ADVERTISEMENT

ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് മരപ്രഭു; ലോകത്തെ ഏറ്റവും വലിയ കളിമൺ ശിൽ‌പം. വൃക്ഷസങ്കൽ‌പത്തിൽ ശരീരവും യോഗഭാവത്തിൽ ധ്യാനലീനനായ ഭഗവാന്റെ ശിരസ്സും. 1995  ജൂൺ 24നാണ് ഈ ശിൽപം സ്ഥാപിച്ചത്. ശിൽപി ആലുവ പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ നിലമ്പൂർ അരുവാക്കോട് ഗ്രാമത്തിലെ ആദി ആന്ധ്ര പുലാല ബ്രാഹ്മണരാണ് നിലമ്പൂരിൽ നിന്നെത്തിച്ച കളിമണ്ണു കൊണ്ട് ശിൽപം നിർമിച്ചത്. 6500 ഇഷ്ടികകൾക്കുള്ളിൽ കളിമണ്ണ് ചാലിച്ചൊഴിച്ച് 108 തരം പച്ചമരുന്നുകളും ചേർത്ത് മൂന്നര മാസം കൊണ്ടായിരുന്നു നിർമിതി.  മഹാകുംഭകാവസ്ഥയാണ് ശിൽപഭാവം. 2010ൽ കനക പ്രഭാമണ്ഡലവും നിർമിച്ചു.

 

‘ഞാൻ മരപ്രഭുവുമാണ്’

 

ഭഗവാൻ മരപ്രഭുവായതിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കവി പൂന്താനം നിത്യവും ക്ഷേത്രത്തിലെത്തി വിഷ്ണു സഹസ്രനാമം ജപിക്കുന്ന പതിവുണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ സഹസ്രനാമം ജപിക്കുകയായിരുന്നു പൂന്താനം. നിറഞ്ഞ ഭക്തിയോടെ സർവം മറന്ന് ജപിക്കുന്നതിനിടെ ‘പദ്മനാഭോ അമരപ്രഭു' എന്ന ഭാഗം 'പദ്മനാഭോ മരപ്രഭു' എന്ന് തെറ്റിപ്പോയി. ആ സമയം അവിടെയുണ്ടായിരുന്നത് മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയടക്കമുള്ള പണ്ഡിതരാണ്. മേൽപ്പുത്തൂർ വലിയ കൃഷ്ണഭക്തനും മഹാപണ്ഡിതനും ഉജ്വല കവിയും. മറ്റുള്ളവർ തികഞ്ഞ ആദരവോടെ കാണുന്നയാൾ. പൂന്താനത്തിന്റെ പിഴവ് മേൽപ്പുത്തൂരിനു സഹിച്ചില്ല. ‘ഭഗവാൻ മരപ്രഭുവോ? അമരപ്രഭു എന്നു പറയൂ’ എന്ന് കടുത്ത ഭാഷയിൽ തിരുത്തും അജ്ഞാനത്തെപ്പറ്റി പരിഹാസവും ശകാരവും വേറെ. പാവം പൂന്താനം നമ്പൂതിരിയുടെ കണ്ണു നിറഞ്ഞു. പെട്ടെന്ന് ശ്രീകോവിലിൽനിന്ന് അശരീരി: ‘മരപ്രഭു പിന്നെയാാരാണ്?  ഞാൻ മരപ്രഭുവുമാണ്’. സ്തബ്ധരായ പണ്ഡിതന്മാരുടെ അഹങ്കാരമസ്തമിച്ചു. അവർ പൂന്താനത്തോടു മാപ്പു പറഞ്ഞത്രേ. ഭക്തന്റെ കണ്ണു നിറഞ്ഞാൽ മരപ്രഭു മാത്രമല്ല, അവൻ സങ്കൽപിക്കുന്ന എന്തുമാവും ഭഗവാൻ. 

