു ചൈതന്യം ഉണ്ടെന്ന, അവർക്കും കൂടി ബോധ്യമുള്ള കാര്യത്തെ എത്ര നിഷേധാത്മകമായിട്ടാണ് സമീപിക്കുന്നത്. 

ഒന്നോർക്കുക, ലോകത്ത് ഒന്നും വെറുതേ സംഭവിക്കില്ല. എല്ലാത്തിനും വ്യക്തമായ- ഒരുപക്ഷേ മനുഷ്യർക്ക് അതു വ്യക്തമല്ലെങ്കിൽപോലും  കാരണമുണ്ട്. 

മഴ ശക്തമായി പ്രളയതുല്യമായി മാറാനും ഇങ്ങനെ ശക്തമായ ചില കാരണങ്ങൾ ഉണ്ട്.

ഈ പ്രപഞ്ചം സത്യത്തിൽ അധിഷ്ഠിതമാണ്. പ്രപഞ്ചത്തെയും അതിന് ആധാരമായ മഹാചൈതന്യത്തെയും അലോസരപ്പെടുത്താത്ത കർമത്തെയാണ് ധർമമെന്നു പറയുന്നത്. ഇങ്ങനെയല്ലാതെ വരുമ്പോൾ ധർമവിലോപം സംഭവിക്കുന്നു. ഇത് മനുഷ്യൻ പലപ്പോഴും അറിയുന്നില്ല. അറിഞ്ഞാലും അറിഞ്ഞെന്നു ഭാവിക്കില്ല. അത് അരുതായ്മയുടെ ലക്ഷ്മണരേഖ വിടുമ്പോൾ പ്രപഞ്ചം പല രീതിയിൽ പ്രതികരിക്കും. അതു തന്നെയാണ് ഭൂമികുലുക്കവും പ്രളയവും മഹാമാരിയും കൊടും വരൾച്ചയും മറ്റും. 

കാണുന്ന ലോകത്തിന്റെ ഏതെങ്കിലും ഒരു കോൺ ഭരിക്കാനുള്ള അവസരം വരുമ്പോൾ തങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന അമിതഭാവം. മറ്റെന്തൊക്കെ പ്രബുദ്ധ, ജീവകാരുണ്യ, സേവന, നിഷ്കാമ കർമങ്ങൾ ചെയ്താലും അവരറിയാതെ സംഭവിക്കുന്ന, മഹാസത്യത്തിനോട് കാട്ടുന്ന അനാദരവ് ഈ ലോകത്തിന്റെ ശരിയായ ധർമത്തിനു മറ്റെന്തിനെക്കാളും ദോഷം ഉണ്ടാക്കുന്നു. ഇരുകൂട്ടരുടെയും അയഥാർഥമായ മായികവലയത്തിൽ പെട്ടു മാത്രം ജനിച്ചു ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യർ ദുരനുഭവങ്ങൾ അനുഭവിച്ചു തീർക്കേണ്ടി വരുന്നു. 

ലേഖകന്റെ വിലാസം:

പ്രഫ. ദേശികം രഘുനാഥൻ 

പത്താംകല്ല് , നെടുമങ്ങാട് പി.ഒ. 

തിരുവനന്തപുരം . Ph - 04722813401