Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം; ഗുണഫലങ്ങൾ കൂട്ടാൻ അനുഷ്ഠിക്കേണ്ടവ, സമ്പൂർണ ദോഷപരിഹാരം

പുതുവർഷം

2019 പൊതുവെ എല്ലാവർക്കും ശുഭഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പുതുവർഷഫലം പൊതുവെ അനുകൂലമാണെങ്കിലും ഗ്രഹനിലയിൽ ദോഷമുണ്ടെങ്കിൽ ഉത്തമഫലങ്ങൾ അനുഭവത്തിൽ വരണമെന്നില്ല. ദോഷഫലങ്ങൾ കുറയ്ക്കാനും സദ്‌ഫലങ്ങൾ അനുഭവത്തിൽ വരാനും ഓരോ നക്ഷത്രജാതരും ചില കർമ്മങ്ങൾ അനുഷ്ഠിക്കണം.

അശ്വതി 

അശ്വതി നക്ഷത്രജാതർ പുതുവർഷത്തിൽ വിഷ്ണുവിനെയും ദേവിയെയും പ്രീതിപ്പെടുത്തണം. പക്കപ്പിറന്നാൾ തോറും ദേവീക്ഷേത്രത്തിൽ രക്തപുഷ്പ്പാഞ്ജലി സമർപ്പിക്കുന്നത് ഉത്തമം. ശിവന് പിൻവിളക്കു സമർപ്പിക്കുന്നത് ദാമ്പത്യ ഭദ്രതയ്ക്ക് ഉത്തമമാണ്. വ്യാഴാഴ്ച തോറും കദളിപ്പഴം, വെണ്ണ എന്നിവ വിഷ്ണുക്ഷേത്രത്തിൽ സമർപ്പിക്കാവുന്നതാണ്. നിത്യവും വിഷ്ണുഗായത്രിജപം നന്ന്.

ഭരണി 

ഭരണി നക്ഷത്രജാതർ കുടുംബ ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കണം . പക്കപ്പിറന്നാൾ    തോറും ശിവന് ജലധാര അന്നദാനം എന്നിവ ഉത്തമം . ചൊവ്വാ വെള്ളീ ദിനങ്ങളിൽ ലളിതാസഹസ്രനാമജപം നടത്തുന്നത് ദോഷകാഠിന്യം കുറയ്ക്കും .

കാർത്തിക 

കാർത്തിക നക്ഷത്രജാതർ ഗണേശപ്രീതി വരുത്തണം . കറുകമാല , ഉണ്ണിയപ്പ നിവേദ്യം എന്നിവ സമർപ്പിക്കുക. വെള്ളിയാഴ്ച തോറും  ദേവീക്ഷേത്രങ്ങളിൽ രക്തപുഷ്പ്പാഞ്ജലി വഴിപാട് നടത്തുന്നതും നന്ന്.

രോഹിണി 

രോഹിണി നക്ഷത്രജാതർ പക്കപ്പിറന്നാൾ തോറും ശിവ ക്ഷേത്രത്തിൽ ജലധാര വഴിപാട് നടത്തുക .  കൃഷ്ണപ്രീതിക്കായി തുളസിമാല ,തൃക്കൈവെണ്ണ , കദളിപ്പഴം എന്നിവ സമർപ്പിക്കുക.

മകയിരം 

നിത്യവും സുബ്രഹ്മണ്യനെ ഭജിക്കുക ,ഭഗവാൻ ശിവനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് മൃത്യുഞ്ജയമന്ത്രം ജപിക്കുക.

തിരുവാതിര  

തിരുവാതിര നക്ഷത്രജാതർ വിഷ്ണുവിനെയും ശിവനെയും ഭജിക്കണം .  പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഉത്തമം . വ്യാഴാഴ്ചതോറുമോ പക്കപ്പിറന്നാൾ  തോറുമോ വിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്തഅർച്ചന നടത്തുക. നിത്യവും അഷ്ടലക്ഷ്മീ സ്തോത്രം ജപിക്കാവുന്നതാണ്.  

