ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

 

ഒക്ടോബർ 20, ഞായർ 

പകൽ 05.52 വരെ തിരുവാതിര. ഒപ്പം കാലത്ത് 07.29 കൃഷ്ണപക്ഷ ഷഷ്ടി. തുടർന്ന് സപ്തമി. മാസത്തിലെ തിരുവാതിര കൃഷ്ണപക്ഷ സപ്തമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സൽസന്താന യോഗമുള്ള ദിവസമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. തിരുവോണം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലം. പകൽ 05.52 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസ ഗുണവർധനയ്ക്ക് പരമശിവനെ ഭജിക്കുക. ഒരു ധ്യാനം ചേർക്കുന്നു:

 

വിരിഞ്ചിനാരായണശക്രമുഖ്യെ

അ ജ്ഞാതവീര്യായ നമോ നമസ്തേ 

സൂക്ഷ്മാതിസുക്ഷ്മായ നമോഘഹന്ത്രേ

കൃതാഗസം മാമവ വിശ്വമൂർത്തേ 

 

അനേകകോടീന്ദുനിഭായ തേസ്തു 

നമോ ഗിരീണാം പതയെഘഹന്ത്രേ

നമോ/ സ്തുതേ തേ ഭക്തവിപദ്ധരായ

കൃതാഗസം മാമവ വിശ്വമൂർത്തേ 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ഭവനത്തിൽ / ഓഫീസിൽ പരന്ന തളികയിൽ ചുവന്ന പുഷ്പം നിറച്ച് വെയ്ക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്, കടുംനീലം.

 

ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ, മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ രവി:

 


ഒക്ടോബർ 21, തിങ്കൾ 

വൈകിട്ട് 05.31 വരെ പുണർതം ഒപ്പം കാലത്ത് 06.44 വരെ കൃഷ്ണ പക്ഷ സപ്തമി. തുടർന്ന് അഷ്ടമി. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മാസത്തിലെ പുണർതം കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം, പുണർതം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ഉത്രാടം, മകയിരം, കാർത്തിക, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ദേവീഭജനം നടത്തുക.

 

അനാദ്യാ പരമാ വിദ്യാ പ്രധാന പ്രകൃതി: പരാ

പ്രധാന പുരുഷാരാധ്യാ പ്രധാന പുരുഷേശ്വരീ

പ്രാണാത്മികാ പ്രാണശക്തി: സർവപ്രാണഹി തൈഷിണീ

ഉമാചോന്മത്തകേശി ന്യുത്തമാ ചോന്മത്തഭൈരവീ

ഉർവശീചോന്നതാ ചോഗ്രമഹോഗ്രാ ചോന്നതസ്തനീ

ഉഗ്രചണ്ഡോഗ്ര നയനാ മഹോഗ്രാ ദൈത്യനാശിനീ.

 

ഈ ജപത്തോടെ പരാശക്തിയെ മനസ്സിൽ ധ്യാനിച്ച് ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി പ്രാർഥിക്കുക. ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ഭവനത്തിൽ / ഓഫീസിൽ പ്രധാന വാതിലിനു വെളിയിൽ വെളുത്ത പുഷ്പങ്ങൾ സൂക്ഷിക്കുക. ദിവസത്തിലെ ആദ്യ പണമിടപാടിൽ (കൊടുക്കലോ വാങ്ങാലോ ഏതായാലും) ഒരു ഭാഗം ദാനധർമ്മത്തിന് മാറ്റിവെയ്ക്കുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം. പ്രതികൂല നിറം: കറുപ്പ്, കടുംനീലം.

 

ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ, കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു :

 


ഒക്ടോബർ
 22, ചൊവ്വ

വൈകിട്ട് 04.38 വരെ പൂയം. ഒപ്പം രാത്രി 03.32 വരെ കൃഷ്ണ പക്ഷ നവമി. മാസത്തിലെ പൂയം കൃഷ്ണപക്ഷ നവമി ശ്രാദ്ധം, പൂയം ആചരിക്കേണ്ടത് ഇന്നാണ്. മംഗള കർമങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല. പൂരാടം, തിരുവാതിര, രോഹിണി, ഭരണി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു സ്തോത്രം ചേർക്കുന്നു: 

 

ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,

ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം

ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,

വല്ലീശനാഥ മമ ദേഹി കരാവലംബം

ഹാരാദിരത്നമണിയുക്തകിരീടഹാര,

കേയൂരകുണ്ടല സത്കവചാഭിരാമ

ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,

വല്ലീശനാഥ മമ ദേഹി കരാവലംബം 

 

ലാൽ കിതാബ് നിർദേശം: ഭവനത്തിന് / ഓഫിസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: ഓറഞ്ച്, കഷായനിറം, ചുവപ്പ്. പ്രതികൂല നിറം : കറുപ്പ്, കടുംനീലം. 

