ADVERTISEMENT

മള്ളിയൂര്‍ ശ്രീ മഹാഗണപതിക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവത്തിനു കൊടിയേറി. സെപ്റ്റംബര്‍ 2-നാണു വിനായക ചതുര്‍ഥി. മൂന്നിറ് ആറാട്ട്. ഗണേശ ഭക്തി നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ മള്ളിയൂര്‍ തീര്‍ഥാടന കാലത്തിന് ഓഗസ്റ്റ് 27 നു തുടക്കമാകും. അത്യപൂര്‍വമായ വൈഷ്ണ ഗണപതി സങ്കല്‍പ്പത്തിലുള്ള മള്ളിയൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം സര്‍വവിഘ്‌നങ്ങളും അകറ്റാന്‍ അത്യുത്തമമെന്നാണു വിശ്വാസം. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, ആയിരം കുടം ഉദയാസ്തമന പൂജ തുടങ്ങിയവയാണു പ്രധാന വഴിപാടുകള്‍. വിവാഹസംബന്ധമായ തടസം നീങ്ങാനും കുടുംബശ്രേയസിനും വിശേഷാല്‍ നടത്തുന്ന വഴിപാടാണ് വിഘ്‌നേശ്വരനു കദളിപ്പഴം കൊണ്ടുള്ള നക്ഷത്രമാല സമര്‍പ്പിക്കല്‍. കുറുപ്പന്തറ കവലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മള്ളിയൂര്‍ ക്ഷേത്രം. രാജ്യമാകെ അറിയപ്പെടുന്ന മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത് പെരുമാള്‍ രാജാക്കന്‍മാരുടെ ഭരണ കാലത്തിനും മുന്‍പായിരുന്നു.  ഒരു കാലത്ത് നാടാകെ അറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീട് ക്ഷയിച്ചു തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കലര്‍പ്പില്ലാത്ത ഭക്തിയും തപസ്സും ക്ഷേത്രത്തെ ഉയരങ്ങളിലെത്താന്‍ വഴി തെളിച്ചു.  

malliyoor-kodiyettu

 

മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. വലംപിരിയായ തുമ്പിക്കയ്യിൽ മാതളനാരങ്ങയും കൈകളിൽ മഴു, കയർ, കൊമ്പ്, ലഡു എന്നിവയുമുണ്ട് . അമ്പാടിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ഗണേശരൂപമാണു ജ്യോതിഷ ചിന്തയിൽ തെളിഞ്ഞത്. ഇത്തരത്തിലുള്ള ചിത്രാലേഖനമാണ് ഏറെ പ്രചാരം നേടിയത്.

 

 

മള്ളിയൂര്‍ എന്ന ആധ്യാത്മിക ഗ്രാമം

 

malliyoor-845

മാഞ്ഞൂര്‍ എന്ന ഗ്രാമം മള്ളിയൂര്‍ എന്നറിയപ്പെടുന്നത് ഋഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ആധ്യാത്മിക ചൈതന്യം മൂലമാണ്. കുറുപ്പന്തറ,മാഞ്ഞൂര്‍ പ്രദേശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാധാരണ ഗ്രാമങ്ങളായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമങ്ങള്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയിലൂടെ പ്രസിദ്ധമായി. കോട്ടയത്തിനും വൈക്കത്തിനും ഇടയിലെ പ്രധാന കച്ചവട കേന്ദ്രമായിരുന്നു കുറുപ്പന്തറ. ഇന്നും പച്ചക്കറി വിപണിയുടെ കേന്ദ്രമാണ് ഈ സ്ഥലം. കോട്ടയം -വൈക്കം ജലപാതയില്‍ പ്രധാന സ്ഥലമായ കുറുപ്പന്തറയില്‍ നിന്ന് ഒരു കാലത്ത് ആലപ്പുഴയ്ക്കും വൈക്കത്തിനും വള്ളങ്ങള്‍ സഞ്ചരിച്ചിരുന്നു. ഇവിടെ നിന്ന് പടിഞ്ഞാറുവരെ വള്ളത്തില്‍ സഞ്ചരിച്ചാല്‍ കുമരകത്തിന്റെ സമീപം ചീപ്പുങ്കലില്‍ എത്തും.  തോട്ടിലൂടെ വടക്കോട്ട് പോയാല്‍ വൈക്കം. പത്തും പന്ത്രണ്ടും വള്ളങ്ങള്‍ കുറുപ്പന്തറക്കടവില്‍ യാത്രക്കാരെ കാത്തുകിടക്കുന്ന കാലമുണ്ടായിരുന്നു.