പുണർതം 

പുണർതം നക്ഷത്രജാതർ സൂര്യക്ഷേത്രദർശനം നടത്തുന്നതും നെയ്‌വിളക്ക് സമർപ്പിക്കുന്നതും നന്ന് , ശിവന് ജലധാര വിശേഷമാണ്.

പൂയം 

പൂയം നക്ഷത്രജാതർ ഭവനത്തിൽ ഗണപതിഹോമവും  ,ഭഗവതിസേവയും നടത്തുക . വ്യാഴാഴ്ച തോറും വിഷ്ണുവിന് പാൽപ്പായസം വഴിപാട്  ഉത്തമമാണ്. തുളസിമാല ,താമരപ്പൂവ് എന്നിവ വിഷ്ണുക്ഷേത്രത്തിൽ സമർപ്പിക്കുന്നത് നന്ന് .

ആയില്യം

ആയില്യം നക്ഷത്രജാതർ ദേവീ പ്രീതി വരുത്തണം കൂടാതെ ശാസ്താവിന് നീലപ്പട്ട് , നീല ശംഖുപുഷ്പം കൊണ്ടുള്ള മാലയോ പുഷ്‌പാഞ്‌ജലിയോ സമർപ്പിക്കുക.  നിത്യവും നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം.

   

മകം

മകം നക്ഷത്രജാതർ പക്കപ്പിറന്നാൾ തോറും  വിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി സമർപ്പിക്കുക.

പൂരം

പൂരം നക്ഷത്രജാതർ വിഘ്‌നനിവാരണത്തിനായി ഗണപതിഹോമം , മുക്കുറ്റി പുഷ്‌പാഞ്‌ജലി എന്നിവ നടത്തുക .  പ്രദോഷവ്രതം അനുഷ്ഠിക്കുക.

ഉത്രം 

ഉത്രം നക്ഷത്രജാതർ ശാസ്താപ്രീതിയും ദേവീ പ്രീതിയും വരുത്തുക .അയ്യപ്പന് നീരാഞ്ജനവും ദേവിക്ക് കടുംപായസം വഴിപാടും ഉത്തമം.  ആയുർസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് ഉത്തമം . 

അത്തം 

അത്തം നക്ഷത്രജാതർ ആയില്യപൂജ നടത്തുന്നതും ഗണപതിക്ക്‌ കറുകമാല സമർപ്പിക്കുന്നതും നന്ന് . ഭഗവാൻ വിഷ്ണുവിന് പാലഭിഷേകം നടത്തുക. 

ചിത്തിര  

ചിത്തിര നക്ഷത്രജാതർ സുബ്രഹ്മണ്യസ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി സമർപ്പിക്കുക. നിത്യവും ഗണപതിയെ  വന്ദിക്കുകയും ഗണേശപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുക.

ചോതി

ചോതി നക്ഷത്രക്കാർ വ്യാഴത്തിന്റെ ഗുണാനുഭവങ്ങൾ ലഭ്യമാവാൻ  മഹാവിഷ്ണുപ്രീതി വരുത്തുക . ഹനുമാൻസ്വാമിക്ക് വെറ്റിലമാല , ഗണപതിക്ക്‌ ഉണ്ണിയപ്പം , കറുകമാല എന്നിവ സമർപ്പിക്കുക .

വിശാഖം

വിശാഖം നക്ഷത്രജാതർ മഹാവിഷ്ണുപ്രീതിക്കായി വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക . ഭഗവാന് മഞ്ഞപ്പട്ട്, തുളസിമാല ,കദളിപ്പഴം എന്നിവ സമർപ്പിക്കുന്നതും ഉത്തമം. 

അനിഴം 

അനിഴം നക്ഷത്രജാതർ ശനിപ്രീതി വരുത്തണം. ശാസ്താവിന് നീരാഞ്ജനം , കറുത്ത പട്ട് എന്നിവ സമർപ്പിക്കുക . എള്ളുതിരി കത്തിക്കുന്നതും ഉത്തമമാണ് നവഗ്രഹ പ്രതിഷ്ഠയ്ക്കുള്ള ക്ഷേത്രദർശനം നടത്തി ശനിദേവന് പ്രത്യേക വഴിപാട് സമർപ്പിക്കുക. 

