Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരാനുഷ്ഠാനങ്ങള്‍ ജ്യോതിഷ വീക്ഷണത്തിൽ

Praying

ഭാരതീയ സംസ്കാരത്തിൽ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണു പൂർവികർ  ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. എന്താണ് ‘ആചാരം’? ധർമത്തിൽ അധിഷ്ഠിതമായി സദുദ്ദേശ്യപരമായി ഒരു പ്രത്യേക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കീഴ്‌വഴക്കത്തോടുകൂടി ചെയ്തുപോരുന്ന  രീതിയെ ‘ആചാര’മെന്നും (Custom) നന്മയുടെ ഭാഗമായി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തന്നെ കൃത്യമായി ചെയ്തുപോരുന്ന  പ്രവൃത്തിയെ ‘അനുഷ്ഠാന’മെന്നും (Action) പറയാം.  മിക്ക ക്ഷേത്രങ്ങളിലും പ്രവേശിക്കുമ്പോൾ ഷർട്ട് അഴിക്കുന്നത് ആചാരമാണ്. പിതൃപ്രീതിക്കായി ബലിതർപ്പണം നടത്തുന്നത് അനുഷ്ഠാനമാണ്.ആചാരാനുഷ്ഠാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഭഗവദ്ഗീതയിലും പറയുന്നുണ്ട്.  

“കുലക്ഷയേ പ്രണശ്യന്തി കുലധർമാഃ സനാതനാഃ  

ധർമേ നഷ്ടേ കുലം കൃത്സ്നമധർമോഭിഭവത്യുത  
 

അധർമാഭിഭവാത് കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ  

സ്ത്രീഷു ദുഷ്ടാസു വാർഷ്ണേയ ജായതേ വർണസങ്കരഃ  
 

സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച  

പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ  
 

ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാർദനഃ  

നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ”  

വംശം നശിച്ചാൽ കുലധർമങ്ങൾ നശിക്കുന്നു. ധർമം നശിച്ചാൽ മുഴുവൻ കുലത്തെതന്നെ അധർമം കീഴടക്കുന്നു.  കുലധർമങ്ങൾ പാലിക്കാത്ത മനുഷ്യർ അവസാനം നരകത്തിൽ പ്രവേശിക്കുന്നു. ഈ തത്വത്തിൽ കൂടിയാണ് ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തിയെക്കുറിച്ച് മനസ്സിലാക്കേണ്ടത്. ഇവിടെയാണ് ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രസക്തിയും, കാരണം ഇത്തരം കാര്യങ്ങളെയെല്ലാം വേണ്ടപോലെ മനസ്സിലാക്കിത്തരുന്ന ധർമശാസ്ത്രമാണ് ജ്യോതിഷം.  

വൈവിധ്യമാണല്ലോ ഭാരതം. അതുപോലെ വൈവിധ്യമായിട്ടാണ് കുലത്തിനും സമുദായത്തിനും ദേശത്തിനുമനുസരിച്ചുള്ള ആചാര–അനുഷ്ഠാനങ്ങൾ ഇവിടെ നിലനിൽക്കുന്നത്. ആ വൈവിധ്യം മനസ്സിലാക്കി ആചാരാനുഷ്ഠാനങ്ങളെ നിലനിർത്തി ധർമത്തെ രക്ഷിക്കേണ്ടത് കുടുംബഐശ്വര്യത്തിനും ദേശത്തിന്റെ നന്മയ്ക്കും അത്യന്താപേക്ഷിതമാണ്.  

എന്താണ് ധർമം?  

വിഷ്ണുസഹസ്രനാമ ഫലശ്രുതിയിൽ പറയുന്നതിങ്ങനെ-

“സർവാഗമാനമാചാരഃ   പ്രഥമം പരികൽപ്യതേ  

ആചാര പ്രഭവോ ധർമോ ധർമസ്യ പ്രഭുരച്യുതഃ”  

ആചാരമാണ് നമ്മൾ ഒന്നാമതായി സ്വീകരിക്കേണ്ടതെന്നും ആചാരത്തിൽ നിന്നാണു ധർമം ഉണ്ടാകുന്നതെന്നും പറയുന്നു. ധർമം അവസാനമായി നമ്മളെ രക്ഷിക്കുകയും ചെയ്യും. ആചാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സമയത്ത് അധർമം വരികയും ഇത് കുലത്തിനും ദേശത്തിനും ദോഷമായി ബാധിക്കുകയും ചെയ്യുന്നു.  

ശാസ്ത്ര നിയമങ്ങൾക്കും മറ്റു വ്യവസ്ഥകൾക്കുമപ്പുറമാണ് ആചാരത്തിന്റെ സ്ഥാനമെന്ന് കാണിച്ച് തരുന്ന ജ്യോതിഷ ഗ്രന്ഥത്തിലെ പ്രധാനപ്പെട്ട ശ്ലോകം നോക്കാം.  

“ന ശാസ്ത്രദൃഷ്ട്യാ വിദുഷാ കദാചി–  

ദുല്ലംഘനീയാഃ കുലദേശധർമാഃ  

മൂലം ഹി തേഷാം ച്യുതവേദശാഖാ  

ഭൂയാദ് ഹി ധർമസ്ഥിതി ഭാഗദോഷഃ”  

ധർമത്തിന് ഭംഗം വരുന്നതിനാൽ വിദ്വാൻ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലും മറ്റു വ്യവസ്ഥകളുടെ അടിസ്ഥാനത്തിലും ഒരിക്കലും കുലദേശ ധർമങ്ങളെ ലംഘിക്കരുത്. കുലദേശ ധർമങ്ങളെ ലംഘിക്കുമ്പോൾ ധര്‍മത്തിനു ച്യുതിവന്ന് അധർമം വരികയും തന്നിമിത്തം നാശത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. 

ഇത്തരത്തിൽ ചിന്തിച്ചാൽ, വളരെ പൂർവികമായിട്ടുള്ളതും ധർമത്തിൽ അധിഷ്ഠിതമായതും സമൂഹത്തിനു നന്മവരുത്തുന്നതുമായ നല്ല ആചാര–അനുഷ്ഠാനങ്ങൾ തുടരുക തന്നെയാണു വേണ്ടതെന്നു മനസ്സിലാകും. 

ലേഖകന്റെ വിലാസം-

A.S. Remesh Panicker  

Kalarickel House, Chittanjoor P.O.  

Kunnamkulam, Thrissur Dist.  

Resi: 04885-220886, Mob: 9847966177   

Email:  remeshpanicker17@gmail.com