ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 

 

ഒക്ടോബർ 27, ഞായർ 

രാത്രി 03.16 വരെ ചിത്തിര. ഒപ്പം പകൽ 12.23 കൃഷ്ണപക്ഷ ചതുർദ്ദശി തുടർന്ന് അമാവാസി. മാസത്തിലെ ചിത്തിര, അമാവാസി ശ്രാദ്ധം, ചിത്തിര പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം. മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം നാളുകാർക്ക് ദിനം പ്രതികൂലം. അവിട്ടം, മകയിരം, ചിത്തിര, ഉത്രാടം, മൂലം, അനിഴം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനവിനായി ശിവ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 

ധ്യായേത്കോടിരവിപ്രഭം ത്രിനയനം ശീതാംശുഗംഗാധരം

ദക്ഷാ൦ഘ്രി സ്ഥിതവാമകുഞ്ചിതപദം ശാര്‍ദ്ദൂലചര്‍മ്മാ൦ബരം 

വഹ്നിം ഡോലകരാഭയം ഡമരുകം വാമേ ശിവാം ശ്യാമലാം

കല്‍ഹാരാം ജപസ്രക്ഷുകാം കടികരാം ദേവീം സഭേശം ഫണേ

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: ചെറിയ മൺകുടത്തിൽ വെള്ളം നിറച്ച് വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ പകൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്, കടും നീലം.

 

പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ്.

 

ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണരീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ, മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ജപാകുസുമസങ്കാശം 

കാശ്യപേയം മഹാദ്യുതിം

തമോരീം സർവ്വപാപഘ്നം 

പ്രണതോസ്മി ദിവാകരം

 


ഒക്ടോബർ 28, തിങ്കൾ 

രാത്രി 01.00 വരെ ചോതി. ഒപ്പം കാലത്ത് 09.08 വരെ അമാവാസി തുടർന്ന് ശുക്ലപക്ഷ പ്രഥമ. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മാസത്തിലെ ചോതി, ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം, ചോതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രോഹിണി, അത്തം, പൂരം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം. രാത്രി 01.00 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. അർദ്ധനാരീശ്വര ഭാവത്തിൽ ശിവപാർവതീ ഭജനം നടത്തുക.

 

ജയ ദേവ മഹാദേവ ജയേശ്വര മഹേശ്വര

ജയ സര്‍വഗുണശ്രേഷ്ഠ ജയ സര്‍വസുരാധിപ

 

ജയ പ്രകൃതികല്യാണി ജയ പ്രകൃതിനായികേ 

ജയ പ്രകൃതിദൂരേ ത്വം ജയ പ്രകൃതിസുന്ദരി 

 

ജയാമോഘമഹാമായ ജയാമോഘമനോരഥ 

ജയാമോഘമഹാലീല ജയാമോഘമഹാബല 

 

ജയ വിശ്വജഗന്‍മാതര്ജയ വിശ്വജഗന്‍മയേ 

ജയ വിശ്വജഗദ്ധാത്രി ജയ വിശ്വജഗത്സഖി

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക. ദിവസത്തിന് ചേർന്ന നിറം: വെളുപ്പ് ക്രീം, പ്രതികൂല നിറം: കറുപ്പ്, കടും നീലം.

 

പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പിറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

 

ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ, കർക്കടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദധിശംഖതുഷാരാഭം

ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം

ശംഭോർമ്മകുടഭൂഷണം 

 


ഒക്ടോബർ 29, ചൊവ്വ

രാത്രി 11.11 വരെ വിശാഖം. ഒപ്പം രാത്രി 03.47 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ വിശാഖം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, വിശാഖം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിനമാണ്. കാർത്തിക, ചിത്തിര, ഉത്രം, മകം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ദോഷ ശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു. കുടുംബ ജീവിത ശാന്തത കൈവരുത്തുവാൻ ഈ ജപം ഉപകരിക്കും. 

 

ആചാര്യമാഗമ രഹസ്യമഹാമനൂനാ-

മാചാന്തവാരിനിധി ദേശികമാംബികേയം 

ആഖണ്ഡലാദ്യ/ മരവന്ദിതമാത്മരൂപ-

മാലംബതേ മമ മനഃ ശരണം കുമാരം

 

ലാൽകിതാബ് നിർദേശം: ശിശുക്കൾക്കും വൃദ്ധർക്കും മധുരം നൽകുക. ദിവസത്തിന് ചേർന്ന നിറം: കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, കടും നീലം.

 

പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. ആയതിനാൽ പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ധരണീഗർഭസംഭൂതം 

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം

മംഗളം പ്രണമാമ്യഹം

 


ഒക്ടോബർ 30, ബുധൻ 

രാത്രി 09.58 വരെ അനിഴം. രാത്രി 02.01 വരെ ശുക്ല പക്ഷ തൃതീയ. മാസത്തിലെ അനിഴം, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഭരണി, അശ്വതി, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം. സൽസന്താന യോഗമുള്ള ദിനമല്ല. ദിവസഗുണവർധനയ്ക്ക് ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 

ഭജേ പാവനം ഭാവനാനിത്യവാസം

ഭജേ ബാലഭാനു പ്രഭാചാരുഭാസം 

ഭജേ ചന്ദ്രികാകുന്ദ മന്ദാരഹാസം

ഭജേ സന്തതം രാമഭൂപാല ദാസം

 

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദേശം: മയിലിൻറെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം: പച്ച. പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച് നിറം. 

