ADVERTISEMENT

പെയ്തൊഴിയുന്ന ദുരിതങ്ങളിൽനിന്നു മോചനം തേടിക്കൊണ്ട് പുതിയൊരു ലോകത്തെ സ്വപ്നം കാണുന്ന മലയാളിയുടെ നിറമനസ്സിന്റെ പ്രതീകമായി വടക്കൻ കേരളത്തിൽ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ വീടുകളിൽ ചിങ്ങവെള്ളം ഒരുക്കുന്നു. ചിങ്ങസംക്രമം മുതൽ ചിങ്ങാവസാനം വരെ ഓരോ പുലരിയിലും പടിഞ്ഞാറ്റയിൽ നിറകുംഭമായി ചിങ്ങവെള്ളം ഒരുക്കിവയ്ക്കും.

വീട്ടുപറമ്പിലെ കിണറിൽ നിന്നു വെള്ളം കോരുന്നു. ആദ്യം കോരിയെടുത്ത വെള്ളമാണ് ചിങ്ങവെള്ളത്തിന് ഉപയോഗിക്കുന്നത്. ഈ വെള്ളം സൂര്യനുനേരെ മൂന്നു തവണ തർപ്പണം ചെയ്ത ശേഷം തേച്ചു കഴുകി വൃത്തിയാക്കിയ മുരുടയിൽ നിറക്കുന്നു. അതിൽ തുമ്പപ്പൂവും തുളസിയും ഇടുന്നു. ചെറിയൊരു താളില പറിച്ച് അതിന്റെ വായ മൂടുന്നു. വളരെയേറെ ഭക്തിയോടെ ആ നിറകുംഭത്തെ പടിഞ്ഞാറ്റയിലെത്തിക്കുന്നു.

chingavellom
ചിങ്ങവെള്ളം ഒരുക്കുന്ന വീട്ടമ്മ


കത്തിച്ചുവച്ച വിളക്കിന്റെ മുന്നിലായി നിറകുംഭം വയ്ക്കും. തുമ്പപ്പൂവും തുളസിപ്പൂവും കൊണ്ട് അർച്ചിക്കും.അന്നേ ദിവസം മുഴുവൻ ആ നിറകുംഭം വീടിന് ഐശ്വര്യം ചൊരിയുമെന്ന പ്രതീക്ഷയോടെ. പിറ്റേന്നു രാവിലെ അത് മാറ്റി വീണ്ടും വയ്ക്കും.കാറണിഞ്ഞ കർക്കടകവും കാറൊഴിഞ്ഞ ചിങ്ങവും. മലയാളിയുടെ ആണ്ടറുതി മാരിക്കാലവും ആണ്ടുപിറവി മാരിയൊഴിഞ്ഞ കാലവുമാണ്.


പ്രകൃതിക്കു സംഭവിക്കുന്ന ഭാവമാറ്റം മനുഷ്യരിലേക്കും പകരുന്നുണ്ട്. വേദനയുടെയും അറുതിയുടെയും തീരാക്കയത്തിൽ നിന്നും മോചനം തേടി ശുഭപ്രതീക്ഷകൾക്കു നിറം പകരുന്ന പൊന്നിൻ ചിങ്ങത്തിന്റെ തിരുപ്പിറവി വടക്കൻമലയാളി കൊണ്ടാടുകയാണ്. സൂര്യദേവനെ വരവേൽക്കുന്ന ഒരാചാരമായിട്ടാണ് ചിലർ ഇതിനെ കാണുന്നത്.
ചിങ്ങത്തിലെ സൂര്യൻ ബലവാനാണ്. സുര്യന്റെ സ്വന്തം ക്ഷേത്രമായിട്ടാണ് ചിങ്ങമാസത്തെ ജ്യോതിഷികൾ പറയുന്നത്.ഏറ്റവും തെളി‍ഞ്ഞ നയനാനന്ദകാരിയായ സുര്യനായി നമുക്ക് അനുഭവപ്പെടുന്നതു  ചിങ്ങമാസത്തിലാണ്. സൂര്യനു മൃതസഞ്ജീവനി ധർമമുണ്ടെന്നു പഴമക്കാർ പറയുന്നു.
ചിങ്ങമാസത്തിലെ ഉദയസൂര്യന്റെ രശ്മിയേൽക്കുന്ന വെള്ളം ഏറ്റവും പരിശുദ്ധമായിരിക്കുമെന്നും അത് രോഗാണുവിമുക്തമായിരിക്കുമെന്നും അതൊഴിച്ചാൽ ശരീരത്തിലേറ്റ മുറിവുകൾ പോലും ഉണങ്ങുമെന്നും ചിലർ വിശ്വസിക്കുന്നു.ശരീരത്തിനെന്നപോലെ മനസ്സിനും മൃതസഞ്ജീവനിയായി തീരുകയാണ് നിറകുംഭം. മലയാളികളുടെ വിശ്വാസമനുസരിച്ച് അഷ്ടമംഗല്യ വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്രേ നിറകുംഭം.
അതിഥിയെ സൽക്കരിക്കാൻ, ദേവനെ ആരാധിക്കാൻ, മംഗളം അനുഭവിക്കാൻ എല്ലാറ്റിനും നിറകുംഭം പ്രയോജനകാരിയാണ്.പുണ്യതീർഥങ്ങളെ അനുസ്മരിപ്പിക്കുകയാണ് നിറകുംഭം. ശ്രീകൃഷ്ണന്റെ ജന്മമാസമാണ് ചിങ്ങമെന്നതുകൊണ്ടു കൃഷ്ണാരാധനായായിട്ടാണ് ചിലർ ചിങ്ങവെള്ളത്തെ കാണുന്നത്.
അതുകൊണ്ടുതന്നെ ചിങ്ങവെള്ളം വയ്ക്കുന്ന വേളയിൽ മുത്തശ്ശിമാർ ഹരിനാമകീർ‌ത്തനം ചൊല്ലാറുണ്ട്.ചിലർക്കിത് ലക്ഷ്മീപൂജയാണ്. ശ്രീസൂക്തമാണ് ഈചടങ്ങിൽ ഉപയോഗിക്കുന്ന മന്ത്രം. സമുദായങ്ങളും കൂട്ടായ്മകളും മാറുന്നതിനനുസരിച്ചു കൽപിക്കപ്പെടുന്ന ഈശ്വര പുരാവൃത്തം ചെറുതായി ഭേദപ്പെടുന്നുണ്ടെങ്കിലും എല്ലാവരും സങ്കൽപിക്കുന്ന, വിശ്വസിക്കുന്ന, പ്രതീക്ഷിക്കുന്ന കാമന ഒന്നാണ്–വീട്ടിൽ ഐശ്വര്യം കളിയാടണമേയെന്ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com