 

ഒരിക്കൽ, പൂന്താനത്തിനു വിഭക്തി പോരെന്ന് പരിഹസിച്ച ഇതേ മേൽപ്പുത്തൂരിനോട് – നാരായണീയം എഴുതിയ ഭക്തകവിശ്രേഷ്ഠനോട്– ‘മേൽപ്പുത്തൂരിന്റെ വിഭക്തിയേക്കാൾ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ്’ എന്നും പറഞ്ഞിട്ടുണ്ട് ഗുരുവായൂരപ്പൻ. നിഷ്കളങ്ക ഭക്തിക്കു മുന്നിൽ വെണ്ണപോലെയുരുകുന്ന ഭക്തവൽസലൻ.

 

ഗുരുവായൂരിനെ ആത്മീയനഗരമാക്കാനുള്ള അന്നത്തെ തൃശൂർ കലക്ടറുടെ പദ്ധതിയുടെ ഭാഗമായാണ് രാമചന്ദ്രന്റെ നേതൃത്വത്തിൽ മരപ്രഭു ശിൽപം പ്രതിഷ്ഠിച്ചത്. ഗുരുവായൂരിൽ ദീപസ്തംഭത്തിനു മുന്നിൽ‌ തൊഴുതു നിൽക്കുമ്പോഴാണ് ശിൽപാകാരം വെളിപ്പെട്ടുകിട്ടിയതെന്ന് രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്.

യോഗഭാവത്തിന്റെ മൂർത്തീഭാവമായ മഹാകുംഭാവസ്ഥയിലാണ് പ്രതിഷ്ഠ. ശിൽപത്തിലെ അരയാൽ വൃക്ഷം ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും ശിരസ്സ് പരമാത്മാവിനെയും സൂചിപ്പിക്കുന്നു.

 

മരപ്രഭുവിന്റെ മൂലമന്ത്രം ജപിച്ചു പ്രദക്ഷിണം ചെയ്‌താൽ ജന്മാന്തര ദുരിതങ്ങൾ അകലുമെന്നാണ്‌ വിശ്വാസം. പ്രകൃതി പ്രതിഭാസങ്ങളായ മഴയും മഞ്ഞും വെയിലുമാണ് മരപ്രഭുവിനുള്ള നൈവേദ്യങ്ങൾ. അതിനാൽ പ്രത്യേക പൂജയോ വഴിപാടുകളോ ഇവിടെ സമർപ്പിക്കാറില്ല. ഗുരുവായൂരപ്പനെ ദർശിച്ച് പ്രാർഥിച്ച ശേഷം  മരപ്രഭുവിനെ പ്രദക്ഷിണം ചെയ്‌താൽ മാംഗല്യഭാഗ്യസിദ്ധിയും മാറാരോഗശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം. മരപ്രഭുവിനു ചുറ്റുമുള്ള കനകപ്രഭാ മണ്ഡലത്തിൽ അത്യപൂർവ പ്രസരണശേഷിയുള്ള മഹാ പൈശാചികഘൃതം എന്ന നെയ്യ് നിറച്ചിരിക്കുന്നു. അതിനാൽ ഇതിന്റെ സമീപമിരുന്നാൽ നെഗറ്റീവ് ഊർജത്തെ ശമിപ്പിച്ചു മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണർത്തും. അതായത് മനഃശാന്തി കൈവരുമെന്നു ചുരുക്കം.

 

കനകപ്രഭാ മണ്ഡലത്തിൽ ബ്രാഹ്മിലിപിയിൽ മരപ്രഭുവിന്റെ മൂലമന്ത്രം കൊത്തിവച്ചിട്ടുണ്ട്. 

"ബ്രഹ്മാണ്ഡസർവ്വവും ജഠരേ വഹിക്കുമീ- 

സകല മരാമര പ്രഭുവേ പ്രണാമം"

 

അർഥം -ബ്രഹ്മാണ്ഡത്തെ ഉദരത്തിൽ വഹിക്കുന്ന മഹാപ്രഭുവിനെ പ്രണമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com