Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുദശ ദോഷമെങ്കിലും മധ്യകാലം നല്ലത്

rahu

ജാതകം പരിശോധിക്കുമ്പോൾ മറ്റു ഗ്രഹങ്ങളുടെ ദശാഫലത്തിനെ അപേക്ഷിച്ച് വളരെ പ്രത്യേകതയുള്ള ദശയാണു രാഹുദശ. ചൊവ്വാദശ കഴിഞ്ഞാൽ രാഹുദശ കിട്ടും. വിപരീത ദിശയിൽ സഞ്ചരിക്കുന്നതും തമോഗ്രഹവുമായ രാഹുവിന്റെ ദശാഫലം ധാരാളം പേർക്ക് അനുഭവത്തില്‍ വരാറുമുണ്ട്. മാനസികമായി സംഘർഷമുണ്ടാക്കുന്നതും ബുദ്ധിയെയും പ്രവൃത്തിയെയും വിപരീത ദിശയിൽ കൊണ്ടുപോകുന്നതുമായ ഈ ദശയുടെ കാലഘട്ടം 18 വർഷമാണ്. രാഹുദശയുടെ ഗുണ–ദോഷ ഫലങ്ങളെക്കുറിച്ചും പ്രതിവിധിയെ ക്കുറിച്ചും സാമാന്യമായി  വിലയിരുത്താം.

ഓരോ ഗ്രഹത്തിനും ഓരോ സ്വഭാവമുണ്ട്. രാഹുവിന്റെ സ്വഭാവത്തെക്കുറിച്ച് ഫലദീപിക എന്ന ജ്യോതിഷ ഗ്രന്ഥത്തിൽ പറയുന്നത് ഇങ്ങനെ:

‘നീലദ്യുതിർദീഘതനുഃ കുവർണഃ

പാമീ ച പാഷണ്ഡമതസ്സഹിക്കഃ

അസത്യവാദീ കപടീ ച രാഹുഃ

കുഷ്ഠീ പരാന്നിന്ദതി ബുദ്ധിഹീനഃ”

രാഹു കറുത്ത കാന്തിയോടും നീണ്ട ശരീരത്തോടും കുത്സിതമായ വർണത്തോടും ചൊറി, ചിരങ്ങ്, ത്വക്ക് രോഗം മുതലായ അസുഖങ്ങളോടു കൂടിയതും ഈശ്വര ഭക്തിയോടു കൂടാത്തതും അസത്യസംഭാഷണത്തോടും കപടമായ സ്വഭാവത്തോടും കൂടിയതും മറ്റുള്ള ആളുകളാൽ നിന്ദിക്കപ്പെടുന്നതും ബുദ്ധിഹീനതയോടു കൂടിയതുമായിരിക്കും. ദശാഫലം നോക്കുമ്പോൾ രാഹുവിന്റെ പൊതുസ്വഭാവമായ ഇത്തരം കാര്യങ്ങളെകുറിച്ചെല്ലാം ചിന്തിക്കാവുന്നതാണ്. ഇത്തരം സ്വഭാവം അനുഭവത്തിൽ വരാവുന്നതുമാണ്.

രാഹുദശയെക്കുറിച്ച് ചിന്തിക്കുവാൻ നിരവധി നിയമങ്ങൾ വിവിധ ഗ്രന്ഥങ്ങളിലായി പറയുന്നുണ്ട്. ഒറ്റനോട്ടത്തില്‍ രാഹുദശയെ ക്കുറിച്ചു മോശമായി പറയാമെങ്കിലും എല്ലാ ഗുണങ്ങളോടും കൂടി നല്ല സ്ഥാനത്തു രാഹു നിൽക്കുമ്പോൾ വളരെ ഉയർന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. രാഹുദശയെ 3 ഘട്ടമായിട്ടാണു തരംതിരിച്ചിട്ടുള്ളത്. ആദ്യത്തെ 6 വർഷവും അവസാനത്തെ 6 വർഷവും ദോഷകാലവും മധ്യം 6 വർഷം നല്ല കാലമായിരിക്കുമെന്നും പറയുന്നു. ഈ ദശയുടെ മാത്രം ഒരു പ്രത്യേകതയും കൂടിയാണിത്.

രാഹുവിന് 3, 6, 11 ഭാവങ്ങള്‍ ഇഷ്ട ഭാവങ്ങളും ബാക്കിയെല്ലാം അനിഷ്ട ഭാവങ്ങളുമാണ്. ഏതു ഗ്രഹത്തോടു രാഹു ചേർന്നു നിൽക്കുന്നു ആ ഗ്രഹത്തിന്റെ സ്വഭാവവും രാഹു നിൽക്കുന്ന രാശിനാഥന്റെ സ്വഭാവവും ശനിയുടെ സ്വഭാവവും കൂടി യോജിപ്പിച്ച് വേണം രാഹുദശയുടെ ഫലം അന്തിമമായി വിലയിരുത്തുവാൻ.

