ADVERTISEMENT

പരശുരാമൻ കടലിൽ നിന്ന് ഉയർത്തിയെടുത്ത ഭൂപ്രദേശത്ത് ഇതരനാടുകളിൽ നിന്നുള്ള ബ്രാഹ്മണരെ താമസിപ്പിക്കാൻ കൊണ്ടുവന്നു. എന്നാൽ ഉപ്പുരസം കൂടിയ മണ്ണിൽ ശുദ്ധജലമില്ലാത്തതും വിഷസർപ്പങ്ങളുടെ ആധിക്യവും കാരണം അവർ തിരികെ പോയി. തുടർന്നു മഹാദേവന്റെ നിർദേശപ്രകാരം പരശുരാമൻ വാസുകിയെ തപസ് ചെയ്തു പ്രത്യക്ഷപ്പെടുത്തി. ഭൂമി ആവാസയോഗ്യമാക്കണമെന്ന് അപേക്ഷിച്ചപ്പോൾ അതിന് അനുവാദം നൽകുകയും സർപ്പങ്ങൾക്ക് വിഹരിക്കാൻ മന്ദാരമരങ്ങൾ പൂവിട്ടുനിൽക്കുന്ന ഭൂപ്രദേശം പ്രത്യേകം സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നുമാണ് ഐതിഹ്യം. മന്ദാരശാലയാണ് പിന്നീട് മണ്ണാറശാല ആയതെന്നു പറയുന്നു. നാഗങ്ങളെ സംരക്ഷിക്കാൻ ഓരോ ഗൃഹത്തിനു സമീപവും കാവുകൾ നിലനിർത്തിയിരുന്നത് ഈ സങ്കൽപ്പത്തിലാണെന്നും പറയപ്പെടുന്നു.

mannarasala-temple-nilvara
ചിത്രം : അരുൺ ശ്രീധർ

കാട്ടുതീയിൽ നിന്നും നാഗങ്ങൾ വസിക്കുന്ന കാട് കുളത്തിലെ വെള്ളംതേവി സംരക്ഷിച്ച ഇല്ലത്തെ അന്തർജനത്തിൽ പ്രീതി പൂണ്ട നാഗരാജാവ് മകനായി പിറന്നുവെന്നും ഇല്ലത്തെ നിലവറയിൽ ഇരിപ്പുറപ്പിച്ചുവെന്നുമാണ് വിശ്വാസം. ഇല്ലത്തെ വലിയമ്മയ്ക്കു മാത്രമാണ് ഈ നിലവറയിൽ പ്രവേശനം ഉള്ളത്. കുളം തേവി വെള്ളമൊഴിച്ചപ്പോൾ ചൂട് ആറിയ മണ്ണ് എന്ന നിലയിലാണ് മണ്ണാറശാല എന്ന പേരു വന്നതെന്നാണ് മറ്റൊരു ഐതിഹ്യം.

 

mannarasala-amma


അമ്മ

 

mannarasala-temple-kavu

സ്ത്രീകളെ പൊതുവേദികളിൽ നിന്നു  മാറ്റി നിർത്തിയിരുന്ന കാലത്തു പോലും മണ്ണാറശാലയിൽ സ്ത്രീയാണ് പൂജ ചെയ്തിരുന്നത്. സ്ത്രീയെയും പ്രകൃതിയെയും എത്രമാത്രം ആദരിക്കണം എന്നതിന്റെ ഉദാഹരണമാണ് മണ്ണാറശാല. മുഖ്യ പൂജാരിണി ഉമാദേവി അന്തർജനം ആണ് പൂജകൾ നിർവഹിക്കുന്ന വലിയമ്മ. ഇവർ നാഗദൈവങ്ങളുടെ പ്രതിരൂപമാണ് വിശ്വാസികൾക്ക്.

 

mannarasala-prathishta
ചിത്രം : അർജുൻ ആർ. കെ


കാവ്

 

mannarasala-temple-kaav
ചിത്രം : അർജുൻ ആർ. കെ

14 ഏക്കറിലാണ് കാവ് സ്ഥിതി ചെയ്യുന്നത്. പൊതുവേ വനമില്ലാത്ത ജില്ലയിൽ വനത്തിനു സമാനമായി നിൽക്കുകയാണ് മണ്ണാറശാല. അത്തിയും ആലും പേരാലും തുടങ്ങി വിവിധ തരം മരങ്ങളും വള്ളിപ്പടർപ്പുകളും അപൂർവയിനം വനസസ്യങ്ങളും പക്ഷിമൃഗാദികളുമെല്ലാം കാവിലുണ്ട്. ഒട്ടേറെ കുളങ്ങളും കാവിനെ സമ്പൂർണമാക്കുന്നു. ആലപ്പുഴയിൽ മറ്റെങ്ങുമില്ലാത്ത ആവാസവ്യവസ്ഥയാണ് മണ്ണാറശാലയിൽ കാണാൻ കഴിയുക.

