sections
MORE

ജ്യോതിഷം വഴികാട്ടി മാത്രം; അതിനെ അന്ധമായി വിശ്വസിച്ചാൽ...

astro-prediction
SHARE

പുരാതനഭാരതത്തിൽ വികാസം കൊണ്ട രണ്ട് വിജ്ഞാനശാഖകളാണ് ജ്യോതിശാസ്ത്രവും (വാനനിരീക്ഷണ ശാസ്ത്രം) ജ്യോതിഷ ശാസ്ത്രവും. ഇതിൽ വാനനിരീക്ഷണ മേഖലയ്ക്ക് ജ്യോതിഷത്തെക്കാൾ കൂടുതൽ ശാസ്ത്രീയ അടിത്തറയുണ്ട്. ജ്യോതിഷമാകട്ടെ, ഒരു സാധ്യതാ ശാസ്ത്രമെന്ന പരിധിയിൽനിന്ന് വ്യക്തമായ ശാസ്ത്രീയ അടിത്തറ ഇനിയും സ്ഥാപിച്ചെടുത്തിട്ടില്ല. കുറെയൊക്കെ കൃത്യമാകുകയും ചിലപ്പോഴൊക്കെ കൃത്യമാകാതെയും പോകുന്ന ഫലപ്രവചനമാണ് ഇന്നും ജ്യോതിഷത്തിന്റേത്. ഈ പരിമിതിയുണ്ടെങ്കിലും അനേകമാളുകൾ ജ്യോതിഷത്തെ വിശ്വസിക്കുന്നു.

ജ്യോതിഷം ലോകത്തെ മാനവ സംസ്കാരത്തിലെല്ലാം നിലനിന്നിരുന്നതും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നതുമാണ്. ജ്യോതിഷത്തിൽനിന്നു പിറവി കൊണ്ടതാണ് മന്ത്രവാദം. മനുഷ്യന്റെ ദുർബലതയാണ് ഈ ശാസ്ത്രത്തിന്റെ നിലനിൽപിന്റെ അടിസ്ഥാനം.

നക്ഷത്രസമൂഹവും പഞ്ചഭൂതങ്ങളും ഗ്രഹങ്ങളും ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, ലയ വിന്യാസത്തിൽ ശക്തമായി സ്വാധീനം ചെലുത്തുന്നു എന്നത് വസ്തുതയാണ്. ഈ വസ്തുതയുടെ അടിത്തറയിലാണ് ജ്യോതിഷത്തിന്റെ പരിണാമവികാസം. 

ഒരു ജനനമുണ്ടായാൽ അപ്പോഴത്തെ പ്രകൃതിസ്ഥിതിയും ഗ്രഹസ്ഥിതിയും ആ ജനിച്ച വ്യക്തിയുടെ ജീവിതത്തില്‍ അനുകൂല, പ്രതികൂല സ്വാധീനങ്ങൾ ചെലുത്തുമെന്നത് വസ്തുതയാണ്. എന്നാല്‍ ഈ സ്വാധീനത്തെ അതിജീവിക്കാൻ പോന്ന ഒരു ആന്തരികചൈതന്യം മനുഷ്യനിൽ അന്തർലീനമായുണ്ട്. ഈ ആന്തരിക ചേതനയെ തിരിച്ചറിയാതെയോ പ്രയോജനപ്പെടുത്താതെയോ പലരും ജ്യോതിഷത്തിലും വിധിയിലും അന്ധമായി വിശ്വസിച്ച് ജീവിതം അർഥരഹിതമാക്കുന്നു.

പതിനാറു വയസ്സിൽ മരിക്കുമെന്നു വിധിയുണ്ടായിരുന്ന മാർക്കണ്ഡേയന്റെ കഥ ഈ ആത്മചേതനയുടെ ശരിയായ ഉപയോഗമാണ് കാട്ടിത്തരുന്നത്. മാർക്കണ്ഡേയനെപ്പോലെ വിധിയെ അട്ടിമറിക്കാൻ പോന്ന കരുത്ത് എല്ലാവരിലുമുണ്ട്. എന്നാൽ അവർ അതിനു ശ്രമിക്കുന്നില്ല. അവർ ജാതകത്തെ കേന്ദ്രീകരിച്ച് സ്വയം തപിച്ചും ശപിച്ചും മഹത്തായ ജീവിതം ഉടച്ചു കളയുന്നു.

ജ്യോതിഷപ്രവചനം ഒരു നിഗമനം മാത്രമാണ്. നിഗമനം ശാസ്ത്രത്തിലായാലും വിശ്വാസത്തിലായാലും നൂറുശതമാനം ശരിയായിക്കൊള്ളണമെന്നില്ല. കാരണം നിഗമനം നടത്തുന്ന വ്യക്തിയും മനുഷ്യനാണ്. അയാൾ അപരിമിതനല്ല. അങ്ങനെ യഥാർഥത്തിൽ പ്രവചനം ഒരു സാധ്യതാനിർദേശമാണ്. പല കാരണങ്ങളാലും സാധ്യത അസാധ്യവുമാകാം.

ഇതു ഭംഗിയായി അറിഞ്ഞ പൂർവികരായ ഋഷിമാരാണ് ശിവനെയും മുരുകനെയും ബന്ധിപ്പിച്ച ഒരു കഥ ജ്യോതിഷത്തിൽ കൊണ്ടുവന്നത്. ഭാവിയിൽ ജ്യോതിഷം പൂർണമായി ഫലിക്കാതെ വരട്ടെ എന്ന ശിവശാപം ജ്യോതിഷത്തിന്റെ പിറവിയിൽത്തന്നെ, അതിനുള്ള അപൂർണതയെ സാധൂകരിക്കാനുള്ള ഉപായമായി രൂപപ്പെട്ടതാണ്.

സത്യം ഒന്ന്, നാം നിൽക്കുന്നത് മറുവശത്ത്. എങ്ങനെ കാര്യം ശരിയാകും? ഒരിക്കലും പൂർണമായി ഫലവത്താകാത്ത ഒന്നിനെ അന്ധമായി വിശ്വസിച്ചും ആശ്രയിച്ചും ഉള്ള ജീവിതം എത്ര വിഡ്ഢിത്തമാണ്. പക്ഷേ സാധാരണ മനുഷ്യന് ഇതൊന്നും പ്രശ്നമല്ല. ജ്യോതിഷം സത്യമാണ്, അതു തെറ്റില്ലെന്ന് അവൻ ആണയിടുന്നു.

ഒരു വഴികാട്ടിയായി മാത്രം ജ്യോതിഷത്തെ സ്വീകരിക്കുകയും അതിനപ്പുറം അധ്വാനിച്ചാല്‍ ഫലം കിട്ടും എന്ന വിശ്വാസത്തിൽ ഊന്നിനിന്ന് പരമാവധി അധ്വാനിക്കുകയും ചെയ്യുന്നവന് ജാതകം എത്ര മോശമായാലും നല്ല ജീവിതം ലഭിക്കും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA