Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യവും ജപിച്ചോളൂ, രോഗങ്ങളും കടബാധ്യതകളും മാറും

നാരായണീയം ഡിസംബർ 14 വെള്ളിയാഴ്ചയാണ് നാരായണീയദിനം

ഗുരുവായൂരപ്പ‌നെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണ് നാരായണീയം  . നാരായണനെ സ‌ംബന്ധിക്കുന്നത് എന്നർഥം വരുന്ന 'നാരായണീയം' എന്ന ഗ്രന്ഥം  ഭാഗവതത്തിന്റെ സംഗൃഹീത രൂപമാണ്. നാരായണീയത്തെയും അതിന്റെ ഉപജ്ഞാതാവായ  മേൽപ്പത്തൂർ നാരായണഭട്ടതിരിയെയും ആദരിക്കുവാൻ എല്ലാ വർഷവും വൃശ്ചികം 28 നാരായണീയദിനമായി ആചരിച്ചു  പോരുന്നു. ഈ വർഷം ഡിസംബർ 14  വെള്ളിയാഴ്ചയാണ് നാരായണീയദിനം . നാരായണീയ നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങി  ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്കു കാരണ‌മാകും എന്നാണ് വിശ്വാസം. കൂടാതെ  നാരായണീയ ദിനത്തിൽ സമ്പൂർണനാരാ‌യണീയപാരാ‌യണം അത്യുത്തമമത്രേ.   

നാരായണീയ ഉദ്ഭവകഥ

ഒരിക്കൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ വ്യാകരണഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ യാതന  കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഡിതനും മലയാളഭാഷാ പിതാവുമായിരുന്ന  എഴുത്തച്ഛന്റെ പക്കലേക്ക് അയച്ചു. അദ്ദേഹം ‘‘മീൻ തൊട്ടുകൂട്ടു’’വാൻ ഉപദേശിക്കുകയും ചെയ്തു. ഇത് കേട്ടയുടൻ ബുദ്ധിമാനായ മേൽപ്പത്തൂർ അതിന്റെ സാരം മനസ്സിലാക്കുകയും ഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്റെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്റെ രചന ആരംഭിക്കുകയും ചെയ്തു. 14000 ശ്ലോകങ്ങളുളള ഭാഗവതപുരാണത്തെ അതിന്റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു. ഭട്ടതിരിപ്പാടിന്റെ 27–ാം വയസ്സിലാണ് ഇതു രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതിത്തീർത്തത്. ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരവായൂരപ്പനു സമർപ്പിച്ചു. നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും  ചെയ്തു. 

പ്രസിദ്ധമായ കേശാദിപാദവർണന നൂറാം ദശകത്തിലാണ്. നാരായണീയം പരിസമാപ്തിയിലേക്ക് എത്തിയതു വൃശ്ചികം 28–ാം തീയതിയായതിനാലാണ്  ആ ദിനത്തെ എല്ലാവർഷവും നാരായണീയ ദിനമായി ആചരിക്കുന്നത് . അന്നേദിവസം  ഗുരുവായൂരമ്പലത്തിൽ വിശേഷദിനമായി ആചരിക്കുന്നു. നാരായണീയസ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണു ഭട്ടതിരിപ്പാടിനു നൽകിയത്.  ഭക്തിമാർഗമായിരുന്നു ഭട്ടതിരിയുടേത്. അദ്ദേഹത്തിന്റെ ഭക്തിമാർഗം നാരായണീയത്തിലുടനീളം തെളിഞ്ഞുനിൽക്കുന്നു.ചുരുക്കത്തിൽ ഗുരവായൂരപ്പനു മേൽപ്പത്തൂർ നൽകിയ വിലമതിക്കാനാവാത്ത കാണിക്കയാണ് നാരായണീയം. 

സവിശേഷ ഫലപ്രാപ്തി നൽകുന്ന നാരായണീയ ദശകങ്ങൾ ഇവയാണ്

ദശകം 12  (വരാഹാവതാരം) – നാരായണപ്രീതി, ഉന്നത സ്ഥാനലബ്ധി.  

ദശകം 13  (ഹിരണ്യാക്ഷ വധം)– സൽകീർ‌ത്തി, ധനലാഭം, ദീർഘായുസ്സ്.  

ദശകം 16  (നരനാരായണ ചരിതവും ദക്ഷ യാഗവും)– പാപമോചനം.  

ദശകം 18  (പൃഥു ചക്രവർത്തി ചരിതം)–ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി.  

ദശകം 27  (പാലാഴി മഥനവും, കൂർ‌മാവതാരവും).  

ദശകം 28   (ലക്ഷ്മീസ്വയംവരവും അമൃതോൽപ്പത്തിയും)– ഉദ്ദിഷ്ട ഫലപ്രാപ്തി.  

ദശകം 32  (മത്സ്യാവതാരം), ദശകം 51 (അഘാസുര വധവും വനഭോജനവും), ദശകം 52 (വത്സാപഹരണവും, ബ്രഹ്മ ഗർ‌വു ശമനവും)– ആഗ്രഹപൂർത്തീകരണം.  

ദശകം 82  (ബാണയുദ്ധവും, നൃഗമോക്ഷവും)– സർ‌വ വിജയ പ്രാപ്തി.  

ദശകം 87  (കുചേലവൃത്തം)– ഐശ്വര്യം, കർമബന്ധ നിർമുക്തി.  

ദശകം 88  (സന്താനഗോപാലം)– ദുഃഖനിവാരണം, മുക്തിപ്രാപ്തി.   

ദശകം 100  (ഭഗവാന്റെ കേശാദിപാദ വർണനം)– ദീർഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.