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും.

 

ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ: 

 


ഒക്ടോബർ, 23, ബുധൻ
 

പകൽ 03.12 വരെ ആയില്യം. തുടർന്ന് മകം. രാത്രി 01.08 കൃഷ്ണപക്ഷ ദശമി. മാസത്തിലെ ആയില്യം, മകം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, ആയില്യം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മൂലം, പുണർതം, മകയിരം, കാർത്തിക നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവര്‍ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്താം. അതിനുള്ള ഒരു സ്തുതി ചേർക്കുന്നു.

 

കദംബസൂനു കുണ്ഡലം സുചാരു ഗണ്ഡമണ്ഡലം 

വ്രജാ൦ഗനൈക വല്ലഭം നമാമി കൃഷ്ണദുർല്ലഭം 

യശോദയാ സമോദയാ സഗോപയാ സനന്ദയാ 

യുതംസുഖൈക ദായകം നമാമി ഗോപനായകം

 

ലാൽകിതാബ് നിർദേശം : ലാൽകിതാബ് അനുസരിച്ച് ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം. പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ.

 

ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 

 

ഉത്‌പാദരൂപോ ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ ബുധ:

 


ഒക്ടോബർ 24, വ്യാഴം
 

പകൽ 01.17 വരെ മകം. ഒപ്പം രാത്രി 10.18 വരെ കൃഷ്ണപക്ഷ ഏകാദശി മാസത്തിലെ പൂയം കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം, മകം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. സൽസന്താനയോഗമുള്ള ദിനമാണ്. രേവതി, ഉത്രട്ടാതി, പൂയം തിരുവാതിര, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണ വർധനയ്ക്ക് ശ്രീ മഹാവിഷ്ണുവിനെ ഭജിക്കുക. ഒരു സ്തുതി ചുവടെ ചേർക്കുന്നു:

 

രാക്ഷസ ക്ഷോഭിതഃ സീതയാശോഭിതോ

ദണ്ഡകാരണ്യഭൂപുണ്യതാകാരണ

ലക്ഷ്മണേനാന്വിതോ വാനരൗഃ സേവിതോ-

ഗസ്തസംപൂജിതോ രാഘവ പാതു മാം

 

ധേനുകാരിഷ്ടകാനിഷ്ടകൃദ്ദ്വേഷികാ

കേശിഹാ കംസഹൃദ്വംശികാവാദകഃ

പൂതനാകോപകഃ സൂരജാഖേലനോ

ബാലഗോപാലകഃ പാതു മാം സർവദാ

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: പകൽ വെറും നിലത്ത് അൽപ്പസമയം കിടക്കുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല.

 

ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :

 


ഒക്ടോബർ 25, വെള്ളി

പകൽ 10.59 വരെ പൂരം. ഒപ്പം വൈകിട്ട് 07.08 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ ഉത്രം, കൃഷ്ണപക്ഷദ്വാദശി ശ്രാദ്ധം, പൂരം, ഉത്രം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താനയോഗമുള്ള ദിനമല്ല. ഉത്രട്ടാതി, ആയില്യം, പുണർതം, മകയിരം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷശമനത്തിന് ക്ഷിപ്രപ്രസാദിയുമായ ശ്രീ ഗണേശനെ ഭജിക്കുക. 

 

സദാസത്ത്വ യോഗം മുദാക്രീഡ മാനം 

സുരാരീൻ ഹരന്തം ജഗത് പാലയന്തം 

അനേകാവതാരം നിജാജ്ഞാന ഹാരം 

സദാവിഷ്ണു രൂപം ഗണേശം നമാമി.

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക, 

 

ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം. പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ

 

ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദൈത്യമന്ത്രീ വിശാലക്ഷാ :

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 


ഒക്ടോബർ 26, ശനി

കാലത്ത് 08.27 വരെ ഉത്രം. തുടർന്ന് അത്തം. ഒപ്പം പകൽ 03.46 വരെ കൃഷ്ണപക്ഷ ത്രയോദശി. തുടർന്ന് ചതുർദ്ദശി. മാസത്തിലെ അത്തം, കൃഷ്ണപക്ഷ ത്രയോദശി, ചതുർദ്ദശി ശ്രാദ്ധം, അത്തം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. ചതയം, പൂരുരുട്ടാതി, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണ വർധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 

കല്യാണവേഷ രുചിരം കരുണാനിധാനം 

കന്ദർപ്പകോടി സദൃശം കമനീയഭാസം 

കാന്താദ്വയാ കലിത പാർശ്വമഘാരി മാദ്യം 

ശാസ്താരമേവ സതതം പ്രണതോfസ്മി നിത്യം 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് പരിഹാരം: കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക. അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക. ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച്. 

 

ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി :

 


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com