ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

 

ഒക്ടോബർ 06, ഞായർ 

പകൽ 03.03 വരെ പൂരാടം. തുടർന്ന് ഉത്രാടം. ഒപ്പം പകൽ 10.57 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ ഉത്രാടം, ശുക്ലപക്ഷ നവമി ശ്രാദ്ധം, പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. പകൽ 03.03 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്കു യഥാവിധി പരിഹാരം വേണ്ടിവരും. പൂയം, മൂലം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 


ഓം നമോഽസ്തുതേ!

അഭയേ, അനഘേ, അജിതേ, അമിതേ, അമൃതേ, അപരേ,

അപരാജിതേ, പഠതി, സിദ്ധേ ജയതി സിദ്ധേ,

സ്മരതി സിദ്ധേ, ഏകോനാശീതിതമേ, ഏകാകിനി, നിശ്ചേതസി,

സുദ്രുമേ, സുഗന്ധേ, ഏകാന്നശേ, ഉമേ ധ്രുവേ, അരുന്ധതി,

ഗായത്രി, സാവിത്രി, ജാതവേദസി, മാനസ്തോകേ, സരസ്വതി,

ധരണി, ധാരണി, സൌദാമനി, അദിതി, ദിതി, വിനതേ,

ഗൌരി, ഗാന്ധാരി, മാതംഗീ, കൃഷ്ണേ, യശോദേ, സത്യവാദിനി,

ബ്രഹ്മവാദിനി, കാലി, കപാലിനി, കരാളനേത്രേ, ഭദ്രേ, നിദ്രേ,

സത്യോപയാചനകരി, സ്ഥലഗതം ജലഗതം അന്തരിക്ഷഗതം

വാ മാം രക്ഷ സര്‍വോപദ്രവേഭ്യഃ സ്വാഹാ 

 


എന്ന സ്തുതി ജപിച്ച് നമസ്കരിക്കുക. ലാകിതാബ് പരിഹാരം: പ്രധാന വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല. 

 

ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ രവി:

 

പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

 


ഒക്ടോബർ 07, തിങ്കൾ 

പകൽ 05.24 വരെ ഉത്രാടം തുടർന്ന് തിരുവോണം. ഒപ്പം രാത്രി പകൽ 12.37 വരെ ശുക്ല പക്ഷ നവമി. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. മാസത്തിലെ ശുക്ലപക്ഷ ദശമി ശ്രാദ്ധം, ഉത്രാടം പിറന്നാൾ ഇവ ആചരിക്കേണ്ടത് ഇന്നാണ്. പുണർതം, പൂയം, മൂലം, അനിഴം, ചോതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷ ശാന്തിക്ക് ദേവീ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു: 

 

യാ ചണ്ഡീ മധുകൈടഭാദിദൈത്യദലനീ യാ മാഹിഷോന്മൂലിനീ

യാ ധൂംരേക്ഷണചണ്ഡമുണ്ഡമഥനീ യാ രക്തബീജാശനീ 

ശക്തിഃ ശുംഭനിശുംഭ ദൈത്യദലനീ യാ സിദ്ധിദാത്രീ പരാ

സാ ദേവീ നവകോടിമൂര്‍ത്തി സഹിതാ മാം പാതു വിശ്വേശ്വരീ

 

ദിവസത്തിനു ചേർന്ന ലാൽ കിതാബ് നിർദേശം: പാൽ ചേർന്ന ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണത്തിനു മുൻപ് സാധുക്കൾക്ക് അന്നദാനം നടത്തുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം. പ്രതികൂല നിറം: കറുപ്പ്, നീല

 

ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ, കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു :

 

പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

 


ഒക്ടോബർ 08, ചൊവ്വ

രാതി 08.11 വരെ തിരുവോണം. ഒപ്പം പകൽ 02.50 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ തിരുവോണം ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം, തിരുവോണം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗള കർമങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭബന്ധമുള്ള ദിവസമാണ്. വിജയദശമി ആയതിനാൽ വിദ്യാരംഭം, പഠനാരംഭം, പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നിവയ്ക്ക് ഉത്തമം. സൽസന്താന യോഗമുള്ള ദിവസമാണ്. പുണർതം, തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ദുര്‍ഗാ പഞ്ചരത്നം ജപിക്കാം

 

തേ ധ്യാനയോഗാനുഗതാ അപശ്യന്

ത്വാമേവ ദേവീം സ്വഗുണൈര്‍നിഗൂഢാം 

ത്വമേവ ശക്തിഃ പരമേശ്വരസ്യ

മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി 

 

ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ

മഹര്ഷിലോകസ്യ പുരഃ പ്രസന്നാ 

ഗുഹാ പരം വ്യോമ സതഃ പ്രതിഷ്ഠാ

മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി 

 

പരാസ്യ ശക്തിഃ വിവിധൈവ ശ്രൂയസേ

ശ്വേതാശ്വവാക്യോദിതദേവി ദുര്‍ഗേ 

സ്വാഭാവികീ ജ്ഞാനബലക്രിയാ തേ

മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി 

 

