ADVERTISEMENT

വാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിന് ചുറ്റും നട്ടു വളർത്തേണ്ട വൃക്ഷങ്ങൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം നൽകുന്നു. ഇവ ശുദ്ധ അന്തരീക്ഷവും കുളിർമയും മാത്രമല്ല ജീവിതത്തിൽ അനുകൂല ഊർജവും പ്രദാനം ചെയ്യുന്നു . അതിനു ശരിയായ ദിശയിൽ നട്ടു വളർത്തണമെന്നു മാത്രം അല്ലെങ്കിൽ വിപരീതമാവും ഫലം.

പൊതുവെ പ്ലാവ് ,മാവ് , തെങ്ങ് , വെറ്റില ,കവുങ്ങ് , വാഴ ,തുളസി , മുല്ല ,കൊന്ന , കൂവളം , നെല്ലി ,ചെമ്പകം ,  കരിങ്ങാലി ,ഇലഞ്ഞി എന്നിവ വീടിന്റെ ഏതുഭാഗത്തും നട്ടു വളർത്താം. വസ്തുവിൽ പ്ലാവ് , നെല്ലി , കൂവളം എന്നിവ വളരുന്നതും നട്ടു വളർത്തുന്നതും ഐശ്വര്യപ്രദമാണ്. കരിങ്ങാലി നട്ടുവളർത്തുന്നതിലൂടെ കലഹങ്ങൾ നീങ്ങി കുടുംബൈക്യം വർധിക്കുമെന്നാണ് വിശ്വാസം . 

ശിവശക്തീ പ്രീതികരമായ കൂവളവും വിഷ്ണു പ്രീതികരമായ തുളസിയും ലക്ഷ്മീദേവിയുടെ വാസസ്ഥലമായ നെല്ലിയും ഐശ്വര്യദായകം തന്നെ. പൂജാവസ്തുക്കളിൽപെട്ട  വാഴപ്പഴം , അടയ്ക്ക , നാളികേരം എന്നിവ നൽകുന്ന വൃക്ഷങ്ങൾ നട്ടു വളർത്തുന്നതും ശ്രേഷ്ഠമാണ്. പവിഴമല്ലി നട്ടുവളത്തുന്നത് ദൃഷ്ടിദോഷം നീങ്ങാൻ ഉത്തമമെന്നു കരുതിപ്പോരുന്നു

അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല്പാമരങ്ങള്‍  ദേവാലയത്തില്‍ അല്ലാതെ താമസസ്ഥലത്ത്  വളർത്താൻ പാടില്ലെന്നൊരു വിശ്വാസമുണ്ട്. കൂടാതെ താന്നി, കാഞ്ഞിരം, കള്ളിപ്പാല, ഊകമരം, നറുവലി, ചേര് തുടങ്ങിയ വൃക്ഷങ്ങൾ വസ്തുവിൽ പാടില്ല. ഉപയോഗപ്രദമെങ്കിലും വേപ്പ് , മുരിങ്ങ , പപ്പായ എന്നിവ വീടിന്റെ അതിർത്തിക്ക് പുറത്തോ ഗൃഹത്തിൽ നിന്ന് അല്പം മാറി അതിർത്തിയിലായോ നേടുന്നതാണ് ഉത്തമം . പൊതുവെ മുള്ളുള്ളവ നട്ടു വളർത്താറില്ല.  

വൃക്ഷങ്ങൾ നട്ടുവളർത്താൻ ഉത്തമ ഭാഗങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്

കിഴക്ക് -  പ്ലാവ് , ഇലഞ്ഞി  
തെക്ക് - പുളി , ആഞ്ഞിലി  
വടക്ക് - മാവ് ,നെല്ലി
പടിഞ്ഞാറ് -  തെങ്ങ്
വടക്കുപടിഞ്ഞാറ് - മുള
തെക്കുകിഴക്ക് - മുള

പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മീതെ വന്നാൽ.... എന്നാണല്ലോ പ്രമാണം . അതിനാൽ വലിയ വൃക്ഷങ്ങൾ വീടിനോടു ചേർന്ന് വേണ്ട. ഇടിമിന്നലേറ്റ് ഏതെങ്കിലും ഭാഗം കരിഞ്ഞ വൃക്ഷങ്ങൾ, കേടു വന്ന വൃക്ഷങ്ങൾ, വളർച്ച നശിച്ച മരങ്ങൾ തുടങ്ങിയവ അശുഭമാണ്. ഇവ ഉടൻ മാറ്റിയ ശേഷം പകരം രണ്ട് വൃക്ഷങ്ങൾ നട്ടു പരിപാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com