ADVERTISEMENT

ഭാരതീയർ 64 ഭിന്നരൂപങ്ങളിൽ വിവിധഭാവങ്ങളിൽ ദേവിയെ ഉപാസിക്കുന്നു. ഒൻപതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള ഉത്സവമാണ് നവരാത്രി. അജ്ഞാനാന്ധകാരത്തിൽ ജ്ഞാനത്തിൻ പ്രഭയും നിത്യമുക്തിയും പ്രദാനം ചെയ്തു തിന്മക്കുമേൽ നന്മയുടെ വിജയസൂചകമായി ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മയ്ക്കായാണ് നവരാത്രി ആഘോഷിക്കുന്നത്.

 

ആദ്യമൂന്നുദിവസങ്ങളിൽ ദുർഗ്ഗയെയും (അഹംഭാവത്തിന്റെ ശുദ്ധികലശം) പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ ലക്ഷമിയേയും(നിഷേധ ശക്തികളെ ഇല്ലാതാക്കി സക്രിയചിന്തകളെ ഉള്ളിൽ നിറയ്ക്കുന്നു) അവസാന മൂന്നുദിവസം സരസ്വതിയേയും(ആദ്യത്തെ രണ്ടു കടമ്പകൾ കഴിഞ്ഞാൽ യാതൊന്നുമെഴുതാത്ത ശ്വേതപുസ്തകതാളുപോലെ ശൂന്യമായ ഉൾത്തളങ്ങളിൽ ബുദ്ധിയുടെ വെളിച്ചത്തെ നിറയ്ക്കാൻ )ഉപാസിക്കുന്നു.

 

ചിട്ടയായ വ്രതാനുഷ്ഠാനങ്ങളിലൂടെ ഹൃദയകമലം വിടരുന്നു, ആത്മീയചൈതന്യമുണരുന്നു. ഉപാസനാസാധനപാരായണങ്ങളിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം വിജയദശമിയിലൂടെ ഈ ഭൂമിയിൽ ജീവിച്ചു വിജയം വരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ദക്ഷിണേന്ത്യക്കാർ മഹിഷാസുരവധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ ഉത്തരേന്ത്യക്കാർ കൂടുതലും ഭഗവാൻ ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സന്തോഷസൂചകമായാണ് നവരാത്രി കൊണ്ടാടുന്നത്. രാവണന്റെ കൂറ്റൻപ്രതിമകൾ അമ്പയ്തു അഗ്നിക്കിരയാക്കുന്നു. ഇതു ദുഷ്ടശക്തികൾക്കു മേലുള്ള നന്മയുടെ വിജയത്തെ കാണിക്കുന്നു.

 

ഉത്തരേന്ത്യക്കാർ ചണ്ഡികാ ദേവിയെ പൂജിച്ചു വ്രതം നോക്കുന്നു. മുണ്ഡകോപനിഷദ്  പാരായണം ചെയ്യുന്നു. ആരതിയും അലങ്കാരവും മധുരം പങ്കിടലും ഒക്കെയായി ആചരിക്കുന്ന വ്രതത്തിനു അഗ്നിഹോമത്തിലൂടെ പരിസമാപ്തിയാവുന്നു. തമിഴ്നാട്ടിൽ മൈലാപൂരിൽ നന്ദിക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ അനേകം കുട്ടികൾ അരങ്ങേറ്റം കുറിക്കുന്നു.

 

കൊട്ടാരക്കര വെട്ടിക്കവല മേജർ മഹാദേവക്ഷേത്രത്തിൽ നവരാത്രിക്കു മാത്രമേ ദേവി നടതുറക്കുകയുള്ളൂ. അന്നേ ദിവസങ്ങളിൽ സരസ്വതീ മണ്ഡപത്തിൽ നിരവധിപേർ വിവിധ കലകളിൽ ആരംഭം കുറിക്കുന്നു. നവരാത്രിയുടെ അവസാനദിവസം സിദ്ധിധാത്രിയെന്ന ദേവീ ഭാവം ഭക്തർക്ക് കഴിവുകളുംസിദ്ധിയും പ്രദാനം ചെയ്യുന്നു.

 

ഇതേ ദേവിയുടെ അനുഗ്രഹത്തിലാണ് മഹാദേവന് സർവ്വസിദ്ധികളും ലഭിച്ചതെന്നും അതിനാൽ തന്റെ പാതി ദേവിക്കുനല്കി ഭഗവാൻ അർദ്ധനാരീശ്വരനുമായെന്നും പറയപ്പെടുന്നു. ഇത്തവണത്തെ നവരാത്രി ഉത്സവം സെപ്തംബർ 29 നു തുടങ്ങി ഒക്ടോബർ എട്ടിനു  വിജയദശമിയോടുകൂടി അവസാനിക്കും. ഒക്ടോബർ അഞ്ചിനാണ് പൂജവയ്പ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com