Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യാത്രയ്ക്ക് കഠിനവ്രതം

വ്രതാനുഷ്ഠാനം

ശബരിമലയാത്ര വെറുമൊരു തീർഥാടനമല്ല.  ആചാരാനുഷ്ഠാനങ്ങൾ ഏറെ പാലിക്കേണ്ട കഠിനവ്രത തീർഥാടനമാണ്. ഒരു മണ്ഡലം മുഴുവൻ നിഷ്ഠയോടെ വ്രതമെടുക്കണം. മണ്ഡലം എന്നാൽ 41 ദിവസം.

 ഇത്രയും ദിവസത്തെ വ്രതത്തിലൂടെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി വേണം ശബരിമലയിലേക്കുള്ള യാത്ര പുറപ്പെടാൻ.ശബരിമല തീർഥാടനത്തിനു മുൻപ് 41 ദിവസത്തെ വ്രതം പൂർത്തിയാക്കണം. അയ്യപ്പന്റെ മുദ്രമാല അണിഞ്ഞാൽ ഭക്തനും സ്വാമിയായി. ഇക്കാലയളവിൽ തികച്ചും സാത്വികജീവിതമായിരിക്കണം. 

വെളുപ്പിനും സന്ധ്യയ്ക്കും- അങ്ങനെ ദിവസവും രണ്ടു നേരം കുളിക്കണം. അയ്യപ്പക്ഷേത്രത്തിലും ഗ്രാമക്ഷേത്രത്തിലും കുടുംബപരദേവതാക്ഷേത്രത്തിലും ദർശനം നടത്തി പ്രാർഥിക്കണം. പരിപൂർണമായ ബ്രഹ്മചര്യനിഷ്ഠ നിർബന്ധം. സസ്യാഹാരം മാത്രം. അതും അൽപം. 

മത്സ്യം, മാംസം, മദ്യം എന്നിവ പാടില്ല. മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. പകലുറക്കം പാടില്ല. ആഡംബരങ്ങൾ വേണ്ടെന്നുവയ്ക്കണം. ശരീരത്തിന്റെ ബാഹ്യസൗന്ദര്യത്തിലാകരുത് ശ്രദ്ധ.

 അതുകൊണ്ടാണു വ്രതകാലത്തു മുടി വെട്ടരുത്, ക്ഷൗരം ചെയ്യരുത് എന്നൊക്കെ പറയുന്നത്. ചെരിപ്പിടാതെ നടന്ന് കാനനയാത്രയ്ക്കു കാലിനെ പാകപ്പെടുത്താം. 

കാനനത്തിലെ യാത്രയ്ക്കു കറുത്തതോ കടുംനീലയോ വസ്ത്രമാണു നല്ലത്. അതുകൊണ്ട് സ്വാമിവേഷവും അതുതന്നെ. അഹിംസ, സത്യം തുടങ്ങിയ മൂല്യങ്ങളിൽ നിന്നു വിട്ടുപോകരുത്. അങ്ങനെ ആഹാരത്തിലും വേഷത്തിലും ചിന്തയിലും പ്രവൃത്തിയിലുമെല്ലാം വ്രതനിഷ്ഠ പാലിക്കേണ്ടത് അയ്യപ്പഭക്തന്റെ ധർമമാണ്.