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 

 

പ്രിയംഗുകലികാശ്യാമം 

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം

തം ബുധം പ്രണമാമ്യഹം 

 


ഒക്ടോബർ 31, വ്യാഴം 

രാത്രി 09.30 വരെ തൃക്കേട്ട. ഒപ്പം രാത്രി 01.01 വരെ ശുക്ലപക്ഷ ചതുർത്ഥി. മാസത്തിലെ തൃക്കേട്ട, ശുക്ല‌പക്ഷ ചതുർത്ഥി ശ്രാദ്ധം, തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. രാത്രി 09.30 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനവിനും ദോഷശാന്തിക്കുമായി ശ്രീ ദക്ഷിണാ മൂർത്തിയെ ഭജിക്കുക. ദിവസഗുണവർധനയ്ക്ക് ദക്ഷിണാമൂർത്തി ഭജനം നടത്തുക. അദ്ദേഹത്തിന്റെ ദശസ്തുതി ചേർക്കുന്നു: 

 

ഓം വിദ്യാരൂപിണേ നമഃ 

ഓം മഹായോഗിനേ നമഃ 

ഓം ശുദ്ധ ജ്ഞാനിനേ നമഃ 

ഓം പിനാകധൃതേ നമഃ 

ഓം രത്നാലങ്കൃതസര്‍വ്വാ൦ഗിനേ നമഃ

ഓം രത്നമൌലയേ നമഃ 

ഓം ജടാധരായ നമഃ 

ഓം ഗംഗാധാരിണേ നമഃ 

ഓം അചലവാസിനേ നമഃ 

ഓം മഹാജ്ഞാനിനേ നമഃ

 

പഠന വൈകല്യം, അലസത ഇവയുള്ളവർക്ക് പൊതുവായും കൂടാതെ എല്ലാ വിദ്യാർഥികൾക്കും മുതിർന്നവർക്കും ജപിക്കാവുന്നതാണ്. ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: മഞ്ഞ വസ്ത്രം ദാനം ചെയ്യുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം. പ്രതികൂല നിറം: കറുപ്പ്, കടുംനീല.

 

പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുക, മംഗളകർമങ്ങളിൽ സംബന്ധിക്കുക, ദേവ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ദേവാനാം ച: ഋഷീണാം ച: 

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം

 


നവംബർ 01, വെള്ളി 

രാത്രി 09.51 വരെ മൂലം. ഒപ്പം രാത്രി 12.51 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ മൂലം, ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം, മൂലം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല, സൽസന്താനയോഗമുള്ള ദിനമല്ല. 

ആയില്യം, പൂയം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ഗണപതി ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 

വിദേഹരൂപം ഭവബന്ധഹാരം 

സദാ സ്വനിഷ്ഠം സ്വസുഖപ്രദം തം 

അമേയസാംഖ്യേന ച ലക്ഷ്മീശം

ഗജാനനം ഭക്തിയുതം ഭജാമഃ 

 

മുനീന്ദ്രവന്ദ്യം വിധിബോധഹീനം 

സുബുദ്ധിദം ബുദ്ധിധരം പ്രശാന്തം 

വികാരഹീനം സകലാമ്മകം വൈ 

ഗജാനനം ഭക്തിയുതം ഭജാമഃ

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: അരയാൽ, ആര്യവേപ്പ് എന്നീ വൃക്ഷങ്ങളെ പ്രദക്ഷിണം ചെയ്യുക, അവയ്ക്കു വെള്ളം ഒഴിക്കുക. ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം: ചുവപ്പ്. 

 

പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീക്ഷേത്രദർശനം നടത്തി പ്രാർഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

 

ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

ഹിമകുന്ദ മൃണാളാഭം 

ദൈത്യനാം പരമം ഗുരും 

സർവ്വ ശാസ്ത്ര പ്രവക്താരം

ഭാർഗ്ഗവം പ്രണമാമ്യഹം 

 


നവംബർ 02, ശനി

രാത്രി 11.01 വരെ പൂരാടം. ഒപ്പം രാത്രി 01.31 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ പൂരാടം, ശുക്ലപക്ഷ ഷഷ്ഠി ശ്രാദ്ധം, പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണവർധനയ്ക്ക് ഭൂതനാഥനായ ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക. ഒരു ധർമ്മ ശാസ്താ സ്തുതി 

 

ശതമുഖപാലക ശാന്തിവിദായക

ശത്രുവിനാശക ശുദ്ധതനോ

തരുനികരാലയ ദീനകൃപാലയ

താപസമാനസ ദീപ്തതനോ

ഹരിഹരസംഭവ പദ്മസമുദ്ഭവ

വാസവ ശംബവ സേവ്യതനോ

ജയ ജയ ഹേ ശബരീഗിരി മന്ദിര 

സുന്ദര പാലയ മാമനിശം 

 

ദിവസത്തിന് ചേർന്ന ലാൽകിതാബ് നിർദേശം: അരി, നെയ്യ് ഇവ ദാനം ചെയ്യുക. ദിവസത്തിന് ചേർന്ന നിറം: കറുപ്പ്, കടും നീലം പ്രതികൂല നിറം: ചുവപ്പ്. 

 

പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം.

 

ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

 

നീലാഞ്ജനസമാഭാസം

രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം

തം നമാമി ശനൈശ്ചരം

 

 


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com