 

നാഗശിൽപങ്ങൾ

 

നാഗദൈവങ്ങളുടെ മണ്ണിൽ എണ്ണിയാലൊടുങ്ങാത്തയത്ര നാഗശിൽപങ്ങളുണ്ട്. പലയിടത്തും കാവുകളും മറ്റും നീക്കുമ്പോൾ ആവാഹിച്ച് കുടിയിരുത്തിയതും മറ്റും ഇവയിൽ ഉൾപ്പെടും. വ്യത്യസ്തമായ ശിൽപശൈലികളിലുള്ള നാഗശിൽപങ്ങൾ ഇവിടെയുണ്ട്. 30,000 മുതൽ 40,000 വരെയെങ്കിലുമുണ്ട് ഇവിടെയുള്ള ശിൽപങ്ങളുടെ എണ്ണം. 

Nagarajakalam  Mannarasala Style
Nagarajakalam Mannarasala Style

 


ആചാരങ്ങൾ

 

ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാനം തുലാം മാസത്തിലെ ആയില്യം എഴുന്നള്ളത്താണ്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. കന്നിയിലും തുലാമാസത്തിലും എഴുന്നള്ളത്തുണ്ട്.

 

ശിവരാത്രി ദിവസം രാത്രിയിലെ നൂറിടിയും പ്രധാന ചടങ്ങാണ്. കുടുംബാംഗങ്ങൾ സർപ്പബലിക്കായി നൂറുംപാലിനുമുള്ള അരി ഇടിക്കുന്ന ചടങ്ങാണിത്.  

 

 ഓരോ നാൽപത്തിയൊന്ന് വർഷം കൂടുമ്പോൾ നടത്തുന്ന ചടങ്ങാണ് ‘സർപ്പംപാട്ട് ’. 174 പ്രാവശ്യം നടത്തിയതായി രേഖകളുണ്ട്. സർപ്പംപാട്ട് നടത്തിയാൽ അടുത്തവർഷം പള്ളിപ്പാന നടത്തും. പള്ളിപ്പാന കഴിഞ്ഞ് അടുത്തവർഷം ‘ഗന്ധർവൻപാട്ട് ’ നടത്തണം. ഈ ചടങ്ങുകൾ കഴിഞ്ഞാൽ പുലസർപ്പം പാട്ടും നടത്തും.

 

 

ഉരുളികമഴ്‌ത്തൽ’ ഇവിടുത്തെ പ്രധാന വഴിപാടാണ്. സന്താനലബ്ധിക്കായാണ് ഉരുളികമിഴ്ത്തൽ. കുട്ടിയുണ്ടായി ആറാം മാസം ക്ഷേത്രത്തിലെത്തി ഉരുളി നിവർത്തണം എന്നാണ് വിശ്വാസം. 

 

 


നാഗക്കളം


നാഗരാജക്ഷേത്രത്തിലെ ആയില്യം പൂജയ്‌ക്കായി വരയ്‌ക്കുന്ന നാഗക്കളത്തിനു തലമുറകളായുള്ള ആചാരത്തിന്റെയും അനുഷ്‌ഠാനത്തിന്റെയും പെരുമയുണ്ട്. നിലവറയ്‌ക്ക് സമീപം തെക്കേ തളത്തിൽ 64 ഖണ്ഡങ്ങളുള്ള നാഗക്കളമാണ് വരയ്‌ക്കുക.

തളത്തിൽ പട്ട് വിതാനിച്ച് കയർപാകി കുരുത്തോല കൊണ്ട് അലങ്കരിക്കും. തളത്തിൽ നിലത്ത് നാഗക്കളം വരയ്‌ക്കും. ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിക്കുന്ന നാഗരാജാവ്, സർപ്പയക്ഷിയമ്മ, നാഗചാമുണ്ഡി, നാഗയക്ഷിയമ്മ എന്നീ വിഗ്രഹങ്ങൾ ഇവിടെ പീഠത്തിൽ പ്രതിഷ്‌ഠിച്ച് ദീപങ്ങളുടെ പ്രഭയിലാണ് ആയില്യം പൂജ, നൂറുംപാലും സർപ്പബലി, ഗുരുതി എന്നിവ നടത്തുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com