Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വർഷത്തെ തൃക്കാർത്തിക വ്രതം അനുഷ്ഠിച്ചോളൂ, ഇരട്ടിഫലം!

കുമാരനല്ലൂർ ഭഗവതി കുമാരനല്ലൂർ ഭഗവതി

വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് ദേവിയുടെ ജന്മദിനം. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് നവംബർ 23 വെള്ളിയാഴ്ചയാണ്. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ  തെളിച്ചു പ്രാർഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്യ്രദു:ഖശമനത്തിനും കാരണമാകുന്നു. തൃക്കാര്‍ത്തിക ദിനത്തിൽ  ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവീപ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തിൽ തൃക്കാർത്തിക വരുന്നതിനാൽ ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്‌വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.

മനസ്സിലെ മാലിന്യങ്ങൾ നീക്കി കുടുംബത്തിൽ ഐശ്വര്യം നിറക്കുന്നതാണ് തൃക്കാർത്തികവ്രതം. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം.  വ്രതദിനത്തിൽ പൂർണ ഉപവാസം പാടില്ല .തൃക്കാർത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യമാംസാദികൾ, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക .കാർത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങൾ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക .അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം .അത് ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെങ്കിൽ അത്യുത്തമം . ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂർവം ജപിക്കുക .ദേവീക്ഷേത്ര ദർശനവും നന്ന്.  സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് കാർത്തിക വിളക്കു തെളിച്ചു ഭക്തിയോടെ ദേവീകീർത്തനങ്ങൾ ജപിക്കുക. പിറ്റേന്ന് രോഹിണിദിനത്തിലും വ്രതം അനുഷ്ഠിക്കണം. ഇങ്ങനെ മൂന്നു ദിവസം തെളിഞ്ഞ  മനസോടെ  വ്രതമനുഷ്ഠിച്ചു  പ്രാർഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തോടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. 

കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ദുരിതമോചനത്തിനും ഉത്തമമത്രേ തൃക്കാർത്തിക വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയുകയും  സർവ ദോഷങ്ങൾക്കും തടസങ്ങൾക്കും അറുതിയുണ്ടാവുകയും ചെയ്യും. നവരാത്രി വ്രതം പോലെ വിദ്യാർഥികൾ ഈ വ്രതം അനുഷ്ഠിക്കുന്നത് വിദ്യാപുരോഗതിക്ക്‌ കാരണമാവും.

വിഷ്ണുപൂജയിൽ ഏറ്റവും പ്രാധാന്യമുള്ള തുളസിയുടെ അവതാരം തൃക്കാർത്തിക ദിനത്തിലായിരുന്നു. പാലാഴിമഥന സമയത്ത് സർവ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി ആവിർഭവിച്ചത് വൃശ്ചികമാസത്തിലെ കാർത്തിക നാളിലെന്നാണ് വിശ്വാസം. ഉമാമഹേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യനെ എടുത്തുവളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ ദേവതയായ കൃതികമാർ ആണ്.അതിനാൽ തൃക്കാർത്തിക ദിവസം ദീപം തെളിച്ചു പ്രാർഥിച്ചാൽ മഹാദേവന്റെയും ദേവിയുടെയും സുബ്രഹ്മണ്യന്റെയും  മഹാവിഷ്ണുവിന്റെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു. 

പ്രശസ്തമായ കുമാരനല്ലൂർ തൃക്കാർത്തിക

കേരളത്തിലെ പഴയ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനല്ലൂർ . സുബ്രഹ്മണ്യനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്. കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാൾ‍ ദിനത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധമാണ്. ഉത്സവകാലത്ത് എല്ലാ ദിവസവും ദേവിക്ക് ആറാട്ടുണ്ടെന്നത് മറ്റെവിടെയും ഇല്ലാത്തൊരു പ്രത്യേകതയാണ്. കാർത്തിക നാളിലാണ് പള്ളിവേട്ടയും. 

ഒരിക്കൽ വൃശ്ചികത്തിലെ കാർത്തിക നാളിൽ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലിൽ വടക്കും നാഥനില്ലെന്ന്. ഭഗവാനെതേടി ക്ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോൾ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം തിരക്കിയ സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനെല്ലൂർ ദേവിയെ ദർശിക്കാൻ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാർത്തിക നാളിൽ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്.

ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, എന്നിവയ്ക്ക്  നാലമ്പലത്തില്‍ പ്രവേശനമില്ല . ഭദ്രദീപം തെളിയിക്കൽ ,മഞ്ഞളഭിഷേകം എന്നിവ പ്രധാനമാണ്.

ദേവീ ധ്യാനം

മിന്നും പൊന്നിൽ ചിലമ്പും മണിമയ വിലസൽ കാഞ്ചിയും നല്ല പട്ടും

പൊന്നും രത്നങ്ങളും ചേർത്തധികതര ലസന്മാലകേയൂരമംഗേ

കുന്നിൻ കന്യേ  മണിക്കാതില  കനകകിരീടം ധരിച്ചോരു ദേവീ 

എന്നും മംഗല്യമേകീടണമതിനു  തൊഴാം ശ്രീകുമാരാലയേശേ