Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യരാശിപ്രകാരം എങ്ങനെയുള്ള അമ്മയാണ് നിങ്ങൾ?

baby-mom

അമ്മയാകുക എന്നതും കുഞ്ഞിനെ നോക്കുകയെന്നതും ബുദ്ധിമുട്ടേറിയതിനൊപ്പം തന്നെ ക്ഷമയും വേണ്ടുവോളം ആവശ്യമുള്ള ഒരു കാര്യമാണ്. പരിധികളില്ലാത്ത സ്നേഹം, സുരക്ഷിതത്വം, കരുതൽ, ഭക്ഷണം, വളരുന്നതിനുള്ള മികച്ച അവസരങ്ങൾ ഇതെല്ലാം നൽകിയാണ് കുഞ്ഞുങ്ങളെ മാതാപിതാക്കൾ വളർത്തിയെടുക്കുന്നത്. ഈ പറഞ്ഞകാര്യങ്ങളെല്ലാം വേണ്ടുവോളം നൽകി, മികച്ച രീതിയിൽ  കുട്ടികളെ വളർത്തുന്ന ധാരാളം അമ്മമാർ നമുക്ക് ചുറ്റിലുമുണ്ട്. നിങ്ങളിലെ മാതാവിന്റെ ഗുണങ്ങളും നിങ്ങളൊരു സൂപ്പർ മോം ആണോ അല്ലയോ എന്നും സൂര്യരാശി വിവരിക്കുന്നതെങ്ങനെയെന്നു നോക്കാം.

ഏരീസ് ( മാർച്ച് 21- ഏപ്രിൽ 19)

എപ്പോഴും  ഊർജസ്വലരായിരിക്കും ഏരീസ് അമ്മമാർ. ഒരു ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂർ നേരവും കുഞ്ഞിന് വേണ്ടി പ്രവർത്തനനിരതരായിരിക്കും  ഇവർ.  വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിലും  സ്വന്തം കാലിൽ നിൽക്കുന്നതിന്റെ ആവശ്യകതെയെക്കുറിച്ച് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിലും  ഈ അമ്മമാർ മുൻപന്തിയിലായിരിക്കും. സ്ഥിരോത്സാഹികളും സാഹസികപ്രേമികളുമായ ഈ അമ്മമാരുടെ മക്കൾ ഒരിക്കലും പുതിയ കാര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ ലജ്ജിച്ചോ ഭയപ്പെട്ടോ പിന്തിരിയാറില്ല. 

ടോറസ് ( ഏപ്രിൽ 20 - മെയ് 20)

ദൃഢനിശ്ചയവും  ബുദ്ധിപരവും അചഞ്ചലമായ തീരുമാനങ്ങളും ടോറസ് രാശിക്കാരായ അമ്മമാരുടെ സവിശേഷതകളാണ്. തങ്ങളുടെ മക്കളെ സുരക്ഷിതമായി വളർത്തുന്നതിനായി വീടൊരുക്കാൻ മിടുക്കരാണ് ഇവർ. മക്കളോട് നൂറുശതമാനവും പ്രതിജ്ഞാബദ്ധരായ ഈ അമ്മമാർ, മക്കൾക്കുവേണ്ടി ജീവിക്കുന്നവരാണെന്നു ഉറപ്പിച്ചു പറയാവുന്നവരാണ്. പുതിയ കാര്യങ്ങൾ കണ്ടെത്താനും പുതിയ  സാഹചര്യങ്ങളുമായി ഇണങ്ങാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഈ അമ്മമാർ. നല്ല ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഈ അമ്മമാർ തങ്ങളുടെ കുട്ടികളെ എല്ലായ്‌പ്പോഴും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നവരായിരിക്കും.

ജെമിനി ( മെയ്  21 - ജൂൺ  20)

ഈ രാശിയിലുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ ധാരാളം സംസാരിക്കുന്നവരും മറ്റുള്ളവരോട് നല്ലതുപോലെ ഇണങ്ങുന്ന പ്രകൃതക്കാരുമായിരിക്കും. മക്കളെ തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി പരിഗണിക്കുകയും അവർക്കായി ജീവിക്കുകയും ചെയ്യുന്നവരാണ് ഈ അമ്മമാർ. സ്വന്തം മക്കളുടെ കാര്യങ്ങളിൽ  ഈ രാശിയിലുള്ള അമ്മമാർ അതീവ ശ്രദ്ധ നൽകിയില്ലെങ്കിൽ, ചിലപ്പോൾ അവർ അനുസരണക്കേട് ഏറെയുള്ളവരായി  മാറാൻ സാധ്യതയുണ്ട്. 