 

വൈഷ്ണവ ഗണപതി സങ്കല്പം മള്ളിയൂരിൽ എങ്ങനെയുണ്ടായി? അതേപ്പറ്റി മള്ളിയൂർ തന്നെ ഒരിക്കൽ ഇങ്ങനെ പറഞ്ഞു

 

തന്ത്രശാസ്ത്രത്തിൽ രണ്ടു പ്രധാന സംഗതികളുണ്ട്. ഒന്ന് ഒരു ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയുടെ മൂലമന്ത്രമേ ശ്രീകോവിലിനുള്ളിൽ ചൊല്ലാവൂ. മറ്റൊന്നും പാടില്ല. ഓരോ ദേവനും അർച്ചിക്കാവുന്നതും നിഷിദ്ധവുമായ പൂക്കളുണ്ട്. ഇതിന് അനുസരിച്ച് ഉത്തമ പുഷ്പങ്ങൾ മാത്രമേ ചാർത്താവൂ. നിഷിദ്ധമായവ അരുത്. ഇങ്ങനെ നോക്കുമ്പോൾ ആദ്യം പറഞ്ഞ ശാസ്ത്രം ഞാനങ്ങു തെറ്റിച്ചു. രണ്ടാമത്തേതിൽ കൈവെച്ചില്ല. ഗണപതിക്ക് അർച്ചിക്കാവുന്നതും അലങ്കരിക്കാവുന്നതുമായ പൂക്കളേ ശ്രീകോവിലിലേക്കെടുക്കൂ. ഗണപതിയുടെ മുന്നിൽ ധ്യാനശ്ലോകത്തിനു പകരം ഭാഗവതമാണ് ഞാൻ വായിച്ചത്. ഗണപതിക്കരികിൽത്തന്നെ സാളഗ്രാമം വെച്ച് പൂജയും നടത്തി. ഇതിലൊക്കെ എത്രമാത്രം ശരിയുണ്ടെന്നോ ശാസ്ത്രമുണ്ടെന്നോ ഞാൻ നോക്കിയില്ല. താന്ത്രികവിധിയേക്കാളും ശാസ്ത്രത്തെക്കാളുമൊക്കെ എന്റെ മനസ്സിൽ നിറഞ്ഞൊഴുകിയത് ഭഗവത് സമർപ്പണമായിരുന്നു. ഞാനതു നിരന്തരമായി ചെയ്തു. വിഘ്നേശ്വരനെ ഭാഗവതം വായിച്ചുകേൾപ്പിച്ചും പുഷ്പാഞ്ജലികൾ കഴിച്ചും വൈഷ്ണവോപാസന നടത്തിയും ഞാനെന്റെ ഭഗവത് സേവ മുടങ്ങാതെ നിർവഹിച്ചു. ഇതൊന്നും ശാസ്ത്ര വിധിപ്രകാരമല്ല. എനിക്കിങ്ങനെയൊക്കെ തോന്നി. ഞാനതു ചെയ്തു. എന്തോ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാവണം വിഘ്നേശ്വര വിഗ്രഹത്തിൽ കൃഷ്ണൻ തെളിഞ്ഞുവന്നത്.

 

ദേവപ്രശ്നത്തിലും തെളിഞ്ഞത് അതാണ്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി നാലു പതിറ്റാണ്ടിലേറെ ക്ഷേത്രശ്രീകോവിലിനു മുമ്പിൽ സാളഗ്രാമംവച്ച് ഭാഗവതം വായിച്ചു. മള്ളിയൂരിന്റെ ആത്മതർപ്പണത്തിന്റെ ഫലമായി വിഘ്നേശ്വരനിൽ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നുവെന്നാണ് ജ്യോതിഷപ്രശ്നത്തിൽ വെളിവായത്.