തൃക്കേട്ട

തൃക്കേട്ട നക്ഷത്രജാതർ സുബ്രഹ്മണ്യനെയും ശാസ്താവിനേയും മഹാവിഷ്ണുവിനേയും പ്രാർഥിക്കുക . ഈ പ്രതിഷ്ഠയുള്ള ക്ഷേത്ര ദർശനവും ഉത്തമ ഫലം നൽകും . ഏകാദശി വ്രതം  അനുഷ്ഠിക്കുന്നതും നന്ന്.

മൂലം 

മൂലം നക്ഷത്രജാതർ ശിവന് കൂവളമാല ,  മഹാവിഷ്ണുവിനു പാൽപ്പായസം എന്നിവ പക്കപ്പിറന്നാൾ തോറും സമർപ്പിക്കുക .ഗണപതിഹോമം നടത്തുന്നതും സദ്‌ഫലങ്ങൾ നൽകും.

പൂരാടം

പൂരാടം നക്ഷത്രജാതർ ഹനുമാനെയും ശാസ്താവിനേയും പ്രീതിപ്പെടുത്തുക . ഹനുമാൻ സ്വാമിക്ക് നെയ്‌വിളക്ക് , വെറ്റിലമാല ശാസ്താവിന് എള്ളുപായസം എന്നിവ സമർപ്പിക്കുക. 

ഉത്രാടം 

ഉത്രാടം നക്ഷത്രജാതർ ശ്രീരാമപ്രീതി വരുത്തണം. ശ്രീരാമ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക .

തിരുവോണം 

തിരുവോണം നക്ഷത്രജാതർ ദേവിയെയും വിഷ്ണുവിനെയും ഭജിക്കണം . ലളിതാസഹസ്രനാമം ജപിക്കുന്നതും നന്ന്. വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല, തൃക്കൈവെണ്ണ എന്നിവ സമർപ്പിക്കുക. 

അവിട്ടം

അവിട്ടം നക്ഷത്രജാതർ  ശിവനെയും ശാസ്താവിനേയും ഭജിക്കുക , ശനിയാഴ്ചവ്രതം അനുഷ്ഠിക്കുക , എള്ള് കലർന്ന ചോറ് കാക്കയ്ക്ക് നൽകുക. ഹനുമാന് വെറ്റിലമാല സമർപ്പിക്കുന്നതും നന്ന്.

ചതയം 

ധന്വന്തരീ ക്ഷേത്രത്തിൽ ചന്ദനം ചാർത്ത് വഴിപാട് , കൃഷ്ണന് തുളസിമാല , തൃക്കൈവെണ്ണ , ശാസ്താവിന് നീരാഞ്ജനം , ശിവന് കൂവളമാല എന്നിവ സമർപ്പിക്കുക . പക്കപ്പിറന്നാൾ തോറും ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി നടത്തുന്നതും നന്ന്.

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രജാതർ ഭദ്രകാളീ ക്ഷേത്രത്തിൽ ചുവന്ന പട്ട്  , രക്തപുഷ്പ്പാഞ്ജലി , ചുവന്ന ചെമ്പരത്തിമാല എന്നിവ സമർപ്പിക്കുക . ലളിതാസഹസ്രനാമം ജപിക്കുന്നതും ഉത്തമം.

ഉതൃട്ടാതി

ഉതൃട്ടാതി നക്ഷത്രജാതർ വിഷ്ണുപ്രീതി വരുത്തണം . വിഷ്ണുസഹസ്രനാമജപം , നാരായണീയം, ഭാഗവതം മുതലായവ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠം .

രേവതി 

രേവതി നക്ഷത്രജാതർ മഹാവിഷ്ണു ക്ഷേത്രദർശനവും തുളസിമാല  , താമപ്പൂക്കൾ എന്നിവ സമർപ്പിക്കുന്നതും നന്ന് .  താമര ഇതളുകൾ കൊണ്ടുള്ള  മാല സമർപ്പിക്കുന്നത് ക്ഷിപ്രഫലസിദ്ദിക്ക് കാരണമാകും.