ADVERTISEMENT

ഇഹലോകത്ത് സർവൈശ്വര്യവും പരലോകത്ത് വിഷ്ണുസായുജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ നടത്തുന്നതും നാരായണീയം , ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്.



ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം.ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം . ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്.



ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാൽ ഭാഗവും (ഏകദേശം 15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാൽഭാഗവും ചേരുന്ന സമയത്തെയാണ് ഹരിവാസരം എന്നു പറയുന്നത്.12 മണിക്കൂറോളം വരുന്ന സമയമാണ് ഹരിവാസരം. ചിലപ്പോൾ 12 മണിക്കൂറിലധികവും വരും. ഫെബ്രുവരി 16 ശനിയാഴ്ച പുലർച്ചെ 5.36 മുതൽ വൈകിട്ട് 4.19 വരെയാണു ഹരിവാസരം . ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം.

വിഷ്ണു സ്തോത്രം

"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം."

ഏകാദശിയുടെ അന്ന് പുലർച്ചെ നിലവിളക്കു തെളിച്ച് വിഷ്ണുഗായത്രി ജപിക്കുന്നത് ഉത്തമമാണ്. അസ്തമയശേഷം വിഷ്ണുഗായത്രി ജപിക്കാൻ പാടില്ല . കുറഞ്ഞത് 9 തവണ ഭക്തിയോടെ ജപിച്ചാൽ കുടുംബൈശ്വര്യവും സാമ്പത്തിക ഉന്നമനവും ഫലം .

വിഷ്ണുഗായത്രി 

"ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്." എന്നതാണു വിഷ്ണുഗായത്രി.


ഭഗവാന്റെ മഹാമന്ത്രം
കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത് . ഭക്തന്റെ സകലപാപങ്ങളെയും കഴുകിക്കളഞ്ഞ് മുക്തി പ്രദാനം ചെയ്യുന്ന മന്ത്രവുമാണ്.

"ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ"



വിഷ്ണുമൂലമന്ത്രം

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ 108 പ്രാവശ്യം ജപിക്കണം.


അഷ്‌ടാക്ഷരമന്ത്രം - "ഓം നമോ നാരായണായ "

ദ്വാദശാക്ഷരമന്ത്രം - "ഓം നമോ ഭഗവതേ വാസുദേവായ

 

ഈ ഏകാദശിയിൽ ഭജിക്കേണ്ടത് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമസ്വാമിയെയാണ്.

ജപിക്കേണ്ട മൂല മന്ത്രം. ‘‘ഓം ശ്രീരാമായ നമഃ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com