പാപഗ്രഹങ്ങളുടെ രാശിയിൽ, അനിഷ്ടഭാവത്തിൽ, നീചസ്ഥനും ശത്രുക്ഷേത്രസ്ഥനുമായ ഗ്രഹത്തിനോടും പാപഗ്രഹത്തിന്റെ ദൃഷ്ടിയോടും യോഗത്തോട് കൂടിയതുമായ രാഹുവിന്റെ ദശയിൽ പൊലീസ്, കോടതി മുതലായ കാര്യങ്ങളിൽ ഏർപ്പെടേണ്ടിവരിക, അഗ്നി, വിഷം, ആയുധം മൂലമുണ്ടാകുന്ന കഷ്ടതകൾ, മാനസികമായ അസ്വസ്ഥത, വേണ്ടപ്പെട്ട ആളുകൾ വിരോധികളാവുക, അപമാനം, അപവാദം, സ്ഥാനഭ്രംശം എന്നിവയും പലവിധേനയുള്ള നഷ്ടങ്ങളും ജോലി സംബന്ധമായി ഉണ്ടാകുന്ന ബുദ്ധിമുട്ടും, ദാമ്പത്യ സുഖക്കുറവ്, സന്താനക്ലേശം തുടങ്ങിയ ദോഷഫലങ്ങളും പഠിക്കുന്ന കുട്ടികളിൽ പഠിപ്പിൽ വേണ്ടപോലെ ശ്രദ്ധിക്കാൻ പറ്റാതെ വന്ന് മാർക്ക് കുറയുകയും വേണ്ടാത്തരീതിയിലുള്ള ബന്ധങ്ങളെ കൊണ്ട് ദുഷ്കീർത്തി സംഭവിക്കാനും സാധ്യതയുണ്ട്.

രോഗവിഷയത്തിൽ കാല്, കണ്ണ്, വയറ്, ത്വക്ക്, ഞരമ്പ് എന്നീ അവയവങ്ങളെ സംബന്ധിക്കുന്ന അസുഖങ്ങളും കൂടാതെ പ്രമേഹം, ചുമ, ക്ഷയം, മൂത്രതടസ്സം മുതലായ രോഗങ്ങളും ഉണ്ടാകാം.

ഇങ്ങനെയൊക്കെയാണെങ്കിലും രാഹുവിന് സകല അരിഷ്ടതകളെയും ഇല്ലാതാക്കുവാനുള്ള ശക്തിയുമുണ്ട്. രാഹുവിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു ശ്ലോകം ഇങ്ങനെ:

‘രാഹുസ്ത്രിഷഷ്ഠലാഭേ 

ലഗ്നാൽ സൗമ്യൈർന്നിരീക്ഷിതസ്സദ്യഃ

നാശയതി സർവദുരിതം 

മാരുത ഇവ തൂലസംഘാതം” (സാരാവലി)

ജാതകത്തിൽ ലഗ്നാൽ രാഹു മൂന്നാമിടത്തോ ആറാമിടത്തോ പതിനൊന്നാമിടത്തോ ശുഭഗ്രഹ ദൃഷ്ടിയോടു കൂടി നിന്നാൽ കാറ്റുവന്നു പഞ്ഞിക്കൂട്ടത്തെ മാറ്റുന്നതു പോലെ സകല അരിഷ്ടതകളും ഉടനെ തീരുമെന്നും പറയുന്നു. രാഹുവിന് ‘അമൃത’ത്തിന്റെ കാരകത്വവുമുണ്ട്.

ബലമുള്ള രാശികളിൽ ഇഷ്ടഭാവങ്ങളായ 3, 6, 11 ഭാവങ്ങളിൽ രാഹു ബലവാനായ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളില്‍ നിന്നാൽ രാജതുല്യമായ ഐശ്വര്യം, ജോലിയിൽ ഉയർച്ച, കുടുംബസുഖം, ഇളക്കം വരാത്ത ധനലാഭം, വലിയ കീർത്തി, സന്താനങ്ങൾക്ക് ഉയർച്ച, വാഹനം മുതലായ ഗുണഫലങ്ങൾ ഉണ്ടാകുമെന്നും പറയുന്നുണ്ട്. കന്നി, മീനം, വൃശ്ചികം, കർക്കടകം, മേടം, ഇടവം, കുംഭം എന്നീ രാശികൾ രാഹുവിനു ബലമുള്ളതുമാണ്. എന്തൊക്കെയാണെങ്കിലും 18 വർഷമുള്ള രാഹുദശയിൽ എപ്പോഴെങ്കിലും രാഹുവിനെക്കുറിച്ചു മുൻപു സൂചിപ്പിച്ച മോശമായ സ്വഭാവം കുറച്ചെങ്കിലും പ്രകടിപ്പിക്കുവാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ച് പോകുന്നതു നന്നായിരിക്കും.

ദോഷപരിഹാരമായി ഏർപ്പെടുന്ന കാര്യങ്ങളിൽ വളരെ ശ്രദ്ധ കൊടുക്കുകയും ശിവക്ഷേത്രത്തിൽ വഴിപാടുകള്‍ കഴിക്കുകയും നാഗങ്ങളെ പ്രത്യേകം ആരാധിക്കുകയും വേണം. രാഹുദശാദോഷപരിഹാരത്തിന് ഏതു മതസ്ഥർക്കും അവരവരുടെ ആരാധനാലയങ്ങളിൽ പ്രാർഥിക്കാം. രത്നം ധരിക്കുവാൻ ആഗ്രഹിക്കുന്നവർ ‘ഗോമേദകം’ ആണു ധരിക്കേണ്ടത്.

ലേഖകന്റെ വിലാസം:

A.S. Remesh Panicker

Kalarickel House, Chittanjoor P.O.

Kunnamkulam, Thrissur Dist.

Mob: 9847966177

Email: remeshpanicker17@gmail.com