ADVERTISEMENT

കുംഭം 5 (ഫെബ്രുവരി 17, ഞായർ)

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഉത്രാടം, തിരുവോണം, മകയിരം, കാർത്തിക, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ശിവ ഭജനം നടത്തുക. സാധിക്കുന്നവർ ശിവ ക്ഷേത്ര ദർശനം നടത്തി അവിടെയിരുന്ന് ശിവാഷ്ടോത്തരം ജപിക്കുക. കൂവള മാല ചാർത്തിക്കുക. ഒരു ജപം ചേർക്കുന്നു:

 

"ഓം ശിവായ ഹ്രീം നമ: ശിവായ :

ത്രിപുര ഹരായ കാല ഹരായ 

സർവ്വ ദുഷ്ട ഹരായ സർവ്വ ശത്രു ഹരായ 

സർവ്വ രോഗ ഹരായ 

സർവ്വ ഭൂത പ്രേത പിശാച ഹരായ 

ധർമ്മാർത്ഥ കാമ മോക്ഷ പ്രദായ 

മാം രക്ഷ: രക്ഷ: മാം: ശിവായ: നമ: ഓം: 

 

ലാൽ കിതാബ് നിർദ്ദേശം അനുസരിച്ച് സ്ഫടിക ഗ്ലാസിൽ ജലം, പനിനീർ, കർപ്പൂരം ഇവ ചേർത്ത് അതിൽ ജമന്തിപ്പൂ ഇട്ട് വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ കിഴക്കു ഭാഗത്തായി വയ്ക്കുന്നത് ദിവസ ദോഷശാന്തി കൈവരുത്തും. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായം, ഓറഞ്ച്.

 

ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ, മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാരസ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ രവി:

 


കുംഭം 6 (ഫെബ്രുവരി 18, തിങ്കൾ)

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പൂരാടം, മൂലം, ചതയം, തിരുവാതിര, രോഹിണി, ഭരണി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് പാർവതീ സമേതനായ ശിവനെ ഭജിക്കുക. കൂടാതെ വിവാഹം തടസ്സപ്പെട്ടു നിൽക്കുന്നവരും, ദാമ്പത്യ ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരും സ്ഥിരമായി പാർവതീ പരമേശ്വരനെ ഭജിച്ചാൽ ഫലം ഉറപ്പാണ്. അവർ അർദ്ധനാരീശ്വരാഷ്ടകം പതിവായി ജപിക്കുന്നത് ഗുണകരമാണ്. അർദ്ധനാരീശ്വരാഷ്ടകത്തിലെ ഒരു ശ്ലോകം ചേർക്കുന്നു.

 

പ്രദീപ്ത രത്നോജ്ജ്വല കുണ്ഡലായൈ 

സ്ഫുരന്മഹാ പന്നഗ ഭൂഷണായൈ 

ശിവ പ്രിയായൈ ച ശിവപ്രിയായ 

നമഃ ശിവായൈ ച നമഃ ശിവായ 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദ്ദേശം: പാൽച്ചോർ ഭക്ഷിക്കുക. തണുത്ത ജലത്തിൽ ശംഖ് പകൽ ഭവനത്തിൽ/ഓഫീസിൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം 

 

ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു:

 


കുംഭം 7 (ഫെബ്രുവരി 19, ചൊവ്വ)

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പൂരാടം, മൂലം, ഉത്രട്ടാതി, മകം, ചതയം, പുണർതം, പൂയം, മകയിരം, കാർത്തിക, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം. വിദ്യാലയങ്ങളിലെ വാർഷിക പരീക്ഷാക്കാലം അടുത്തുവരികയാണ്. പഠനത്തിൽ ശ്രദ്ധ വർധിക്കുവാനും പഠിച്ചപാഠങ്ങൾ മനസ്സിൽ തങ്ങിനിൽക്കുവാനും വേണ്ട സമയത്ത് പ്രയോജനകരമായി എഴുതി പ്രതിഫലിപ്പിക്കുവാനും സുബ്രഹ്മണ്യ ഭജനം വളരെ ഗുണം ചെയ്യും. പഠിക്കുവാൻ ഇരിക്കുന്നതിന് മുൻപായി ജപിക്കുവാൻ ചേർന്ന ഒരു സുബ്രഹ്മണ്യ സ്തുതി ഇവിടെ ചേർക്കുന്നു. ധ്യാനനിമഗ്നയായി നിൽക്കുന്ന പഴനി വേലായുധനെയാണ് ഈ മണിപ്രവാള കീർത്തനത്തിലൂടെ സ്തുതിക്കുന്നത്. 

 

ഒപ്പമറ്റ ഭവൽപ്പദം മമഹൃൽപ്പദത്തിലുദിപ്പതി- 

നുല്പലേക്ഷണ കല്പ ഭൂരുഹ കല്പദേഹി കൃപാല്പതാം 

മുപ്പുരാരിജ സർപ്പനായകതല്പ വന്ദ്യജഗൽപ്പതേ 

കല്ബിഷാൻ പഴനീ ധരാലയ പാലയാശു കൃപാലയ 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദ്ദേശം: ഒരു സ്പൂൺ മഞ്ഞൾ കുങ്കുമം ഭവനത്തിൽ /ഓഫീസിൽ പ്രധാനമുറിയിൽ പരന്ന തളികയിൽ പകൽ സൂക്ഷിച്ച് വൈകിട്ട് പുറത്ത് പറത്തികളയുക. ആര്യവേപ്പിനെ ആരാധിക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച് 

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹതടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും.