 

പ്രധാന വഴിപാടുകൾ

 

 

 മഹാഗണപതിഹോമം

 

 മറ്റു ഗണപതി ക്ഷേത്രങ്ങളിലെപ്പോലെ മള്ളിയൂരിലും  പ്രധാന വഴിപാട് ഗണപതിഹോമം തന്നെയാണ്. ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുർഥി ദിവസത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ശ്രേഷ്ഠമായ ഫലസിദ്ധിയുള്ള വഴിപാടായി.

 

 

 

പൂജയും ഹോമവുമൊക്കെ നടത്തുമ്പോൾ സാധകന്റെ പാണ്ഡിത്യമല്ല ദേവന്റെ സാന്നിധ്യമാണ് അനുഭവവേദ്യമാകേണ്ടത്. പൂജയിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിക്കും താനാണ് ഭഗവൽചരണത്തിൽ ലയിച്ചതെന്നു തോന്നണം. അഹംബോധം ഹോമിക്കപ്പെട്ടതായും ആത്മതേജസ്സ് തിളങ്ങുന്നതായും തോന്നണം. സർവൈശ്വര്യത്തിനും ശ്രേയസ്സിനും മാനസിക സ്വസ്ഥതയ്ക്കും വേണ്ടിയാണ് ഭക്തജനങ്ങൾ മള്ളിയൂരിൽ മഹാഗണപതിഹോമം നടത്തുന്നത്.

 

 

 

 മുക്കുറ്റി പുഷ്പാഞ്ജലി  

 

 ഒരു പതിറ്റാണ്ടിലേറെയായി മുക്കുറ്റി പുഷ്പാഞ്ജലി മള്ളിയൂർ ക്ഷേത്രത്തിലെ വിശേഷ വഴിപാടായി ഭക്തജനങ്ങൾ കരുതിപ്പോരുന്നു. വേരോടെ പറിച്ചെടുത്ത 108 ചുവട് മുക്കുറ്റി പ്രത്യേകം തയാറാക്കുന്ന തൃമധുരത്തിൽ മുക്കി അർപ്പിക്കുന്നതാണു വഴിപാട്. തീവ്രസാധനയോടെ ചെയ്യുന്ന ചടങ്ങായതിനാൽ ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലികളേ സ്വീകരിക്കാറുള്ളൂ. അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വിശേഷാൽ വഴിപാടാണ് മുക്കുറ്റി പുഷ്പാഞ്ജലി.

 

 

 

 ഉദയാസ്തമന പൂജ 

 

താന്ത്രികവിധി പ്രകാരം വിഗ്രഹാദി ഉപാധികളിലേക്ക് ആവാഹിച്ച് ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ നിവേദ്യങ്ങൾ സമർപ്പിച്ചാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. പൂജകളിൽ പരമപ്രധാനം ഉദയാസ്തമന പൂജയാണ്. സർവ വിധത്തിലുമുള്ള ഐശ്വര്യത്തിനായിട്ടാണ് ഉദയാസ്തമന പൂജ നടത്തുന്നത്. വ്യത്യസ്തങ്ങളായ 18 പൂജകളാണ് ഉദയാസ്തമന പൂജയിൽ ഉൾപ്പെടുന്നത്. മള്ളിയൂർ ഗണപതിക്കും സാളഗ്രാമത്തിനും ദുർഗ, അന്തിമഹാകാളൻ, യക്ഷി, ശാസ്താവ്, സർപ്പം തുടങ്ങിയ ഉപദേവതകൾക്കും പ്രത്യേകപൂജകളും നിവേദ്യങ്ങളും അർപ്പിക്കുന്ന ഒരു ദിവസത്തെ പൂജയും ഇവിടെ പ്രധാനമാണ്

 

 

 

സഹസ്രകലശം

 

ആയിരംകുടം ജലം അഭിഷേകം നടത്തുന്ന ഭക്തി നിർഭരമായ ചടങ്ങാണ് സഹസ്രകലശം. പ്രതിബന്ധങ്ങൾക്കു പരിഹാരമായും ദുരിതങ്ങളിൽനിന്നുള്ള മോചനത്തിനായും ആയിരംകുടം ജലാഭിഷേകം നടത്താറുണ്ട്.

 

പഴമാല 

 

വിവാഹസംബന്ധമായ തടസ്സങ്ങൾ നീങ്ങാനും കുടുംബശ്രേയസ്സിനും വേണ്ടി നടത്തുന്ന വിശേഷാൽ വഴിപാടാണ് പഴമാല. 28 കദളിപ്പഴം കൊണ്ടുള്ള നക്ഷത്രമാലയാണ് വിഘ്നേശ്വരനു സമർപ്പിക്കുന്നത്.

 

 

 

തടിനിവേദ്യം

 

പലവിധ രോഗങ്ങളിൽപെട്ട് ഉഴലുന്നവർ ഭഗവാനായി സമർപ്പിക്കുന്ന വിശേഷാൽ നിവേദ്യത്തിനെയാണ് തടി വഴിപാട് എന്നു പറയുന്നത്. അരിപ്പൊടി, ശർക്കര, നാളികേരം ഇവ കലർത്തി ആവിയിൽ വേവിക്കുന്ന നിവേദ്യമാണ് ഇത്. 

 

 

 

ചതുർത്ഥിയൂട്ട്

 

പിതൃദോഷ പരിഹാരം സങ്കൽപിച്ചാണ് വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളിൽ ചതുർത്ഥിയൂട്ട്  നടത്തുന്നത്. പിതൃസദ്ഗതിക്കു വിശേഷമാണ് ഈ വഴിപാട്.

 

 

 

പാൽപായസം

 

സന്താനലബ്ധിക്കും സൽസന്താന ലാഭത്തിനുമായിട്ടാണ് ഭക്തർ മള്ളിയൂരിൽ പാൽപായസം വഴിപാടു നടത്തുന്നത്.

 

 

 

മുഴുക്കാപ്പ്

 

ചന്ദനാദിലേപം കൊണ്ട്  ഗണേശവിഗ്രഹം അലങ്കരിച്ച്, പ്രത്യേക പൂജകളും ദീപാരാധനയും നടത്തുന്നു. 

 

തുലാഭാരം, പുഷ്പാഞ്ജലി

 

സർവവിധമായ അനുഗ്രഹലബ്ധിക്കായുള്ള  തുലാഭാരം വഴിപാട്, ദുഃഖശമനത്തിനും സങ്കടമോചനത്തിനുമായി നെയ് വിളക്കു തെളിക്കൽ, പൂർണ പുഷ്പാഞ്ജലി, നിറമാല തുടങ്ങിയ വഴിപാടുകളും മള്ളിയൂർ ക്ഷേത്രത്തിൽ ധാരാളമായി നടന്നുവരുന്നു.

 

 

 

ഗണേശമണ്ഡപം ഓഗസ്റ്റ് 27 നു ഉണരും

 

ഓഗസ്റ്റ് 27 നു വൈകിട്ട് 7ന് ഒ.എസ്.ത്യാഗരാജന്റെ സംഗീതസദസ്സ്, നാളെ കലാമണ്ഡലം ഗോപി, കലാമണ്ഡലം ശ്രീകുമാര്‍, കോട്ടയ്ക്കല്‍ മധു, കലാമണ്ഡലം കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന നളചരിതം മൂന്നാം ദിവസം കഥകളി. 29ന് 7.30ന് കല്ലൂര്‍ രാമന്‍കുട്ടി, പോരൂര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ ഇരട്ട തായമ്പക, 30ന് സൂര്യഗായത്രിയുടെ ഭക്തിഗാന തരംഗിണി, 31ന് 10ന് കലാമണ്ഡലം വിവേക് ചന്ദ്രന്‍, മുളകുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാര്‍ എന്നിവരുടെ ഇരട്ട തായമ്പക, 7.30ന് അംബി സുബ്രഹ്മണ്യത്തിന്റെ വയലിന്‍ സോളോ എന്നിവയാണു പരിപാടികള്‍. സെപ്റ്റംബര്‍ ഒന്നിനു 12.30ന് ഷീല മേനോന്‍ നയിക്കുന്ന ഭക്തിഗാനമേള, 5.30ന് കോട്ടയം അജിത്ത് കുമാറിന്റെ ജലതരംഗം, 7.30ന് ചലച്ചിത്രതാരം ആശ ശരത്തിന്റെ നൃത്തം. വിനായക ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ 2ന് 8.30ന് ഡോ.എല്‍.സുബ്രഹ്മണ്യം, കവിതാ കൃഷ്ണമൂര്‍ത്തി എന്നിവരുടെ സംഗീതസദസ്സ് എന്നിവയും നടക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com