ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

ഏപ്രിൽ 07, ഞായർ

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം, അത്തം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് പരമശിവനെ നീലകണ്ഠ ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമാണ്. ശ്രീനീലകണ്ഠ ധ്യാനം 

 

"അത്യുഗ്ര ഹാലാഹല പാണിപ്ദമം 

ഗംഗാധരം ചന്ദ്രതുഷാര വർണ്ണം 

ഗൗരീപതിം ഘോര ഭുജംഗ ഭൂഷം 

ശ്രീനീലകണ്ഠം ഹൃദി ഭാവയാമി "

 

ലാൽകിതാബ് പരിഹാരം: പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പച്ച നെല്ലിക്ക കഴിക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ, മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

"ഓം പ്രഭാകരായ വിദ്മഹേ 

ദിവാകരായ ധീ മഹി 

തന്ന: സൂര്യ പ്രചോദയാത് "

 

പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

 

 

ഏപ്രിൽ 08, തിങ്കൾ 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. അനിഴം തൃക്കേട്ട, വിശാഖം, രേവതി, പൂരുരുട്ടാതി, ചതയം, അശ്വതി, ഉത്രട്ടാതി, ചോതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് ഭദ്രകാളി ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു: 

 

"ഖഡ്ഗം കപാലം ത്രിശിഖം ച ഖേടം 

ഭുജൈർദ്ദധാനം ശിശു ചന്ദ്രഭൂഷാ൦ 

ഭുജംഗമൈർ ഭൂഷിതഃ കാന്ത ദേഹാം 

കാളീം നവാംഭോദനിഭാ൦ നമാമി "

 

ദിവസത്തിനു ചേർന്ന ലാൽകിതാബ് നിർദേശം: പ്രഭാത ഭക്ഷണത്തിനൊപ്പം മധുരം ചേർക്കാത്ത അൽപ്പം പാൽ കൂടി കഴിക്കുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം. പ്രതികൂല നിറം : കറുപ്പ്, നീല. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ, കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്ര ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

"ഓം അത്രി പുത്രായ വിദ്മഹേ 

അമൃതമയായ ധീമഹി 

തന്ന: സോമ: പ്രചോദയാത്."

 

പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പിറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

 

 

ഏപ്രിൽ 09, ചൊവ്വ

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. വിശാഖം, ചോതി, ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസദോഷ ശമനത്തിന് ദേവസേനാപതിയും ക്ഷിപ്രപ്രസാദിയുമായ ശ്രീ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുക. പ്രസിദ്ധമായ ശ്രീ സുബ്രഹ്മണ്യാഷ്ടകത്തിലെ (ശ്രീ സുബ്രഹ്മണ്യ കരാവലംബാഷ്ടകത്തിലെ) മൂന്നാം ശ്ലോകം ഇവിടെ ചേർക്കുന്നു . 

 

"നിത്യാന്നദാന നിരതാഖില രോഗഹാരിൻ 

ഭാഗ്യപ്രദാന പരിപൂരിത ഭക്തകാമ

ശ്രുത്യാഗമ പ്രണവാച്യ നിജസ്വരൂപ

വല്ലീശനാഥ മമദേഹി കരാവലംബം "

 

ലാൽകിതാബ് നിർദേശം: പച്ചരി ദാനം ചെയ്യുക. ദിവസത്തിന് ചേർന്ന നിറം: കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം : കറുപ്പ്, നീല. ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും.

 

"ഓം ഭൂമിപുത്രായ വിദ്മഹേ 

ലോഹിതാംഗായ ധീമഹി 

തന്ന: ഭൗമ പ്രചോദയാത്"

 

പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. ആയതിനാൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

 

ഏപ്രിൽ 10, ബുധൻ 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിന് ശുഭബന്ധമുള്ള ദിവസമാണ്. ചോതി, ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണവർധനയ്ക്ക് സരസ്വതീ ഭജനം നടത്തുക. വിദ്യാമൗഢ്യം മാറുവാൻ ഇത് ഏറെ സഹായകരമാണ്. ഒരു ജപം ചേർക്കുന്നു:

 

"മുദ്രാപുസ്തക ഹസ്താഭ്യാം 

ഭദ്രാസനഹൃദിസ്ഥിതേ 

പുരസ്സതേ സദാ ദേവീ

സരസ്വതീ നമോസ്തുതേ 

വന്ദേസരസ്വതീം ദേവീം

ഭുവനത്രയമാതരം 

യൽ പ്രസാദാധൃതേ നിത്യം

ജിഹ്വാമേ പരിവർത്തതേ"

