ADVERTISEMENT

സന്ധ്യയ്ക്കു വീട്ടിലുള്ളവരെല്ലാം ചേർന്നു നാമം ചൊല്ലുക എന്നതു പണ്ടൊക്കെ ആചാരം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ വൈകുന്നേരങ്ങളിൽ വീട്ടിലുള്ളവരെല്ലാം ഒത്തുചേരും. അതുപക്ഷേ, സന്ധ്യാനാമം ചൊല്ലാനായിരിക്കില്ലെന്നു മാത്രം !

 

മക്കളെല്ലാം ഒത്തുചേർന്നു ദിവസവും സന്ധ്യയ്ക്കു നാമം ചൊല്ലണമെന്നു പഴമക്കാർ പറഞ്ഞിരുന്നതു വെറുതെയല്ല . പ്രാർഥന നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് ആധുനിക മന:ശാസ്ത്രം പോലും അംഗീകരിക്കുന്നു. ആ പോസിറ്റീവ് എനർജി തന്നെയാണു സന്ധ്യാപ്രാർഥനയിലൂടെ പഴമക്കാർ ഉദ്ദേശിച്ചത്.

 

കുറെ പേർ ഒരുമിച്ചിരുന്ന് ഒരേ കാര്യത്തിനു വേണ്ടി നടത്തുന്ന കൂട്ടമായുള്ള പ്രാർഥനയ്ക്കു കൂടുതൽ ഫലദായകത്വം ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. മക്കളെല്ലാം ഉമ്മറത്തു കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്ന് ഒരേ മനസ്സോടെ ഈശ്വരപ്രാർഥന നടത്തുമ്പോൾ ആ വീട്ടിലുണ്ടാകുന്ന പോസിറ്റീവ് എനർജിയെത്തന്നെയാണു കുടുംബത്തിന്റെ ഐശ്വര്യമെന്നും ദൈവാനുഗ്രഹമെന്നുമൊക്കെ പറയുന്നത്. കുടുംബപ്രാർഥന എന്ന സങ്കൽപത്തിന്റെയൊക്കെ പിന്നിലെ തത്ത്വവും ഈ പോസിറ്റീവ് എനർജി തന്നെ.

 

Nama-Japam-845x440

മക്കളെല്ലാവരും ഒരുമിച്ചിരുന്നു നാമം ചൊല്ലുന്നതിലൂടെ അവർക്കിടയിൽ ഐക്യം ഉണ്ടാക്കിയെടുക്കുക എന്ന കാര്യം കൂടി പണ്ടുള്ളവർ നിർവഹിച്ചു. കുടുംബപ്രാർഥനയിലൂടെ കുടുംബത്തിന്റെ കെട്ടുറപ്പു തന്നെയാണ് ഊട്ടിയുറപ്പിച്ചത്. വ്യക്തിയുടെ കാര്യത്തിലായാലും കുടുംബത്തിന്റെ കാര്യത്തിലായാലും, പോസിറ്റീവ് എനർജിയിൽ നിന്നേ ഗുണകരമായ ഫലങ്ങളുണ്ടാകൂ. നെഗറ്റീവ് എനർജിയിൽനിന്നുണ്ടാകുക, സ്വാഭാവികമായും ദോഷകരമായ ഫലങ്ങളായിരിക്കും. അതുകൊണ്ട്, ദിവസവും ഒരുമിച്ചിരുന്നു പ്രാർഥിക്കുക എന്ന ആചാരം നിലനിർത്തിപ്പോന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിത്തന്നെയായിരുന്നു.

 

 

ഏതായാലും, പഴമക്കാർ പറഞ്ഞുതന്ന പോസിറ്റീവ് എനർജിയോ ഏഷണിയുടെയും പരദൂഷണത്തിന്റെയുമൊക്കെ നെഗറ്റീവ് എനർജിയോ കുടുംബത്തിൽ നിറയേണ്ടത് എന്നു തീരുമാനിക്കേണ്ടതു നാം തന്നെയാണ്.

 

അറിവിന്റെ വഴി

 

ഈശ്വരനെ പ്രാർഥിക്കൽ മാത്രമായിരുന്നില്ല പണ്ട്, സന്ധ്യയ്ക്കുള്ള നാമം ചൊല്ലലിൽ. നമഃശിവായ, നാരായണായ നമഃ... എന്നു തുടങ്ങുന്ന ഈശ്വരപ്രാർഥനകൾക്കു ശേഷം കുട്ടികളെക്കൊണ്ടു ദിവസവും ചൊല്ലിച്ചിരുന്നത് പൊതുവിജ്ഞാനത്തിന്റെ ശകലങ്ങളായിരുന്നു . ആഴ്ച, മാസം , നക്ഷത്രം  തുടങ്ങിയ പൊതുവിജ്ഞാനത്തിന്റെ വിഷയങ്ങളും നാമം ചൊല്ലലിന്റെ ഭാഗമായി ദിവസവും ഉരുവിടുമായിരുന്നു . അന്നത്തെ കാലത്തു നിലവിലിരുന്ന സയൻസ് , കണക്ക് തുടങ്ങിയവയൊക്കെ മനഃപാഠമാക്കാനുള്ള വഴി കൂടിയായിരുന്നു നാമംചൊല്ലൽ . ഈശ്വരനെ പ്രാർഥിക്കണം എന്നു മാത്രമല്ല, ശാസ്ത്രവും ഗണിതവുമൊക്കെ മനഃപാഠമാക്കി ഓരോ കുട്ടിയും അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കണം എന്നു കൂടിയാണു നാമംചൊല്ലൽ നമ്മെ ഓർമിപ്പിക്കുന്നത്.

 

English Summary : Importance of Nama Japam in Daily Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com