Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജവയ്പ്പ്, വിദ്യാരംഭം 2018 – അറിയേണ്ടതെല്ലാം

പൂജ വെയ്പ്പ്, വിദ്യാരംഭം

നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്‌ക്കേണ്ടത്. ഇതനുസരിച്ചു ഒക്ടോബർ 16  ചൊവ്വാഴ്ച സന്ധ്യയ്ക്കുമുന്നേ പൂജവയ്പ് നടക്കണം. ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്. വിജയദശമി ദിനമായ ഒക്ടോബർ 19 രാവിലെ പൂജ എടുക്കണം. 

എന്ത് പൂജ വയ്ക്കണം?

വിദ്യാർഥികൾ അവരുടെ പുസ്തകങ്ങളും പഠനോപകാരങ്ങളെല്ലാം തന്നെ പൂജയ്ക്കു വയ്ക്കണമെന്ന് പറയപ്പെടുന്നു. മുതിർന്നവർ ഭഗവത്‌ ഗീത, നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ പൂജ വയ്ക്കാവുന്നതാണ്. കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ടവയാണ് പൂജവയ്ക്കുന്നത്. ഉപകരണങ്ങൾ വൃത്തിയാക്കിയ ശേഷമേ പൂജ വയ്ക്കാവൂന്ന് മാത്രം. തൊഴിലാളികൾ പണിയായുധമാണ് വയ്ക്കുന്നത്. വാഹനമോടിച്ച് ഉപജീവനം നടത്തുന്നവർ വാഹനമോ താക്കോലോ പൂജ വെയ്ക്കണം.  

വീട്ടിൽ പൂജ വെയ്ക്കുമ്പോൾ...

വീട്ടിൽ പൂജവയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പൂജാമുറിയിലോ ഭവനത്തിന്റെ ഈശാനകോണായ വടക്കു കിഴക്കു ഭാഗത്തോ ആണ് പൂജവയ്‌ക്കേണ്ടത്. പൂജ വയ്ക്കാനുദ്ദേശിക്കുന്ന ഇടം തൂത്തു തുടച്ചു വൃത്തിയാക്കി ചാണകവെള്ളമോ തുളസി വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധി വരുത്തുക. മേശപ്പുറത്തോ പീഠത്തിലോ പൂജവയ്ക്കുന്നതാണ് അഭികാമ്യം. വെറും തറയിൽ പൂജ വയ്ക്കരുത്. സരസ്വതീ ദേവിയുടെ ചിത്രത്തിന് മുന്നിലായി വേണം ഉപകരണങ്ങൾ/പുസ്തകങ്ങൾ പൂജ വയ്ക്കേണ്ടത്. ദേവീ ചിത്രത്തിന്റെ ഇടതു ഭാഗത്തു പ്രഥമസ്ഥാനം നൽകി വിഘ്‌നനിവാരണനായ ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കാം. വലതു ഭാഗത്തു ഇഷ്ടദേവതാ ചിത്രവും വയ്ക്കാം. ഈ ചിത്രങ്ങളിൽ പൂമാല ചാർത്തുന്നതും ഉത്തമം. ഭഗവാന്മാരെ കർപ്പൂരം ഉഴിഞ്ഞ ശേഷം കുറച്ചു പൂക്കൾ കൈകളിലെടുത്തു ഗണപതിയേയും സരസ്വതിയെയും ഇഷ്ടദേവതയേയും മനസ്സിൽ ധ്യാനിച്ച്  ഉപകരണങ്ങളിൽ അർച്ചിച്ചു വേണം പൂജവയ്ക്കുവാൻ. അവൽ, മലർ, ശർക്കര, പഴം, കൽക്കണ്ടം എന്നിവ കൊണ്ട് നിവേദ്യമർപ്പിച്ചശേഷവും പൂജ വയ്ക്കാം.

പൂജ എടുക്കുമ്പോൾ... 

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു ഓരോ ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്. ഇതിനുശേഷം മണലിലോ  അരിയിലോ " ഓം ഹരിഃ ശ്രീ ഗണപതയേ നമഃ  അവിഘ്‌നമസ്തു " എന്ന് എഴുതണം. അതിന് ശേഷം പുസ്തകം പൂജ  വെച്ചവർ  അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കണം. ഉപരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമ്മമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.