ADVERTISEMENT

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് അമ്പിളി ദേവി. ഒരു സീരിയൽ പോലെ വഴിത്തിരിവുകൾ നിറഞ്ഞതായിരുന്നു അമ്പിളിയുടെ ജീവിതവും. ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിർത്തിയ ഈശ്വരവിശ്വാസത്തെ കുറിച്ചും അനുഷ്ടാനങ്ങളെ കുറിച്ചും അമ്പിളി ദേവി സംസാരിക്കുന്നു.

 

പ്രിയപ്പെട്ട ക്ഷേത്രങ്ങൾ...

Actress-Ambil-Devi

ക്ഷേത്രങ്ങളെപ്പറ്റി പറയുമ്പോൾ ‍ഞാൻ ഏറ്റവും കൂടുതൽ പോയിട്ടുള്ളത് എന്റെ വീടിന്റെ അടുത്തുള്ള കൊറ്റൻകുളങ്ങര ക്ഷേത്രത്തിലാണ്. ഞാൻ പഠിച്ചത് കൊറ്റൻകുളങ്ങര സ്കൂളിലാണ്. നടന്നാണ് സ്കൂളിൽ പോയിരുന്നത്. പോകുന്ന വഴിക്കാണ് അമ്പലം, അതുകൊണ്ട് എന്നും ദേവിയെ തൊഴുതിട്ടാണ് സ്കൂളിൽ പോയിരുന്നത്. അതുകൊണ്ട് ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും പോയിട്ടുള്ളതും കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ്. 

 

Actress-Ambil-Devi-with-son-01

പിന്നീട് സ്കൂൾ വെക്കേഷൻ സമയത്ത് മധുര, പളനി ക്ഷേത്രങ്ങളിലാണ് കൂടുതൽ പോയിട്ടുള്ളത്. കൂടാതെ തിരുപ്പതി, മൂകാംബിക, കാളഹസ്തി, മുരുഡേശ്വർ, രാമേശ്വരം, ചിദംബരം അങ്ങനെ കുറേ ക്ഷേത്രങ്ങളിൽ പോയി തൊഴാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. 

 

കേരളത്തിൽ ഗുരുവായൂർ, വടക്കുംനാഥ ക്ഷേത്രം, പദ്മനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം പോയി തൊഴുതിട്ടുണ്ട്. നല്ലൊരു ഈശ്വരവിശ്വാസിയായതു കൊണ്ട് ഞങ്ങളുടെ യാത്രകൾ കൂടുതലും പുണ്യസ്ഥലങ്ങളിലേക്കാണ്. 

 

Actress-Ambili-Devi-Family

ആചാരപ്പെരുമയിൽ കൊറ്റൻകുളങ്ങര ക്ഷേത്രം... 

കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ എല്ലാവർഷവും പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്കെടുക്കാറുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ നേർച്ചയാണത്. അതിന്റെ പിന്നിലൊരു ഐതിഹ്യമുണ്ട്.

Actress-Ambil-Devi-with-son-02

 

ഇപ്പോൾ ദേവിയിരിക്കുന്ന സ്ഥലം പണ്ട് കാട് പിടിച്ചു  കിടന്നസമയം കുട്ടികൾ പശുക്കളെ മേയ്ക്കാൻ വരുകയും പശുക്കളെ മേയ്ക്കാന്‍ വിട്ട ശേഷം കുട്ടികൾ അമ്പലം കെട്ടി കളിക്കുകയും ചെയ്തു. ഇതിനിടയിൽ ഇവർ കത്തി മൂർച്ച കൂട്ടാൻ കല്ലിൽ ഉരച്ചപ്പോൾ കല്ലിൽ നിന്ന് രക്തം വന്നുവത്രെ. കുട്ടികൾ പേടിച്ചു വീട്ടിൽ അറിയിക്കുകയും പ്രശ്നം വച്ചു നോക്കിയപ്പോൾ അവിടെ ദേവിയുടെ സാന്നിധ്യം ഉണ്ടെന്നറിയുകയും അങ്ങനെ അവിടെ അമ്പലം കെട്ടുകയും ചെയ്തു എന്നാണ് കഥ.

