ADVERTISEMENT

ഒരു വര്‍ഷത്തിൽ  24 ഏകാദശിയുണ്ട്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ഉണ്ട്. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന ഒരു വ്രതമില്ല. 

 

ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചതിനു ശേഷം ആഹാരം കഴിക്കാം. വ്രതം അവസാനിപ്പിക്കേണ്ടത് രാവിലെയാണ്. ഒരിക്കലും മദ്ധ്യാഹ്നത്തിൽ  വ്രതം അവസാനിപ്പിക്കരുത്. ഏതെങ്കിലും കാരണത്താൽ രാവിലെ പറ്റിയില്ലെങ്കിൽ മദ്ധ്യാഹ്നത്തിന് ശേഷം വ്രതം അവസാനിപ്പിക്കാം.

 

ഏകാദശി ദിവസം പകലുറക്കം പാടില്ല. ഏകാദശിയെ വിഷ്ണുവിന്റെ ശരീരത്തിൽ നിന്ന് അസുരനിഗ്രഹത്തിനായ് അവതരിച്ച ദേവിയായി പറയപ്പെടുന്നു. മുരൻ എന്ന അസുരനെ വധിച്ച ദേവിയിൽ പ്രസന്നനായി ഇഷ്ടവരം ചോദിച്ചു കൊള്ളുവാൻ വിഷ്ണു ഭഗവാൻ ദേവിയോട് പറഞ്ഞു. അപ്പോൾ ദേവി പറഞ്ഞു, ‘‘ഞാൻ സകല പാപങ്ങളും നശിപ്പിക്കുന്നവളും സർവ ആഗ്രഹങ്ങളും സാധിപ്പിക്കുന്നവളും ആയി തീരണം. ഏകാദശി എന്ന പേരോടുകൂടിയ എന്റെ തിഥിയിൽ ഉപവാസമനുഷ്ഠിക്കുന്നവരിൽ അവിടുന്ന് പ്രസന്നനാകുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുകയും വേണം. അങ്ങനെ തന്നെ ഭവിക്കട്ടെ! എന്ന് ഭഗവാൻ ദേവിയെ അനുഗ്രഹിച്ചു. 

 

ഫെബ്രുവരി 16 ശനിയാഴ്ച കൃഷ്ണ പക്ഷ ഏകാദശിയായ വിജയ ഏകാദശമിയാണ്. ഈ ഏകാദശിയെ കല്യാണ ഏകാദശി  എന്നും പറയാറുണ്ട്. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർക്ക് വിജയവും സകല പാപങ്ങളിൽ നിന്നുള്ള മോചനവും പ്രാപ്തമാകുന്നു. പുരാണത്തിൽ ഭഗവാൻ ശ്രീരാമൻ വിജയ ഏകാദശി അനുഷ്ഠിച്ച് രാക്ഷസരാജാവായ രാവണനെ തോല്പിച്ച് വധിച്ചു. നന്മ വരുത്തുന്നതിനും സമൃദ്ധിക്കും ഒരുവന്റെ ജീവിതത്തിലുള്ള വിഘ്നങ്ങൾ ദൂരീകരിക്കുന്നതിനും വിഷ്ണുവിനെ ഭക്തിയോടു കൂടി ഭജിക്കുക.

 

ഏകാദശി ദിവസങ്ങളിൽ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വളരെ നല്ലതാണ്. ഈ ഏകാദശിയിൽ ഭജിക്കേണ്ടത് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമസ്വാമിയെയാണ്. ജപിക്കേണ്ട മൂല മന്ത്രം. ‘‘ഓം ശ്രീരാമായ നമഃ’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com