 

ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ: 

 


കുംഭം 8 (ഫെബ്രുവരി 20, ബുധൻ)

ദിവസഗുണവർധനയ്ക്ക് ശ്രീകൃഷ്ണ പരമാത്മാവിനെ ഗുരുവായി കണ്ടു ഭജിക്കുക. ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം.

 

മന്ദാരഗന്ധ സംയുക്തം 

ചാരുഹാസം ചതുർഭുജം 

ബർഹിപിഞ്ഛാവ ചൂഡാംഗം 

കൃഷ്ണംവന്ദേ ജഗത്ഗുരും 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദ്ദേശം: ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഭവനത്തിൽ /ഓഫീസിൽ ഒരു തണ്ട് മയിൽ‌പ്പീലി സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: പച്ച , കറുക നിറം 

 

ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഉത്‌പാദരൂപോ ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ ബുധ:

 


കുംഭം 9 (ഫെബ്രുവരി 21, വ്യാഴം)

പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം ചേർന്നതല്ല.

വാർഷിക പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾക്ക് ഉപയോഗപ്രദമാകട്ടെ എന്ന് കരുതിയാണ് പതിവായി ബുദ്ധി- പ്രജ്ഞാ വർധകങ്ങളായ ചില സ്തുതികൾ ചേർക്കുന്നത്. ശ്രീ ദക്ഷിണാ മൂർത്തീഭാവത്തിലാണ് വിദ്യാദായക ശിവൻ കുടി കൊള്ളുന്നത്. സകലവിദ്യകൾക്കും അധിപതിയായി പ്രപഞ്ച ഗുരുവായി വിലസുന്ന മഹാദേവനെ കാലത്ത് പഠനാരംഭത്തിനു മുമ്പ് ഒരു നിമിഷം സ്മരിക്കുന്നത് അതീവ ശ്രേയസ്ക്കരമാണ്. 

പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം 

വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം 

നാമാദി ഭേദരഹിതം ഷഡഭാവശൂന്യം 

സംസാരരോഗ ഹരമൗഷധമദ്വിതീയം 

നമഃ ശിവായഃ ശിവായഃ നമഃ ഓം 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദ്ദേശം: വീടിന്റെ /ഓഫിസിന്റെ പ്രധാനമുറിയിൽ താമരപ്പൂവോ താമരപ്പൂവിന്റെ ചിത്രമോ പകൽ വെയ്ക്കുക. നെയ്കലർന്ന ഭക്ഷണം ശിശുക്കൾക്ക് ദാനം ചെയ്യുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം.

 

ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു:

 


കുംഭം 10 (ഫെബ്രുവരി 22, വെള്ളി)

ചതയം, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം. 

ലാൽകിതാബ് നിർദ്ദേശം അനുസരിച്ചു ഭവനത്തിൽ/ഓഫിസിൽ അകിൽ, ചന്ദനം, നാൽപ്പാമരം, ചെഞ്ചെല്യം ഇവയുടെ പൊടി കാലത്തും വൈകിട്ടും പുകയ്ക്കുന്നതു ഉത്തമം ദിവസദോഷശാന്തി കൈവരുത്തും. ദിവസത്തിന് ചേർന്ന നിറം വെളുപ്പ്, ചാരനിറം. ദിവസ ദോഷ ശാന്തിക്ക് ഗണപതിയെ ഭജിക്കുക. കാലത്ത് ഗണേശ അഷ്ടോത്തരവും ഒപ്പം താഴെ ചേർക്കുന്ന ജപവും നടത്തുക.

 

"ശ്രുതീനാം ശിരോഭി സ്തുതംസർവ്വ ശക്തം 

പതിം സിദ്ധിബുദ്ധ്യോർ-ഗ്ഗതിം ഭൂസുരാണാം 

സുരാണാം വരിഷ്ഠം ഗുണാനാമധീശം 

ഭജേ വിഘ്നരാജം ഭവാനീ തനൂജം."

 

ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദൈത്യമന്ത്രീ വിശാലക്ഷാ:

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 


കുംഭം 11 (ഫെബ്രുവരി 23, ശനി)

ദിവസഗുണവർധനയ്ക്ക് ശ്രീധർമ്മശാസ്താവിനെ ഭജിക്കുക. മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം നാളുകാർക്ക് ദിനം ചേർന്നതല്ല. ശ്രീ ധർമ്മശാസ്താവിന്റെ പ്രസിദ്ധമായ ഒരു ധ്യാനം 

 

ഓം ധ്യയേതുമാപതി രമാപതി ഭാഗ്യ പുത്രം 

വേത്രോജ്വലത് കരതലം ഭസിതാഭിരാമം 

വിശ്വൈക വശ്യ വപുഷം മൃഗയാ വിനോദം 

വാഞ്ചാനു രൂപ ഫലദം വര ഭൂത നാഥം 

 

ലാൽകിതാബ് നിർദ്ദേശം അനുസരിച്ച് എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക. ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം.

 

ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ:

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com