പക്ഷേ ദേവിക്കിഷ്ടം അന്ന് കുട്ടികൾ കെട്ടിയപോലെയുള്ള കുരുത്തോല കൊണ്ടുള്ള പന്തലാണ്. അതുപോലെ കൊറ്റൻ നിവേദ്യം ആണ് ദേവിയുടെ പ്രിയപ്പെട്ട നിവേദ്യം. അന്നീ കുട്ടികൾ സ്ത്രീ വേഷം കെട്ടി ദേവിക്ക് വേണ്ടി ഉത്സവം ആഘോഷിക്കാൻ വേണ്ടി വിളക്കെടുത്തു. അതാണ് ദേവിക്ക് പ്രിയപ്പെട്ട നേർച്ചയായി മാറിയത്.ആ  നേര്‍ച്ച ഇന്നും തുടർന്നു പോകുന്നു. ഈ ഒരു കഥയാണ് അമ്പലത്തിനെ പറ്റി എനിക്ക് അറിയാവുന്നത്. 

 

വ്രതങ്ങൾ... 

ചക്കുളത്തമ്പലത്തിലെ വെള്ളിയാഴ്ച വ്രതവും, ഷഷ്ഠി വ്രതവും ആണ് ഞാൻ എടുത്തിട്ടുള്ള പ്രധാന വ്രതങ്ങൾ. എന്റെ നക്ഷത്രം രേവതിയാണ്. ചിലപ്പോഴൊക്കെ വാരഫലം നോക്കാറുണ്ട്. ഭയങ്കരമായൊരു വിശ്വാസമില്ലെങ്കിലും ചില കാര്യങ്ങളിൽ വിശ്വസിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധി സമയങ്ങളില്‍ കൊറ്റൻകുളങ്ങര ദേവിയാണ് മനസ്സിൽ വരാറുള്ളത്. ദേവിയെ മനസ്സിൽ പ്രാർഥിക്കും

 

 

 

പ്രതിസന്ധികളിൽ തുണയായി വിശ്വാസം...

ഞാൻ ആറാംക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുന്ന സമയത്ത് ടൂവീലറിൽ യാത്രചെയ്യുമ്പോൾ ഒരു അപകടം പറ്റി എന്റെ മൂക്കിൽ കൂടിയും ചെവിയിൽ കൂടിയും ഒക്കെ രക്തം വന്നു. എനിക്ക് ബോധം ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളജിൽ ആയിരുന്നു. അപ്പോൾ അമ്മ പറഞ്ഞിട്ടുണ്ട് എനിക്ക് ബോധം വന്നപ്പോൾ ഞാൻ 'എന്റെ ദേവീ' എന്നു വിളിച്ചു കൊണ്ട് എഴുന്നേറ്റു എന്ന്.  അതേപോലെ 2001 ൽ സ്റ്റേറ്റ് കലോത്സവത്തിൽ പോകുമ്പോൾ പനി പിടിച്ച് തീരെ വയ്യാത്ത സമയമായിരുന്നു. കാറിൽ കിടന്നാണ് പോയത്. ഏതെങ്കിലും ഒരു ഐറ്റം പെർഫോം ചെയ്ത് ഒരു സമ്മാനം എങ്കിലും കിട്ടണേ എന്നായിരുന്നു പ്രാർഥന. പക്ഷേ ദൈവത്തിന്റെ അനുഗ്രഹമായിരിക്കാം ആ വർഷം എനിക്ക് കലാതിലകമാകാൻ സാധിച്ചു. പിന്നീട് ജീവിതത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിച്ചപ്പോഴും, ലൈഫിലെ ഓരോ ഘട്ടത്തിലും മനസ്സിന് ധൈര്യം തരുന്നത് ഈശ്വരവിശ്വാസം തന്നെയാണ്, ഈശ്വരന്റെ ഒരു കൂട്ട് അതെപ്പോഴും ഉണ്ട്. 

 

പിന്നെ നൃത്തം ചെയ്യുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ലഭിക്കുന്നു. കാണുന്നവർക്കും അത് സന്തോഷം നൽകുന്നു. ക്ഷേത്രത്തിൽ എത്രയോ അർച്ചന കഴിക്കുന്നതിനു തുല്യമായ പുണ്യം ദേവന്റെ മുന്നിൽ ആത്മാർത്ഥമായ ഒരു നൃത്തം ചെയ്യുന്നതിലൂടെ കിട്ടും എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. ഭഗവാന് വേണ്ടി നമ്മൾ ചെയ്യുന്ന അർച്ചന പോലെയാണ് നൃത്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com