Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലകാലവ്രതം അറിയേണ്ടതെല്ലാം

വ്രതാനുഷ്ഠാനം

ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലകാലം ആരംഭിക്കുകയാണ്. വൃശ്ചികം ഒന്നുതുടങ്ങി 41 ദിവസമാണ് മണ്ഡലകാലം. ഭക്തിനിർഭരമായ  ശബരിമല തീർഥാടന നാളുകൾ. ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനം.

ശിരസ്സിൽ ഇരുമുടിക്കെട്ടും ഉള്ളിൽ ശരണമന്ത്രവുമായി കാനനവാസനായ അയ്യപ്പ ദർശനത്തിനായി വ്രതം അനുഷ്ഠിക്കുമ്പോൾ മനസ്സും ശരീരവും ഒരു പോലെ പരിശുദ്ധമായിരിക്കണം. മറ്റുള്ള വ്രതാനുഷ്ഠാനങ്ങളിൽനിന്നു തികച്ചും വിഭിന്നമാണ് 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാല വ്രതം അഥവാ വൃശ്ചിക വ്രതം. ശാസ്താപ്രീതികരമായ പ്രധാന വ്രതമാണിത്. ശനിദോഷശാന്തി, കലിയുഗദുരിതമോചനം എന്നിവയ്ക്ക് ഏറ്റവും ഉത്തമ മാർഗമാണ് വൃശ്ചികവ്രതമനുഷ്ഠിച്ചു മല ചവിട്ടുന്നത്.

വ്രതദിനങ്ങളിൽ സൂര്യോദയത്തിനു മുന്നേ കുളിച്ച് ശരണം വിളിച്ചശേഷം വേണം ആഹാരം കഴിക്കാൻ. സാധ്യമെങ്കിൽ നിത്യവും അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്താം. ശാസ്താ ക്ഷേത്രമാണെങ്കിൽ ശ്രേഷ്ഠമാണ്. മണ്ഡലകാലത്തുടനീളമുള്ള ക്ഷേത്രങ്ങളിലെ ഭജനകളിൽ പങ്കുചേരാവുന്നതാണ്.  വ്രതകാലയളവിൽ മത്സ്യ മാംസാദികൾ, ലഹരികൾ, ക്ഷൗരം, ഹിംസ, കോപം, വഞ്ചന, ശാപ വാക്കുകൾ, പരദൂഷണം, പഴിചാരൽ, നുണ എന്നിവ ഉപേക്ഷിക്കണം. ശരീരശുദ്ധി  പാലിക്കണം. ആഹാരകാര്യത്തിൽ നിയന്ത്രണം വേണം. പഴകിയ ഭക്ഷണങ്ങൾ പാടില്ല. വ്രതസമയത്ത് നീലയോ കറുപ്പോ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം. 

നിത്യവും കുറഞ്ഞത് 10 തവണയെങ്കിലും ശാസ്താപ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. ശാസ്താ പഞ്ചരത്നസ്തോത്രം വ്രതകാലത്ത് ജപിക്കുന്നത് ഉത്തമം. 

"ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര 

രക്ഷ രക്ഷാ മഹാബാഹോ ശാസ്തേ തുഭ്യം നമോ നമഃ"

കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്ന ചടങ്ങോടെയാണ് കാനനവാസനെ ദർശിക്കാൻ പുറപ്പെടുക. വീട്ടിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ കെട്ടുമുറുക്ക് നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ വേണം കെട്ടുനിറയ്ക്കൽ ചടങ്ങുകൾ നടത്താൻ. ഇരുമുടിക്കെട്ടു താങ്ങിയശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ചശേഷം വേണം യാത്ര തിരിക്കാൻ. 

വീട്ടിൽ കെട്ട് നിറയ്ക്കുമ്പോൾ ഉമ്മറത്ത് കുരുത്തോല ആലില , മാവില, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിച്ച പന്തൽ ക്രമീകരിക്കണം. പീഠത്തിൽ അലക്കിയ മുണ്ടുവിരിച്ച് കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ചിത്രം വെയ്ക്കണം. അതിനുമുന്നിലായി നിലവിളക്കു കൊളുത്തി ഗണപതിയൊരുക്കു വയ്ക്കണം . പുതിയ പായോ വിരിയോ  വിരിച്ച് വേണം കെട്ട്നിറയ്ക്കുള്ള  സാധനങ്ങൾ വെയ്ക്കാൻ. കെട്ടുമുറുക്കി കഴിഞ്ഞാൽ വീട്ടിലുളള മാതാപിതാക്കൾക്കും മുതിർന്നവർക്കും ദക്ഷിണ നൽകണം. അതിനു ശേഷം വേണം ഗുരുസ്വാമിക്ക് ദക്ഷിണ നൽകാൻ. 

കെട്ടു നിറച്ച് ഇറങ്ങുമ്പോൾ കഴുകിവൃത്തിയാക്കിയ കല്ല് മുറ്റത്തു വച്ച് അതിൽ കർപ്പൂരമോ തിരിയോ തെളിച്ചശേഷം ഗണപതിഭഗവാനെ മനസ്സിൽ ധ്യാനിച്ച്  മൂന്നു തവണ വലം വച്ച് തേങ്ങയുടച്ചു വീട്ടിലേക്കു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങണം.