Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾ എന്നെ ബാധിക്കാറില്ല, കാരണമുണ്ട്..: ഊർമ്മിള ഉണ്ണി

 Urmila Unni

വിശ്വാസം ഓരോരുത്തർക്കും ഓരോ രീതിയിലുണ്ടാകും. ഒന്നിലും വിശ്വാസമില്ലെന്നു പറയുന്നവരും കുറവല്ല. എന്നാൽ വിശ്വാസമുള്ളവർ പോലും അതിനെക്കുറിച്ച് തുറന്നുപറയാൻ പലപ്പോഴും മടി കാട്ടാറുണ്ട്. എന്നാൽ ഇക്കൂട്ടരിൽ നിന്നൊക്കെ വ്യത്യസ്തയാകുകയാണ് ചലച്ചിത്രനടി ഊർമ്മിള ഉണ്ണി. ഗണപതിയോടുള്ള കടുത്ത ആരാധനയെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും മനോരമ ഓൺലൈനോടു സംസാരിക്കുകയാണ് ഊർമ്മിള ഉണ്ണി.

ഞാൻ ഗണേശഭക്ത...

ഒരു കലാകാരി എന്ന നിലയ്ക്കാണ് ഗണപതിയോടുള്ള ഇഷ്ടം തുടങ്ങിയത്. ഹൈന്ദവ ദൈവങ്ങളിൽ മഹാദേവനെയും കൃഷ്ണനെയും അപേക്ഷിച്ച് ഒരുപാട് ഭാവങ്ങളുള്ള ദൈവമാണ് ഗണപതി. ഹിന്ദിയിലും സംസ്‌കൃതത്തിലുമായി  32 ധ്യാന ശ്ലോകങ്ങൾ ഗണപതിക്കുണ്ട്. 108 കരണങ്ങളിലും ഗണപതിയുണ്ടെന്നാണ് പറയപ്പെടുന്നത്. ചിത്രകലയിൽ താൽപര്യമുള്ള വ്യക്തിയായതിനാൽ ഗണപതിയെ നർത്തനരൂപത്തിലും സിംഹത്തിന്റെ പുറത്തിരിക്കുന്ന രൂപത്തിലുമൊക്കെ ചിത്രീകരിക്കാമെന്ന പ്രത്യേകതയുണ്ട്. ഒട്ടുംതന്നെ ശുണ്ഠിയില്ലാത്ത ഭഗവാനെ ഒരു കളിക്കൂട്ടുകാരനെന്നപോലെ നമുക്ക് കാണാൻ സാധിക്കും. ക്ഷേത്രങ്ങളുടെ മുന്നിലായി വീടുപണിയരുതെന്നും മറ്റും നമ്മൾ കേട്ടിട്ടുണ്ടല്ലോ .എന്നാൽ അങ്ങനെ ഒരു നിഷ്കർഷയുമില്ലാത്ത ഭക്തവത്സലനാണ്  ഗണപതി.  

ഏകദേശം 1992 കാലയളവിലാണ് എനിക്ക് ഗണപതി ഭക്തി ആരംഭിക്കുന്നത്. ഒരിക്കൽ തമിഴ്‌നാട്ടിലെ മഹാബലിപുരത്തുകൂടെ യാത്ര ചെയ്യുമ്പോൾ,  ഇരിക്കുന്നതും കിടക്കുന്നതും പുസ്തകം വായിക്കുന്നതും നൃത്തം ചെയ്യുന്നതുമായ കുറെ മനോഹര ഗണേശഭാവങ്ങൾ ശിൽപികൾ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നതു കാണാനിടയായി. കലാകാരി എന്ന നിലയിൽ എന്നെ വളരെയധികം ആകർഷിച്ച ഒന്നായിരുന്നു അത്. ഗണപതിക്ക്‌ ഇത്രയും ഭാവങ്ങൾ ഉണ്ടോ എന്നുപോലും ഞാൻ അത്ഭുതപ്പെട്ടു. ആ നിമിഷം തന്നെ പത്തു ഗണപതി വിഗ്രഹം വാങ്ങി. ഗണേശ വിഗ്രഹങ്ങളോടുള്ള അഭിനിവേശത്തിന്റെ  ഒരു തുടക്കമായിരുന്നു അതെന്നു വേണമെങ്കിൽ പറയാം. 

urmila-04

ഗണപതിവിഗ്രഹങ്ങളാൽ നിറഞ്ഞ വീട്...

ഗണേശവിഗ്രഹങ്ങൾ സമ്മാനമായോ അല്ലാതെയോ ലഭിക്കുന്നത് വളരെയധികം ഭാഗ്യമാണ്. ഓരോ തവണ ലഭിക്കുമ്പോഴും ഭഗവാന്റെ അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഭഗവൽ വിഗ്രഹങ്ങൾ പൊടിപിടിച്ചിരിക്കുന്നതു എനിക്ക് സങ്കൽപ്പിക്കാനാകുമായിരുന്നില്ല. കഴിവതും ഞാൻ പരിപാലിച്ചു പോന്നിരുന്നു. ഒരുപരിധി കഴിഞ്ഞപ്പോൾ കോട്ടയത്തെ ഗണപതി ക്ഷേത്രമായ സൂര്യകാലടി മനയിൽ വിഗ്രഹങ്ങൾ സമർപ്പിക്കുകയുണ്ടായി. അവിടെ നിത്യവും ഗണേശപൂജയും മറ്റുമുണ്ടുതാനും.

ഞാൻ ഒരു ഗണപതി ഉപാസക...

നിത്യവും ഗണേശപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാറുണ്ട്. ഞാൻ ഒരു ഗണപതി ഉപാസകയാണ്. ഇപ്പോൾ ഗണേശസഹസ്രനാമം ജപിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്മയും  ചേച്ചിയും സംയുക്തയും ഉൾപ്പെടെ കുടുംബത്തിൽ എല്ലാവരും വിഷ്ണുസഹസ്രനാമവും ലളിതാസഹസ്രനാമവും ജപിക്കാറുണ്ട്. മറ്റുള്ള സഹസ്രനാമങ്ങളെ അപേക്ഷിച്ച് കഠിനമാണ് ഗണേശസഹസ്രനാമം. പല തവണ കേട്ടുകേട്ട് വേണം ഹൃദിസ്ഥമാകാൻ.

urmila-03

ക്ഷേത്രദർശനം എന്ന ഭാഗ്യം...

മിക്ക മഹാക്ഷേത്രങ്ങളിലും പോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. സിനിമാക്കാർക്ക് ലഭിക്കുന്ന ഒരു ഭാഗ്യമുണ്ട്, വെറുതെയിരിക്കുമ്പോൾ ഒരു കോൾ വരും " ഇന്ന സ്ഥലത്തു ഇന്ന ക്ഷേത്രത്തിൽ കൊടിയേറ്റ് ദിനത്തിൽ വേദിയിൽ ദീപം തെളിക്കാനോ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാനോ ക്ഷണിച്ചു കൊണ്ടുള്ള കോളുകൾ". ഇങ്ങനെ ഒരു കൊല്ലം ഒരുപാട് പുതിയ ക്ഷേത്രങ്ങളിൽ  പോകാൻ സാധിക്കാറുണ്ട്‌. കലാപരിപാടികൾക്കു മാത്രമല്ല ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് സംസാരിക്കുവാനും  ക്ഷണിക്കാറുണ്ട്. പൊതുവായി പ്രാർഥനകളെക്കുറിച്ചും  മന്ത്രങ്ങളെക്കുറിച്ചും  സംസാരിക്കുന്നതിനാൽ ആളുകൾക്ക് കേട്ടിരിക്കാൻ ഇഷ്ടമാണെന്നാണ് വിശ്വാസം. എനിക്ക് അറിയാവുന്ന അറിവുകൾ  മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിയുന്നത്  വലിയ ഒരു അനുഗ്രഹമായി കരുതുന്നു.   

എല്ലാം ഭഗവാന്റെ അനുഗ്രഹത്തിന്...

ഗണേശഭക്തയായതിനാൽ  പുതിയ സംരംഭങ്ങളുടെ  ഉദ്ഘാടകയായി ക്ഷണം ലഭിക്കാറുണ്ട്." ഊർമിളാ  ഉണ്ണി ഒരു ഗണപതി ഭക്തയായതുകൊണ്ട് നമ്മുടെ സ്ഥാപനത്തിന് വേണ്ടി പ്രാർഥിക്കാനും ഗണപതിയുടെ അനുഗ്രഹമുണ്ടാവാനും അഭ്യർഥിക്കുന്നു" എന്ന് ചില സംഘാടകർ പറയും. ഇത് കേൾക്കുമ്പോൾ തോന്നാം ഞാൻ എന്താ ഗണപതി ഭഗവാന്റെ പി.എ ആണോന്ന്. പറഞ്ഞു വന്നത് ഇവർ എത്രമാത്രം വിശ്വാസത്തോടെ ആണ് എന്നെ സമീപിക്കുന്നത് എന്നതാണ്. അതിനാൽ എന്നാൽ കഴിയാവുന്ന രീതിയിൽ അഭ്യർഥന സ്വീകരിക്കാറുണ്ട്. പരിചയമുള്ളവരോട് നാളെന്താണെന്നു തിരക്കിയിട്ടു വീട്ടിൽ തന്നെ പുഷ്‌പാഞ്‌ജലി സമർപ്പിക്കാറുമുണ്ട്. ഏതു പരിപാടിക്കിറങ്ങുന്നതിനും മുൻപും വീട്ടിലെ ഗണപതിക്ക്‌ മുന്നിൽ വിളക്ക് തെളിച്ച് പ്രാർഥിച്ചിട്ടേ ഇറങ്ങാറുള്ളു. 

വീട്ടിലെ പൂജാമുറി...

