Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റദോഷം ബാധിക്കില്ല, ഇവ ചെയ്തോളൂ!

Jupiter transit

ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം എന്ന ഗ്രഹം ഒക്ടോബർ 11നു തുലാം രാശിയിൽ നിന്നു വൃശ്ചികം രാശിയിലേക്കു കടന്നു. ജ്യോതിഷപ്രകാരം പല കൂറുകാരെയും പല രീതിയിലാണ് ഇതു ബാധിക്കുക. 

മേടം, മിഥുനം, കന്നി, വൃശ്ചികം, ധനു, കുംഭം എന്നീ കൂറുകാരെ ഈ വ്യാഴമാറ്റം പ്രതികൂലമായിട്ടാണു ബാധിക്കുക. ഇടവം, കർക്കടകം, ചിങ്ങം, തുലാം, മകരം, മീനം എന്നീ കൂറുകാർക്ക് വ്യാഴത്തിന്റെ ഈ മാറ്റം തികച്ചും അനുകൂലമായിരിക്കും. 

മേടക്കൂറുകാർക്ക് വ്യാഴം അഷ്ടമത്തിലേക്കു മാറിയതിനാൽ വിചാരിക്കാത്ത പ്രതിസന്ധികളെ നേരിടേണ്ടിവരും എന്നതാണു ഫലം. മിഥുനക്കൂറുകാർക്ക് വ്യാഴം ആറിലേക്കു മാറിയതിനാൽ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടാനോ ആരോപണത്തിന് ഇടയാകാനോ സാധ്യതയാണുള്ളത്. കന്നിക്കൂറുകാർക്ക് മൂന്നാംഭാവത്തിലേക്കു വ്യാഴം കടന്നതിനാൽ ഇടയ്ക്കിടെ തലവേദനയുണ്ടാകും. 

വൃശ്ചികക്കൂറുകാർക്ക് ജന്മവ്യാഴം തുടങ്ങിയതിനാൽ ധനനാശം, കലഹം എന്നിവയ്ക്കു സാധ്യത. ധനുക്കൂറുകാർക്ക് പന്ത്രണ്ടാംവ്യാഴം തുടങ്ങിയതിനാൽ ചെലവു കൂടും, കടബാധ്യതയുണ്ടാകും. കുംഭക്കൂറുകാർക്ക് അനുകൂലമല്ലാത്ത സ്ഥാനമാറ്റത്തിനു സാധ്യത.

ഏതു കൂറുകാരായാലും വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങൾക്കു പരിഹാരമായി ചെയ്യേണ്ടതു വിഷ്ണുപൂജ തന്നെ. ഗുരുവായൂർ ക്ഷേത്രത്തിലോ മറ്റു വിഷ്ണുക്ഷേത്രങ്ങളിലോ മാസം തോറും ജന്മനക്ഷത്രദിവസം പുഷ്പാഞ്ജലി, പഞ്ചസാരപ്പായസം, നെയ് വിളക്ക് മുതലായ വഴിപാടുകളാണു ചെയ്യേണ്ടത്.