ADVERTISEMENT

തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ മാനസിക സമ്മർദം അഥവാ ടെൻഷൻ അനുഭവിക്കാത്തവർ  വിരളമായിരിക്കും. എല്ലാറ്റിലും മത്സരം നടക്കുന്ന ഈ കാലഘട്ടത്തിൽ അകാരണഭീതിയും  മാനസിക സമ്മർദവും വച്ചുപുലർത്തുന്നവർക്കു ഒന്നിലും വിജയിക്കാൻ സാധിക്കുന്നില്ല. അതേസമയം ഏതൊരുകാര്യത്തെയും  സമ്മർദമില്ലാതെ  സമീപിക്കുന്നവര്‍  വിജയം നേടുക തന്നെ ചെയ്യും. മാനസികസമ്മർദമകറ്റാൻ പല മാർഗങ്ങളും ഉണ്ടെങ്കിലും ഏറ്റവും പ്രധാനം അടിയുറച്ച ഈശ്വര വിശ്വാസമാണ്. ഏതു ദുർഘട ഘട്ടത്തിലും ഭഗവാൻ കൂടെയുണ്ടാകുമെന്ന ബോധമാണ് നമുക്കാദ്യം വേണ്ടത്. കൂടെ നിസ്വാർഥമായ ഭക്തിയും ചേരുമ്പോൾ വിജയം സുനിശ്ചയം. 

ഉദാത്തഭക്തിയിലൂടെ വിജയം കൈവരിച്ചവരുടെ   ഉദാഹരണങ്ങൾ നമ്മുടെ പുരാണങ്ങളിൽ ധാരാളം  ഉണ്ട് .  ശ്രീരാമഭക്തനായ ഹനുമാന്റെയും ശ്രീകൃഷ്ണ ഭക്തനായ അർജുനന്റെയും വിജയകഥകൾ ഏറെ പ്രശസ്തം. ഭഗവാൻ കൃഷ്ണൻ എപ്പോഴും രക്ഷിക്കും എന്ന അടിയുറച്ച വിശ്വാസമായിരുന്നു അര്‍ജുനവിജയങ്ങളുടെ അടിസ്ഥാനം . 

ഭഗവാൻ കൃഷ്ണനെ പ്രകീർത്തിച്ചുകൊണ്ടുള്ള മന്ത്രം ജപിക്കുന്നത് മാനസിക സമ്മർദമകറ്റാൻ  ഉത്തമമാണ് .വേദവ്യാസനാൽ എഴുതപ്പെട്ട പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ശ്രീമദ്ഭാഗവതത്തിലെ ഒരു മന്ത്രമാണ് ഇതിൽ ഏറ്റവും ശ്രേഷ്ഠം. 

 

“കൃഷ്ണായ വാസുദേവായ 

ഹരയേ പരമാത്മനേ 

പ്രണതക്ലേശനാശായ 

ഗോവിന്ദായ നമോ നമഃ” 

 

വസുദേവപുത്രനും ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും  സകലചരാചരങ്ങൾക്കും ആശ്രയവുമായ ഭഗവാൻ ശ്രീകൃഷ്ണനെ എപ്പോഴും നമിക്കുന്നു എന്നാണ് അർഥം. 

ഈ മന്ത്രം  നിത്യവും പ്രഭാതത്തിൽ നിലവിളക്കിനു മുന്നിലിരുന്നു 108  തവണ ജപിക്കണം. അർഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും.

ഈ മന്ത്രജപത്തിലൂടെ അകാരണഭയവും സമ്മർദവും  നീങ്ങി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടാനുള്ള ഉൾക്കരുത്ത് ലഭിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com