ADVERTISEMENT

അറിവിന്റെയും ശാസ്ത്രത്തിന്റെയും  ദേവനാണു ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും  വിശ്വാസമുണ്ട്. ഏത് കാര്യവും വിഘ്നം കൂടാതെ മംഗളകരമായി തീരുന്നതിനായി വിഘ്നേശ്വരനെ ഭക്തിയോടുകൂടി ആരാധിച്ച് പ്രസാദിപ്പിക്കേണ്ടതാണ്. വിഘ്‌നനിവാരണനായ ഗണപതി ഭഗവാന് ചിങ്ങമാസത്തിലെ വിനായക ചതുർഥിയും  തുലാമാസത്തിലെ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തിലെ  ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.

 

ഈ വർഷം മീനമാസത്തിലെ പൂരം മാർച്ച് 20 ബുധനാഴ്ച വരുന്നു. അന്നു ഭഗവാനെ ഉണ്ണി ഗണപതിയായി  സങ്കൽപിച്ചു വേണം പൂജയും വഴിപാടുകളും സമർപ്പിക്കേണ്ടത്. ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രമാണു കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം 

ഭഗവാന്  കറുകമാല സമർപ്പിക്കുന്നതു തടസ്സങ്ങൾ നീങ്ങുന്നതിനും മുക്കുറ്റിമാല സമർപ്പിക്കുന്നതു ദാമ്പത്യഭദ്രതയ്ക്കും ഉത്തമം. നിവേദ്യമായി മോദകവും ഉണ്ണിയപ്പവും സമർപ്പിക്കുന്നത് ശ്രേഷ്ഠം. മറ്റൊരു വഴിപാടാണു നാളികേരമുടയ്ക്കൽ. 

 

പേരിലും നാളിലും ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തുന്നത് ഉത്തമം. അന്നു ഭവനത്തിൽ വീട്ടമ്മമാർ ചെംഗണപതിഹോമം നടത്തുന്നത് നന്ന്. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ ‘‘ഓം ഗംഗണപതയേ നമഃ’’ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

 

രാവിലെ കുളിച്ചു ശുദ്ധിയായി ഗായത്രീമന്ത്ര ജപത്തോടൊപ്പം ഗണേശഗായത്രി ജപിക്കണം  

 

ശ്രീ ഗണപതി ഗായത്രികൾ:

 

ഓം ഏകദന്തായ വിദ്മഹേ

വക്രതുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത് !!  (ഫലം: ഉദ്ദിഷ്ടകാര്യസിദ്ധി)



ഓം ലംബോദരായ വിദ്മഹേ

വക്രതുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത് !! (ഫലം: സർ‌വ തടസ്സങ്ങളും അകന്നു വിജയം നേടും)

 

ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും പൂരം ഗണപതി ദിനത്തിൽ ഏറ്റവും പ്രധാനം ഗണേശദ്വാദശ മന്ത്രം ജപിക്കുന്നതാണ്. പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്നതാണിത്. ഈ മന്ത്രം ജപിച്ചാൽ ഇഷ്ടകാര്യലബ്ധി, വിഘ്നനിവാരണം, പാപമോചനം എന്നിവയാണു ഫലം.108 തവണ ജപിക്കുന്നതു ശ്രേഷ്ഠമാണ്‌. സർവാഭീഷ്ട സിദ്ധിക്കായും കേതുദോഷ ശാന്തിക്കായും നിത്യവും ജപിക്കുന്നത് അത്യുത്തമം. 

 

ഗണേശദ്വാദശ മന്ത്രം:



ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോദരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവർണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com