ക്യാൻസർ  ( ജൂൺ 21 - ജൂലൈ 22)

ഈ രാശിക്കാരെ സംബന്ധിച്ചു കുടുംബമാണ് സർവസ്വവും. കുഞ്ഞുങ്ങളുമായി മാനസികമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും ഈ രാശിയിലുള്ള അമ്മമാർ. മാത്രമല്ല, കുടുംബത്തിൽ സുഖകരമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഇവർ മുമ്പിലായിരിക്കും. കുട്ടികളുടെ താല്പര്യങ്ങളെ വളരെ കാര്യമായി തന്നെ പരിഗണിക്കുന്ന ഇവർ, മക്കൾക്ക് താല്പര്യമുള്ള ഭക്ഷണമുണ്ടാക്കി അവരെ സന്തോഷിപ്പിക്കുന്നവരാണ്. കുഞ്ഞുങ്ങളുടെ അത്യാവശ്യ കാര്യങ്ങളെല്ലാം നടത്തികൊടുത്തുകൊണ്ടു തങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാനും മിടുക്കരാണ് ഇക്കൂട്ടർ. 

ലിയോ ( ജൂലൈ  23- ഓഗസ്റ്റ് 22)

വളരെയധികം മര്യാദക്കാരും അക്ഷോഭ്യരുമാണ് ഈ രാശിയിൽ ജനിച്ച അമ്മമാർ. ചെറുപ്പമായിരിക്കാൻ ഇഷ്ടപ്പെടുന്ന, ഈ രാശിയിലുള്ള അമ്മമാർ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കാനും സമയം കണ്ടെത്തുന്നവരാണ്. മക്കളോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന ഇവർ, അല്പം സാഹസികരായതുകൊണ്ടു തന്നെ, മക്കളുടെ പിറന്നാൾ ആഘോഷങ്ങളെല്ലാം വളരെ വ്യത്യസ്തവും അതേസമയം തന്നെ ഏറ്റവും മികച്ചതുമാക്കാൻ ശ്രമിക്കുന്നവരാണ്. 

വിർഗോ  ( ഓഗസ്റ്റ്  23 - സെപ്തംബര്  22)

ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ഏർപ്പെടാൻ കഴിവുള്ളവരാണ് വിർഗോ രാശിയിലുള്ള അമ്മമാർ. കാര്യങ്ങൾ ആസൂത്രണം ചെയ്തു മികച്ച രീതിയിൽ നടപ്പിലാക്കുന്ന അമ്മമാരായതുകൊണ്ടു തന്നെ കുഞ്ഞുങ്ങളോടൊപ്പം  വേണ്ടുവോളം സമയം ചെലവഴിക്കാനും കുടുംബത്തിനൊപ്പം പങ്കിടാനും  ഇവർക്കേറെ സമയം ലഭിക്കും. എപ്പോഴും വൃത്തിയായും ഭംഗിയായും നടക്കുന്ന ഈ അമ്മമാരുടെ   മക്കൾ  അനുസരണശീലത്തിലും ഏറെ മുമ്പിലായിരിക്കും. വ്യക്തിപരമായോ സ്കൂളിലോ കുഞ്ഞുങ്ങൾ എന്തുപ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും അതിനെയെല്ലാം എതിരിടാൻ മക്കൾക്ക് പരിപൂർണ പിന്തുണയുമായി കൂടെ നിൽക്കുന്നവരാണ് ഈ അമ്മമാർ. 

ലിബ്ര  ( സെപ്തംബര്  23 - ഒക്ടോബര് 22)

സുന്ദരവും ആഹ്ളാദകരവുമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിൽ മിടുക്കരാണ് ഈ അമ്മമാർ. കുഞ്ഞുങ്ങളോടും കുടുംബത്തോടും ഏറെ പ്രതിബദ്ധത വെച്ചുപുലർത്തുന്ന ഇവർ, കുട്ടികൾ വളരുന്നതിനൊപ്പം തന്നെ കുട്ടികൾക്ക് മാതാവെന്നതിനുപരി ഏറ്റവുമടുത്ത സുഹൃത്തായിരിക്കും. 

