ADVERTISEMENT

ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന അപൂർവം ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍  അഷ്ടാംശ വരദ ആഞ്ജനേയർ ക്ഷേത്രം. ഹനുമാന്‍ പ്രതിഷ്ടയുള്ള ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ഒരിക്കല്‍ സ്വാമിയെ  അലങ്കരിച്ച പോലെ പിന്നീടൊരിക്കല്‍ കാണാന്‍ സാധിക്കില്ല. അത്രയ്ക്കും വിശേഷമാണ് ഇവിടുത്തെ അലങ്കാരങ്ങള്‍. കോയമ്പത്തൂര്‍ നഗരത്തിന്റെ ഒത്തനടുക്കായി പീളമേട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

 

ashtamsa-varadha-anjaneyar-02

ഇവിടെ ഹനുമാന്‍ സ്വാമിയുടെ വലത്തെ തൃകൈയില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുണ്ട് എന്നാണ് വിശ്വാസം. മറ്റേകൈകളില്‍ ഗദയുമായി പടിഞ്ഞാറേക്ക് ദര്‍ശനം നല്‍കുന്ന വിധമാണ് ഇവിടെ ഹനുമാന്‍ പ്രതിഷ്ഠ. അവ അലങ്കാരങ്ങള്‍ എന്നാണ് ഇവിടെ സ്വാമിയുടെ അലങ്കാരത്തെ വിശേഷിപ്പിക്കുന്നത്. വെണ്ണയ്കാപ്പ് അലങ്കാരം , രാജമാരുതി അലങ്കാരം , പുഷ്പാലങ്കാരം ,  വടമാലയ് അലങ്കാരം എന്നിങ്ങനെ വിവിധതരത്തിലാണ് ഇവിടെ അലങ്കാരങ്ങള്‍. ഒരു കൊച്ചു കുട്ടിയെ എങ്ങനെയാണോ ഒരുക്കുക അതിനു സമാനമായാണ് ഇവിടെ സ്വാമിയെ പൂജാരികള്‍ ദിവസവും അണിയിച്ചൊരുക്കുക. പട്ടുടുപ്പിച്ച് , പലതരത്തിലെ ആടയാഭരണങ്ങള്‍ അണിയിച്ചു , പൂമാലകള്‍ കൊണ്ടും പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടും ഓരോ നാളും അതിശയിപ്പിക്കുന്ന രീതിയിലാണ് അലങ്കാരങ്ങള്‍. ഒരിക്കല്‍ കണ്ട അലങ്കാരത്തില്‍ പിന്നീടു സ്വാമിയേ ദര്‍ശിക്കാന്‍ സാധിക്കില്ല . ഈ ഒരുക്കങ്ങള്‍ കാണാന്‍ തന്നെ അതിരാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ എത്താറുണ്ട്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വണ്ണം പ്രതിഷ്ടയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ഇവിടെ ഭക്തര്‍ക്ക്‌ അനുമതിയുണ്ട്‌. ഈ ചിത്രം പകര്‍ത്തുന്നത് തന്നെ ഭാഗ്യമായാണ് കരുതപ്പെടുന്നത്. സാളഗ്രാമത്തിലാണ് ഹനുമാന്‍ സ്വാമിയേ നിര്‍മ്മിച്ചിരിക്കുന്നത്

 