ദേവാത്മശബ്ദേന ശിവാത്മഭൂതാ

യത്കൂര്‍മവായ വ്യവചോവിവൃത്യാ

ത്വം പാശവിച്ഛേദകരീ പ്രസിദ്ധാ

മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി 

 

ത്വം ബ്രഹ്മപുച്ഛാ വിവിധാ മയൂരീ

ബ്രഹ്മപ്രതിഷ്ഠാസ്യുപദിഷ്ടഗീതാ 

ജ്ഞാനസ്വരൂപാത്മതയാഖിലാനാം

മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി 

 

ലാൽകിതാബ് നിർദേശം: മുളപ്പിച്ച പയർ പറവകൾക്കു നൽകുക. വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക. ദിവസത്തിന് ചേർന്ന നിറം: കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും.

 

ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ:

 

പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. ആയതിനാൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 


ഒക്ടോബർ 09, ബുധൻ 

രാത്രി 11.11 വരെ അവിട്ടം. ഒപ്പം പകൽ 05.18 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ അവിട്ടം ശ്രാദ്ധം, അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. തിരുവാതിര, മകയിരം, ചിത്തിര,അവിട്ടം, ഉത്രാടം, മൂലം, അനിഴം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷ ശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ പരമാത്മാവിനെ ഗോവിന്ദഭാവത്തിൽ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു: 

 

കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം

കാളിന്ദീഗതകാളിയശിരസി മുഹുർനൃത്യന്തം നൃത്യന്തം

കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം

കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം

 

ലാൽകിതാബ് നിർദേശം: നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ഭവനത്തിനു പുറത്ത് തളികയിൽ ചെറുജീവികൾക്കായി നൽകുക. ദിവസത്തിന് ചേർന്ന നിറം: പച്ച, പ്രതികൂലനിറം : ചുവപ്പ്, മഞ്ഞ. 

 

ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഉത്‌പാദരൂപോ ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ ബുധ:

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

 


ഒക്ടോബർ 10, വ്യാഴം 

രാത്രി 04.13 വരെ ചതയം. ഒപ്പം വൈകിട്ട് 07.51 വരെ ശുക്ലപക്ഷ ദ്വാദശി. മാസത്തിലെ ചതയം ശുക്ല പക്ഷ ദ്വാദശി ശ്രാദ്ധം, ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താനയോഗമുള്ള ദിനമല്ല. അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു: 

 

പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം 

മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം 

പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം 

സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: പ്രഭാത ഭക്ഷണത്തിനു മുൻപായി ഒരു പിടി ധാന്യം പറവകൾക്ക് നൽകുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം. പ്രതികൂല നിറം: കറുപ്പ്, കടുംനീല 

 

ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കുക, മംഗള കർമങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 


ഒക്ടോബർ 11, വെള്ളി 

രാത്രി പുലരുന്ന 05.09 വരെ പൂരുരുട്ടാതി. ഒപ്പം രാത്രി 10.19 ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ പൂരുരുട്ടാതി, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താനയോഗമുള്ള ദിവസമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. പുലർച്ചെ 05.09 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഉത്രം, അവിട്ടം, ഉത്രാടം, മൂലം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്കായി ഗണപതി ഭജനം നടത്തുക. ഒരു പ്രാർഥന ചേർക്കുന്നു: 

 

ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ

പ്രണമ്യ ശിരസാ ദേവം, ഗൌരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയുർ കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച: ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച : ഷഷ്ഠം വികടമേവ ച: 

സപ്തമം വിഘ്നരാജം ച: ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച: ദശമം തു വിനായകം

ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യ: പഠേത് നര:

ന ച: വിഘ്നഭയം തസ്യ സര്‍വസിദ്ധികരം ധ്രുവം

 

ലാൽകിതാബ് നിർദേശം: ലഘുവായി നെയ്യ് ചേർത്ത ഭക്ഷണം കഴിക്കുക. ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം: ചുവപ്പ്. 

 

ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദൈത്യമന്ത്രീ വിശാലക്ഷാ :

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീക്ഷേത്രദർശനം നടത്തി പ്രാർഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

 


ഒക്ടോബർ 12, ശനി

ദിനം മുഴുവൻ ഉത്രട്ടാതി. ഒപ്പം രാത്രി 12.36 വരെ ശുക്ലപക്ഷ ചതുർദ്ദശി. മാസത്തിലെ ഉത്രട്ടാതി, ശുക്ല പക്ഷ ചതുർദ്ദശി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം. പൂരം, മകം, ചതയം, തിരുവോണം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവിനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു: 

 

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം

ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ

 

ദിവസത്തിന് ഒരു ലാൽകിതാബ് പരിഹാരം ചേർക്കുന്നു: മഞ്ഞൾപ്പൊടി, എള്ളെണ്ണ എന്നിവ ദാനം ചെയ്യുക. ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം. പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്.

 

ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി :

 

പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം.

 

 



ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com