സ്കോർപിയോ  ( ഒക്ടോബര്  23 - നവംബര് 21)

ഗൃഹത്തിലെ ഭരണാധികാരികളാണ് ഈ രാശിക്കാർ. ഇവരുടെ കുഞ്ഞുങ്ങൾ എപ്പോഴും സത്യസന്ധത പുലർത്തുകയാണെങ്കിൽ കുടുംബത്തിൽ പ്രശ്‍നങ്ങൾ ഉണ്ടാകുകയില്ല. കുഞ്ഞുങ്ങളുടെ അസത്യ കഥകൾ കണ്ടെത്താനും അവ കള്ളമാണെന്നു തിരിച്ചറിയാനും ഈ രാശിയിലുള്ള അമ്മമാർക്ക് പ്രത്യേക കഴിവാണ്. 

സാഗിറ്റാറിയസ്  ( നവംബര് 22 - ഡിസംബർ 21)

വളരെ തുറന്ന പ്രകൃതക്കാരും ഫലിതപ്രിയരുമാണ് സാഗിറ്റാറിയസ് അമ്മമാർ. യാത്രകളെ ഇഷ്ടപ്പെടുന്ന ഇവർ, തങ്ങളുടെ കുഞ്ഞുങ്ങളെ സ്വതന്ത്രമായി ചിന്തിക്കാനും അറിവുനേടാനും പ്രോത്സാഹിപ്പിക്കുന്നവരാണ്. കുടുംബത്തിൽ വളരെ അനുകൂലമായ അന്തരീക്ഷമുണ്ടാക്കിയെടുക്കുന്നതിലും സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധാലുക്കളായിരിക്കും ഇവർ. മക്കളെ ഏറ്റവും മികച്ചവരായിരിക്കാൻ അവരെപ്പോഴും പ്രേരിപ്പിക്കുകയും ചെയ്യും. 

കാപ്രിക്കോൺ  ( ഡിസംബർ 22 - ജനുവരി 19)

കഠിനാധ്വാനികളും എപ്പോഴും മക്കൾക്കുവേണ്ടി നിലകൊള്ളുന്നവരുമായ ഇവർ മാതൃത്വത്തിനെ  വളരെ ഗൗരവതരമായി തന്നെ സമീപിക്കുന്നവരാണ്. കടമകളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കാത്ത ഇക്കൂട്ടർ, ജോലി ചെയ്യുന്നവരെങ്കിൽ കൂടിയും കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ  യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരായിരിക്കും. കുട്ടികൾക്ക് വേണ്ടി ജോലികാര്യങ്ങൾ ക്രമീകരിക്കുന്നവർ കൂടിയാണ് കാപ്രിക്കോണിയൻ അമ്മമാർ. വലിയ കാര്യങ്ങളെ നേരിടാനും മികച്ച കാര്യങ്ങൾ ചെയ്യാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന അമ്മമാരാണ് ഇവർ. 

അക്വാറിയസ് ( ജനുവരി 20 - ഫെബ്രുവരി 18 )

സര്ഗാത്മകതയെയും പരീക്ഷണങ്ങളെയും ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന അമ്മമാരാണ് അക്വാറിയസ് രാശിയിലുള്ളവർ. സ്ഥിരമായുള്ളവയിൽ നിന്നും മാറിചിന്തിക്കുവാൻ കുഞ്ഞുങ്ങളെ ഇവർ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. സഹജീവികളോട് കരുണ കാണിക്കാനും സഹാനുഭൂതിയോടെ പെരുമാറാനും കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമെന്നു കരുതുന്നവരാണ് ഈ അമ്മമാർ. സ്വന്തം കുഞ്ഞുങ്ങളെ ഇക്കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ ഇവരൊട്ടും  വീഴ്ച വരുത്താറുമില്ല. 

പിസെസ് ( ഫെബ്രുവരി 19 - മാർച്ച് 20 )

മികച്ച അമ്മമാരായ ഈ രാശിക്കാർ, കുഞ്ഞുങ്ങളെ എല്ലാകാര്യങ്ങളിലും അവസാനം വരെ പിന്തുണക്കുന്നവരായിരിക്കും. ലോലഹൃദയരായ ഇവർ, കരുണയും അനുകമ്പയും പ്രകടിപ്പിക്കുന്നവരും സർഗാത്മകമായി കാര്യങ്ങളവതരിപ്പിക്കാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുമായിരിക്കും. കലാപരമായും ബൗദ്ധികപരമായും ഏറെ പ്രതിഭാധനരായിരിക്കും പിസെസ് രാശിക്കാരായ അമ്മമാരുടെ മക്കൾ.