ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

സെപ്റ്റംബർ 01, ഞായർ 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. പകൽ 11.10 വരെ ഉത്രം. തുടർന്ന് അത്തം. ഒപ്പം കാലത്ത് 08. 26 ശുക്ല പക്ഷ ദ്വിതീയ തുടർന്ന് തൃതീയ. മാസത്തിലെ അത്തം, ശുക്ല പക്ഷ തൃതീയ ശ്രാദ്ധം ഉത്രം, അത്തം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. സൽസന്താനയോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം. പൂരുരുട്ടാതി, ചതയം, മകം, ആയില്യം, പൂയം, പുണർതം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലം. പരമശിവനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു: 

 

പശൂനാം പതിം പാപനാശം പരേശം

ഗജേന്ദ്രസ്യ കൃത്തിം വസാനാം വരേണ്യം

ജടാചൂഡമദ്ധ്യേ സ്ഫുരത്ഗാംഗവാരിം

മഹാദേവമേകം സ്മരാമി സ്മരാമി

മഹേശം സുരേശം സുരാരാതിനാശം

വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷം

വിരൂപാക്ഷമിന്ദ്വർക്കവഹ്നിത്രിനേത്രം 

സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദേശം: ഭവനത്തിനു/ഓഫീസിനു മുന്നിൽ പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്

 

പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

 

ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ, മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സർവപാപഘ്നം പ്രണതോസ്മി ദിവാകരം

 

സെപ്റ്റംബർ 02, തിങ്കൾ 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. കാലത്ത് 08.32 വരെ അത്തം. തുടർന്ന് ചിത്തിര. ഒപ്പം രാത്രി 01.53 വരെ ശുക്ല പക്ഷ ചതുർത്ഥി. മാസത്തിലെ ചിത്തിര ശുക്ലപക്ഷ ചതുർത്ഥി ശ്രാദ്ധം, ചിത്തിര പിറന്നാൾ ആചരിക്കേണ്ടത് ഇന്നാണ്. ചതയം, ചിത്തിര, അവിട്ടം, മകയിരം, ഉത്രം , മകം, പൂയം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ഉമാമഹേശ്വരന്മാരെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു: 

 

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം

ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം 

ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം

നമോ നമഃ ശങ്കരപാർവതീഭ്യാം

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദേശം: വെളുത്ത പുഷ്പങ്ങൾ സ്ഫടികപ്പാത്രത്തിലെ ജലത്തിൽ ഇട്ട് വീടിന്റെ /ഓഫീസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറിയിൽ പകൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം.  പ്രതികൂല നിറം: കറുപ്പ്

 

പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്ക പിറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

 

ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ, കർക്കടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം. 

 

 

സെപ്റ്റംബർ 03, ചൊവ്വ

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. കാലത്ത് 06.23 വരെ ചിത്തിര. തുടർന്ന് ചോതി. ഒപ്പം രാത്രി 11.27 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ ചോതി കൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം, ചോതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. സൽസന്താന യോഗമുള്ള ദിവസമല്ല. രോഹിണി, അത്തം, പൂരം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു: 

 

ദുഷ്ടദൈത്യവിനാശായ

ജഗതാംത്രാണനായച 

ഉൽപന്നായൈ മഹാദേവ്യൈ

ദുർഗായൈ സതതം നമഃ

 

ലാൽ കിതാബ് നിർദേശം: പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ/ഓഫീസിന്റെ പ്രധാന മുറിയിൽ വയ്ക്കുക. ദിവസത്തിന് ചേർന്ന നിറം: കാഷായ നിറം, ഓറഞ്ച്, ചെങ്കല്ല് നിറം, ചുവപ്പ്, മെറൂൺ. പ്രതികൂല നിറം: കറുപ്പ്, കടും നീലം 

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്‍ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

 

സെപ്റ്റംബർ 04, ബുധൻ 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. രാത്രി 04.06 വരെ വിശാഖം. ഒപ്പം രാത്രി 09.44 ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ വിശാഖം കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം, വിശാഖം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാർത്തിക, ചിത്തിര, ഉത്രം, മകം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക് നരസിംഹസ്വാമിയെ ഭജിക്കുക. ഒരു പ്രാർഥനാസ്തോത്രം ചേർക്കുന്നു: 

 

കൃപാസാഗരം ക്ലിഷ്ടരക്ഷാധൂരിണം

കൃപാണം മഹാപാപ വൃക്ഷൗഘഭേദേ

നതാഭീഷ്ട വാരാശി രാകാശശാങ്കം

നമസ്കൂർമ്മഹേ ശൈലവാസം നൃസിംഹം

 

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദേശം: ശിശുക്കൾക്ക് നിറമുള്ള വസ്ത്രം നൽകുക. ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം പ്രതികൂല നിറം: ചുവപ്പ്.

