ADVERTISEMENT

ദേവാധിദേവകളിൽ പ്രഥമസ്ഥാനീയനാണു ഗണപതി ഭഗവാൻ. ഏതു പ്രവൃത്തി  ആരംഭിക്കുന്നതിനു മുൻ‌പും ഗണപതിയെ വന്ദിച്ചാൽ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. സിദ്ധിയുടെയും ബുദ്ധിയുടെയും  ഇരിപ്പിടമായാണു ഗണപതിയെ കരുതുന്നത്. അതിനാൽ ഏതു കാര്യത്തിനു മുൻപും ഗണേശ സ്മൃതി ഉത്തമമാണ്.

 

വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും. തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, മലയാള മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ പ്രാർഥിക്കുന്നത് ഭഗവൽ പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം.

 

കേതു ദോഷശാന്തി വരുത്താൻ നിർദേശിക്കപ്പെട്ടിരിക്കുന്ന മാർഗങ്ങളിലൊന്നാണ് ഗണപതി ഭജനം. ജാതകന് കേതു ദശ ആരംഭിക്കുന്ന ദിവസം ഗണപതി ഹോമവും കേതു പൂജയും നടത്തുന്നത് ദോഷാധിക്യം കുറയ്ക്കും.

 

പിന്നീട് ദശാകാലയളവിലെ എല്ലാ പക്ക പിറന്നാളിലോ (മാസം ജന്മനക്ഷത്രം വരുന്ന ദിവസം) ചതുർത്ഥി ദിനങ്ങളിലോ കേതു ദോഷ ശാന്തി പ്രാർഥനയോടെ ഗണപതി ഹോമം നടത്താം. ഇക്കാലയളവില്‍ ദമ്പതിമാർക്കിടയിൽ അകൽച്ച, വിരഹം, പിരിഞ്ഞു പോയേക്കുമെന്ന സ്ഥിതി ഇവ ഉണ്ടായാൽ ദാമ്പത്യ ഐക്യ പ്രാർഥനയോടെ സംവാദസൂക്തം കൊണ്ട് ഗണപതി ഹോമം നടത്തുന്നത് ഗുണപരമായ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.

 

ഭഗവാന് പ്രാധാന്യമുള്ള ദിനത്തിൽ   ചെംഗണപതിഹോമം നടത്തുന്നത് അത്യുത്തമമാണ് . അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ ‘‘ഓം ഗം ഗണപ തയേ നമഃ’’ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

English Summary  : Important Days for Lord Ganesha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com