ADVERTISEMENT

ഒരു വർഷത്തിൽ 24 ഏകാദശികൾ ഉണ്ട് . അതായത് ഒരു  മാസത്തിലെ  വെളുത്ത പക്ഷത്തിലും (ശുക്ലപക്ഷം) കറുത്ത പക്ഷത്തിലും 

(കൃഷ്ണപക്ഷം)   ഏകാദശി വരുന്നു .ഓരോ ഏകദശിക്കും പ്രത്യേകതകൾ അനുസരിച്ച് ഓരോ നാമധേയമാണ്. ഓരോ ഏകാദശിയുടെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വ്രതം അനുഷ്ഠിക്കുന്നതാണ് ഉത്തമം.ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് പാപമോചിനി ഏകാദശി .ഈ വർഷം ഏപ്രിൽ 30 ചൊവ്വാഴ്ചയാണ് ഏകാദശി വരുന്നത്. പേര് പോലെ തന്നെ സർവപാപങ്ങളും ഈ വ്രതാനുഷ്ഠാനത്തിലൂടെ ശമിക്കും. കൂടാതെ കുടുംബൈശ്വര്യത്തിനും കാരണമാകും. 

 

 ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഈ ദിവസം അർഹരായവർക്ക്‌  ദാനം നൽകുന്നതും വിശേഷമാണ്. ഈ ദാനത്തിലൂടെ തപസ്സനുഷ്ഠിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ ഫലം ലഭിക്കുമെന്നാണ്  വിശ്വാസം . 

 

വ്രതാനുഷ്ഠാനം എങ്ങനെ? 

 

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി   ഉപവസിക്കുകയോ, അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം  മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. കഴിയാവുന്നത്ര തവണ "  ഓം നമോ നാരായണായ " ജപിക്കുക .വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം  മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക. ഏകാദശി ദിനം മുഴുവൻ വിഷ്ണുക്ഷേത്രത്തിൽ കഴിച്ചുകൂട്ടി പൂജാദികർമങ്ങളിൽ പങ്കുകൊള്ളുന്നത്‌ അത്യുത്തമമാണ്. അന്നേദിവസം ഉറക്കമൊഴിയുന്നതും മൗനം ആചരിക്കുന്നതും നന്ന്. 

 

 

ഹരിവാസരം

 

ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഈ ഈമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.

ഏപ്രിൽ 30ന് വൈകിട്ട് 5.44 മുതൽ പിറ്റേന്ന് രാവിലെ 6.45 വരെയാണ് ഹരിവാസരം.  ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം.

 

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ,

 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ " എന്ന കലിദോഷനിവാരണ മന്ത്രം ഏകാദശി ദിവസം 108  തവണ ജപിക്കുന്നത് നല്ലതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com