പൂജാമുറി എന്നൊരു സങ്കല്പം എനിക്കില്ല. വീട് മുഴുവൻ ഭഗവാന്മാരാണ്, അപ്പോൾ ഒരു ഗണപതിക്ക്‌ പ്രത്യേകമായി വിളക്ക് തെളിക്കാൻ സാധിക്കില്ലല്ലോ. വീട്ടിൽ അനുയോജ്യമായ ഒരു സ്ഥലത്തു മേശമേൽ വിളക്ക് കൊളുത്തി പ്രാർഥിക്കാറാണ് പതിവ്. എല്ലാ വർഷവും വീട്ടിൽ ഗണപതി ഹോമം സമർപ്പിക്കും, കൂടാതെ ഇടയ്ക്കു ഗണപതി പൂജകളും നടത്താറുണ്ട് .

urmila-06

ബാല്യത്തിലെ വിശ്വാസം...

പതിനാറുകെട്ടുള്ള നെടുമ്പറത്ത് കൊട്ടാരത്തിലാണ് ജനിച്ചത്. മഹാസുദർശനം കുഴിച്ചിട്ടിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു മുറി ഈ കൊട്ടാരത്തിൽ ഉണ്ട്. കൊട്ടാരത്തിലെ എല്ലാ സ്ത്രീകളും പ്രസവിക്കുന്നത് ഈ മുറിയിലാണ്. അവിടെ പിറന്നു വീഴുന്ന കുട്ടികൾക്ക് എല്ലാ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമത്രേ.. 

പോസിറ്റിവിറ്റി ഉണ്ടാക്കുന്ന മന്ത്രങ്ങൾ...

നിത്യവും മഹാസുദർശന മന്ത്രം ജപിക്കാറുണ്ട്. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ മഹാസുദർശന മന്ത്രം ജപിക്കുന്നത് നല്ലതാണ്. അതിനാൽ  ജീവിതത്തിൽ എന്തൊക്കെ അപവാദങ്ങൾ ഉണ്ടായാലും ഒന്നും എന്നെ ബാധിക്കാറില്ല. എല്ലാക്കാര്യങ്ങളും പോസിറ്റീവ് ആയി കാണാനാണ്   ആഗ്രഹിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ വളരെ ലാഘവത്തോടെ  നിൽക്കാൻ ഈ ജപങ്ങളും ഉപാസനകളും വളരെയധികം സഹായിച്ചിട്ടുണ്ട്. ഒരു അപവാദങ്ങളും എന്നെ വേദനിപ്പിക്കാറില്ല. മനസ്സിരുത്തി മന്ത്രങ്ങൾ ജപിച്ചു കഴിഞ്ഞാൽ നമുക്കുചുറ്റും എപ്പോഴും ഒരു പോസിറ്റീവ് ഔറ ഉണ്ടാവും. ഈ ഔറ നമ്മുടെ മനഃശക്തിയാൽ നാം തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്.

urmila-02

എന്നെക്കാൾ ഭക്ത മകൾ...

എന്നേക്കാൾ ഭക്തയാണ് മകൾ. ഉത്തരയെ കാണുബോൾ പുതിയതലമുറയിലെ കുട്ടിയാണെന്ന് തോന്നുമെങ്കിലും ഉത്തമഭക്തയാണ്.  ഈ പ്രായത്തിൽ തന്നെ അവൾക്കു ചുറ്റും ഒരു പോസിറ്റീവ് ഔറ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വിഷ്ണു സഹസ്രനാമമൊക്കെ ജപിക്കുന്നത് കേട്ടാൽ അതിൽ ലയിച്ചു നിന്ന് പോവും . അത്രയ്ക്ക് ഭംഗിയോടെയും ഭക്തിയോടെയുമാണ് മോളിതു ജപിക്കുന്നത്. ഉത്തരയുടെ അടുത്ത് നൃത്തം പഠിക്കാൻ വരുന്ന കുട്ടികളെയെല്ലാം നാമം ജപിക്കാൻ പഠിപ്പിക്കാറുണ്ട്. ഞാൻ ചെറിയ നാമങ്ങളും മന്ത്രങ്ങളുമാണ് ജപിക്കുക എന്നാൽ ഉത്തര ദീർഘമായ  മന്ത്രങ്ങൾ ജപിച്ചു പോരുന്ന ഒരു കുട്ടിയാണ്. ഊർമിള പറഞ്ഞുനിർത്തി...

ഉത്തമ ഗണേശഭക്തയായ ഊർമിള ഉണ്ണി ഗണപതിയെക്കുറിച്ചു ബൃഹത്തായ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഏകദേശം 18 അധ്യായത്തോളം പൂർത്തിയായി കഴിഞ്ഞു. ഗണപതിയെ കുറിച്ച് മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ പുസ്തകമായിരിക്കും ഇത്. ഗണപതി ഭഗവാന്റെ അനുഗ്രഹത്താൽ ഈ പുസ്തക രചന ഒരു നിയോഗമായി കരുതുന്നതായും ഊർമ്മിള പറയുന്നു