ADVERTISEMENT

ഗൃഹനിർമാണം നടത്തുമ്പോൾ  വാസ്തുശാസ്ത്രവിധികൾ കൃത്യമായി പാലിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാനമാണ്. 

 

ശാസ്ത്രവിധിപ്രകാരം അല്ലാത്ത ഗൃഹനിർമാണം  ദീർഘകാലം നീണ്ടുനിൽക്കുന്ന ചില അസുഖങ്ങൾക്ക് കാരണമായി വരാറുണ്ട്. ഗൃഹത്തിനുള്ളിലേക്ക് ഉള്ള വായു -ഊർജ പ്രവാഹങ്ങളുടെ അസന്തുലിതമായ അവസ്ഥ മൂലമാകാം ഇത്. വാസ്തുശാസ്ത്ര വിധി പ്രകാരം ഉള്ള ചില മാർഗരേഖകൾ  ശ്രദ്ധിച്ചാൽ കുടുംബാംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താൻ  സാധിക്കും. അവയിൽ ചിലത് പരിചയപ്പെടാം.

 

ഉറങ്ങുമ്പോൾ തലഏതു വശത്തേക്ക് വയ്ക്കണം

 

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് തെക്കുവശത്തേക്ക് തല വച്ചു കിടക്കുന്നതാണ് ഉത്തമം. വാത-  കഫ പ്രകൃതം ഉള്ളവർ ഇടതുവശം ചെരിഞ്ഞും പിത്ത പ്രകൃതമുള്ള ശരീരം ഉള്ളവർ വലതുവശം ചെരിഞ്ഞും വേണം ശയിക്കുവാൻ.

 

പടവുകളുടെ സ്ഥാനം

 

ഇരുനില വീടുകളിൽ പടവുകളുടെ സ്ഥാനത്തിന് കുടുംബാംഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ വലിയ പങ്കുണ്ട്. മുകൾ നിലയിലേക്കുള്ള പടവുകൾ വീടിന്റെ നടുഭാഗത്ത് വരാതെ ശ്രദ്ധിക്കണം. പടവുകൾ ഏതെങ്കിലും   കോണിലാകുന്നതാണ് ഉചിതം.

 

ബ്രഹ്മസ്ഥാനം

 

വീടിന്റെ ഏറ്റവും മധ്യഭാഗമാണ് ബ്രഹ്മസ്ഥാനം എന്നറിയപ്പെടുന്നത്. ഈ ഭാഗം എപ്പോഴും  ഒഴിച്ചിടണം എന്നാണ് വാസ്തുശാസ്ത്ര വിധി. മധ്യഭാഗത്ത് തൂണുകളോ ചുവരുകളോ കെട്ടി പൊക്കിയാൽ കുടുംബത്തിൽ ഉള്ളവർക്ക് മനസ്വസ്ഥതക്കുറവും വൈഷമ്യങ്ങളും വരുന്നതിന് കാരണമാകും. ഊർജത്തെ ആവാഹിക്കത്തക്ക രീതിയിൽ സ്ഫടികം പോലെയുള്ള വസ്തുക്കൾ ഈ ഭാഗത്ത് വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.

 

അഗ്നി

 

പഞ്ചഭൂതങ്ങളിൽ ഒന്നായ അഗ്നി സന്തുലിതമായ അവസ്ഥയിൽ നിൽക്കത്തക്ക രീതിയിലായിരിക്കണം ഗൃഹനിർമാണം. തെക്കു വശത്തേക്ക് ചെരിവുള്ളതും അതേ വശത്തേക്ക് ദർശനം ഉള്ളതുമായ വീടുകൾ, തെക്കുകിഴക്കുഭാഗത്ത് ജലസംഭരണികൾ നിർമിക്കുക തുടങ്ങി അഗ്നി അസന്തുലിതമായ അവസ്ഥയിൽ ആകാനുള്ള സാധ്യതകൾ ഒഴിവാക്കുക. ജലസംഭരണികൾ വടക്കുഭാഗത്തോ വടക്കുകിഴക്കുഭാഗത്തോ വേണം നിർമിക്കാൻ.

 

തെക്കുഭാഗത്തേക്ക് തുറക്കുന്ന  കവാടങ്ങൾ കൂടുതൽ സമയവും അടച്ചിടാൻ ശ്രദ്ധിക്കുക. തെക്കു ഭാഗത്തു നിന്നുള്ള പ്രവേശന കവാടങ്ങൾ തടിയിൽ നിർമിക്കുന്നതാകും ഉത്തമം. തെക്കു ഭാഗത്തേക്ക് ദർശനമുള്ള വീടുകളിൽ കുടുംബാംഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി വീടിനുള്ളിൽ തെക്കു കിഴക്കു ഭാഗത്തായി ദീപം പ്രകാശിപ്പിക്കണം.

 

അടുക്കളയുടെ സ്ഥാനം

 

വാസ്തുശാസ്ത്ര വിധി പ്രകാരം അടുക്കളയുടെ സ്ഥാനം സുപ്രധാനമാണ്.  അഗ്നികോൺ എന്നറിയപ്പെടുന്ന തെക്കുകിഴക്കു ദിക്കാണ് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യം. ഗൃഹനിർമാണം നടത്തുന്ന സമയത്ത് അടുക്കള ഈ ഭാഗത്ത് അല്ല എങ്കിൽ കുടുംബാംഗങ്ങൾക്ക് ശാരീരിക വിഷമതകൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്.

 

ചുറ്റുമതിൽ

 

പ്രധാന കവാടത്തിന്റെ അതേ ഉയരത്തിൽ വീടിന്റെ ചുറ്റുമതിൽ കെട്ടുന്നതാണ് അഭികാമ്യം . കവാടത്തിന് ഇരുവശവും നാരക വൃക്ഷം നട്ടുപിടിപ്പിക്കുന്നത് കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

English Summary : Vasthu Tips for Good Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com