Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുവായൂർ ഏകാദശിവ്രതം നോറ്റാൽ

Guruvayoorappan നവംബർ 19 തിങ്കളാഴ്ചയാണ് ഗുരുവായൂർ ഏകാദശി

കേരളത്തിൽ ആചരിക്കുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ഈ വർഷം നവംബർ 19 തിങ്കളാഴ്ചയാണ് ഗുരുവായൂർ ഏകാദശി വരുന്നത്.  ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. ദേവഗുരു ബൃഹസ്പതിയും വായുദേവനും പാതാളാഞ്ജനശിലയിൽ തീർത്ത  വിഗ്രഹം സ്ഥാപിച്ച ഇടം  ഗുരുവായൂരെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും നാമധേയം ലഭിച്ചു .വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു.  ഏകാദശികളിൽ ഏറ്റവും വിശിഷ്ടം  ഗുരുവായൂർ ഏകാദശിയാണ്. 

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഭഗവാൻ മഹാവിഷ്ണു  ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.  ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്.

എന്താണ് ഹരിവാസരസമയം?

ഏകാദശീ വ്രതകാലയളവിലെ ഏറ്റവും  പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം.

വ്രതാനുഷ്ഠാനം

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം  മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം  മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.

തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ മന്ത്രം ജപിക്കുക.

"പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ

ക്ഷീരോദ മഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം"

വിഷ്ണു സ്തോത്രം

"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം 

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം 

ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം 

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം"

മഹാമന്ത്രം

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

വിഷ്ണു ഗായത്രി 

"ഓം നാരായണായ വിദ്മഹേ 

വാസുദേവായ ധീമഹി 

തന്നോ വിഷ്ണുപ്രചോദയാത്."

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.

അഷ്‌ടാക്ഷരമന്ത്രം - 'ഓം നമോ നാരായണായ' 

ദ്വാദശാക്ഷരമന്ത്രം - 'ഓം നമോ ഭഗവതേ വാസുദേവായ'