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് പരിഹാരം: ഭവനത്തിന്റെ /ഓഫീസിന്റെ മുൻ മുറിയിൽ രണ്ടു മയിൽപ്പീലി അലങ്കാരമായി പകൽ വയ്ക്കുക. ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തുക. ദിവസത്തിന് ചേർന്ന നിറം: പച്ച. പ്രതികൂലനിറം: ചുവപ്പ്, മഞ്ഞ. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുഹ്ദ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 

 

"ഓം സോമരൂപായ വിദ്മഹേ 

ജ്ഞാനരൂപായ ധീമഹി 

തന്ന: ബുധ: പ്രചോദയാത് "

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

 

 

ഏപ്രിൽ 11, വ്യാഴം 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണവർധനയ്ക്ക് വിഷ്ണു സങ്കൽപ്പത്തിൽ ഗുരുവായൂരപ്പ ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:

 

"മായാഗൃഹീത വിധി വിഷ്‌ണു മഹേശ രൂപ 

സൂത്രാത്മ വായുഗുരുഗേഹഗ വിശ്വരൂപ 

വിശ്വോദ്ഭവ പ്രളയ കേളിഷു ലോല ഭൂമൻ 

ബ്രഹ്മാത്മ രൂപ ബഹു രൂപ നമോ നമസ്തേ "

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: മുളക് കലർന്ന ഭക്ഷണം ഒരു നേരമെങ്കിലും ഉപേക്ഷിക്കുക. ശിശുക്കൾക്ക് നെയ്യ് കലർന്ന മധുരപലഹാരം നൽകുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം. പ്രതികൂല നിറം : കറുപ്പ്, കടുംനീല. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ഗുരു ഗായത്രി ജപിക്കുക. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

"ഓം അംഗിരോജാതായ വിദ്മഹേ 

വാചസ്പതയേ ധീമഹി 

തന്ന: ഗുരു: പ്രചോദയാത് "

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

 

ഏപ്രിൽ 12, വെള്ളി 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. തിരുവോണം, ഉത്രാടം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ലഡ്ഡു പൊടിച്ചത് ഭവനത്തിന്റെ /ഓഫീസിന്റെ പുറത്ത് വടക്കു കിഴക്കു മൂലയിലും തെക്കു പടിഞ്ഞാറു മൂലയിലും വയ്ക്കുക. യാത്രകൾ വേണ്ടി വന്നാൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് പഞ്ചസാര ചേർത്ത ഒരു സ്പൂൺ തൈര് കഴിക്കുക. ദിവസ ഗുണവർധനയ്ക്ക് ശ്രീമഹാഗണപതി ഭജനം നടത്തുന്നത് അത്യുത്തമം. ഒരു ജപം ചേർക്കുന്നു:

 

"വരദ വിശദ ഹസ്തം ദക്ഷിണം യസ്യഹസ്തം 

സദയമഭയദം തം ചിന്തയേ ചിത്തസംസ്ഥം 

ശബലകുടിലശുണ്ഡം ചൈകതുണ്ഡം ദ്വിതുണ്ഡം 

ഗണപതിമഭിവന്ദേ സർവ്വദാ വക്രതുണ്ഡം"

 

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം: ചുവപ്പ്. ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്ര ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

"ഓം ഭൃഗു പുത്രായ വിദ്മഹേ 

ദൈത്യാചാര്യായ ധീമഹി 

തന്ന: ശുക്ര പ്രചോദയാത്"

 

പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

 

 

ഏപ്രിൽ 13, ശനി

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. ഉത്രാടം, പൂരാടം, മൂലം, അനിഴം, ചോതി, തൃക്കേട്ട, വിശാഖം, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം: കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക. അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക). ദിവസ ഗുണവർധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക 

 

"കല്യാണവേഷ രുചിരം കരുണാനിധാനം 

കന്ദർപ്പകോടി സദൃശം കമനീയഭാസം 

കാന്താദ്വയാ കലിത പാർശ്വമഘാരി മാദ്യം 

ശാസ്താരമേവ സതതം പ്രണതോfസ്മി നിത്യം "

 

ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം. പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനി ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

"ഓം സൂര്യപുത്രായ വിദ്മഹേ 

ശനൈഃശ്ചരായ ധീമഹി 

തന്ന: മന്ദ പ്രചോദയാത്"

 

പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാഞ്ജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ നടത്തിക്കുന്നത് അത്യുത്തമം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com