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം തം ബുധം പ്രണമാമ്യഹം

 

സെപ്റ്റംബർ 05, വ്യാഴം 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. രാത്രി 04.08 വരെ അനിഴം. ഒപ്പം രാത്രി 08.49 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ അനിഴം, കൃഷ്ണപക്ഷ സപ്തമി ശ്രാദ്ധം, അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. സൽസന്താനയോഗമുള്ള ദിനമാണ്. അശ്വതി, ഭരണി, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം. മഹാവിഷ്ണുഭജനം നടത്തുക. ഒരു പ്രാർഥനാ മന്ത്രം ചേർക്കുന്നു:

 

യസ്യസ്മരണ മാത്രേണ ജന്മസംസാര ബന്ധനാദ്

വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ

നമഃ സമസ്ത ഭൂതാനാമാദി ഭൂതായ ഭൂഭൃതേ

അനേക രൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദേശം: കുമ്പളങ്ങ ചേർത്ത കറി ഭക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം. പ്രതികൂല നിറം: കറുപ്പ്, കടുംനീല.

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുക, മംഗളകർമങ്ങളിൽ സംബന്ധിക്കുക, ദേവ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവർക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദേവാനാം ച: ഋഷീണാം ച: ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

 

സെപ്റ്റംബർ 06, വെള്ളി 

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. രാത്രി 04.57 വരെ തൃക്കേട്ട. ഒപ്പം രാത്രി 08.42 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ തൃക്കേട്ട കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം, തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. സൽസന്താനയോഗമുള്ള ദിനമല്ല. അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷശാന്തിക്ക് ഗണപതി ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 

പ്രണമ്യ ശിരസാദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാവ്യാസം സ്മരേന്നിത്യം

ആയുഷ്കാമാർത്ഥസിദ്ധയേ

പ്രഥമം വക്രതുണ്ഡഞ്ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുർത്ഥകം

ലംബോദരം പഞ്ചമഞ്ച

ഷഷ്ഠം വികടമേവച

സപ്തമം വിഘ്നരാജഞ്ച

ധൂമ്രവർണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രശ്ച

ദശമന്തു വിനായകം

ഏകാദശം ഗണപതീം

ദ്വാദശന്തു ഗജാനനം.

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദേശം: ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക. ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം: ചുവപ്പ്.

 

പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീക്ഷേത്രദർശനം നടത്തി പ്രാർഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

 

ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഹിമകുന്ദ മൃണാളാഭം ദൈത്യനാം പരമം ഗുരും 

സർവ്വ ശാസ്ത്ര പ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

 

സെപ്റ്റംബർ 07, ശനി

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ദിനം മുഴുവൻ മൂലം. ഒപ്പം രാത്രി 09.22 വരെ ശുക്ല പക്ഷ നവമി. മാസത്തിലെ മൂലം, ശുക്ല പക്ഷ നവമി ശ്രാദ്ധം, മൂലം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. സൽസന്താന യോഗമുള്ള ദിവസമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. ആയില്യം, പൂയം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷശാന്തിക്ക് ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക. ഒരു ധർമ്മശാസ്താ സ്തുതി ചേർക്കുന്നു:

 

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം

ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

പാർശ്വേ പുഷ്ക്കലപൂർണ്ണ കാമിനിയുതം ശാസ്താമഹേശം ഭജേ

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദേശം: ആര്യവേപ്പിൻ ചുവട്ടിൽ മഞ്ഞൾ ചേർത്ത വെള്ളം ഒഴിക്കുക. ചെറിയ മണി ഭവനത്തിന്റെ/ ഓഫീസിന്റെ വടക്കു ഭാഗത്ത് വെയ്ക്കുക. ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം. പ്രതികൂല നിറം: ചുവപ്പ്. 

 

പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം.

 

ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com