ശ്രീരാമഭക്തനായ ഹനുമാന്‍ സ്വാമി  സഞ്ജീവനി മല ചുമന്നു കൊണ്ട് വന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ആണ് ക്ഷേത്രത്തില്‍ സ്വാമിയുടെ പടിഞ്ഞാറേക്കുള്ള ദര്‍ശനം എന്നാണ് വിശ്വാസം. ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ സജ്ജീവനി പർവതം  ചുമന്നു കൊണ്ട് വന്ന സ്വാമിയെ  പ്രാർഥിക്കുന്നത് ശാരീരികമാനസികരോഗപീഡകളില്‍ നിന്നും മോചനം നല്‍കുമെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്‍ സ്വാമിയുടെ കാലുകള്‍ രണ്ടും തെക്കോട്ടാണ്. ഭക്തരെ മരണഭയത്തില്‍ നിന്നും രക്ഷിച്ചു അവര്‍ക്ക് ദീർഘായുസ്സ്  പ്രദാനം ചെയ്യുന്നു എന്നാണ് ഐതിഹ്യം. ധനഭാഗ്യം നല്‍കുന്ന കുബേരന്റെ ദിക്കായ വടക്കോട്ട്‌ വാല്‍ കാണുന്ന തരത്തിലാണ് ഇവിടെ ഹനുമാന്‍ സ്വാമിയുള്ളത്. സ്വാമിയേ ആരാധിച്ചാല്‍ ഭക്തര്‍ക്ക് സർവധനസൗഭാഗ്യങ്ങളും ഇത് വഴി നേടാം എന്നാണ് വിശ്വാസം. 

 

ashtamsa-varadha-anjaneyar-01

എല്ലാ മാസവും ഹനുമാന്‍ സ്വാമിയുടെ നക്ഷത്രമായ മൂലം നാളില്‍ സ്വാമിയ്ക്ക് പ്രത്യേകഅഭിഷേകം നടത്താറുണ്ട്‌. ഹനുമാന്‍ ജയന്തി നാളുകളില്‍ ഒരു ലക്ഷം ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുക.  ഭക്തരുടെ അഭ്യര്‍ഥന മാനിച്ചു ഓരോ ആഴ്ചയും ക്ഷേത്രത്തിന്റെ ബ്ലോഗില്‍ ആ ആഴ്ചയിലെ സ്വാമിയുടെ അലങ്കാരചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാണ്. 

ഹനുമാന്‍ സ്വാമിയേ അലങ്കരിക്കാനുള്ള പട്ടുവസ്ത്രങ്ങള്‍ ഭക്തര്‍ കാണിക്കയായി നല്‍കാറുണ്ട്. 

 

ഓരോ വിശേഷദിവസങ്ങളിലും ആ ദിവസത്തെ പ്രത്യേകത അനുസരിച്ചാണ് അലങ്കാരങ്ങള്‍ ചിലപ്പോള്‍. ഉദാഹരണത്തിന് ശ്രീകൃഷ്ണജയന്തിയ്ക്ക് കൃഷ്ണനെ പോലെയാകും ഹനുമാന്‍ സ്വാമിയെ  അലങ്കരിക്കുക, പൊങ്കല്‍ നാളില്‍ കരിമ്പ്‌ കൊണ്ടുള്ള അലങ്കാരങ്ങളാകും. നമ്മുടെ വിഷു പോലെ  തമിഴ്പുത്താണ്ട് ആയ ഏപ്രില്‍ 14 നു 10008  പഴങ്ങള്‍ കൊണ്ടാണ് അലങ്കാരങ്ങള്‍. 

ജോലിസംബന്ധമായോ, വിദേശയാത്രസംബന്ധമായോ , ധനസംബന്ധമായതോ എന്തുമാകട്ടെ അഷ്ടാംശ വരദ ആഞ്ജനേയർ സ്വാമിയേ ഭജിച്ചാല്‍ ഫലം സുനിശ്ചിതം എന്നാണ്. 

 

ശനി, വ്യാഴം ദിവസങ്ങള്‍ ആണ് ഇവിടെ ഏറ്റവും വിശേഷനാളുകള്‍. രാവിലെ  7.30 മുതല്‍  12 വരെയും വൈകിട്ട്  5.30 മുതല്‍  9 വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാം. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ നിന്നും അല്‍പ്പം അകത്തേക്ക് പോയാല്‍ ക്ഷേത്രത്തിലെത്തിചേരാം. 

 

English Summery : Significance of Ashtamsa Varadha Anjaneyar Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com