sections
MORE

പഠനം, ജോലി, സമ്പത്ത്: ജാതകം പറഞ്ഞുതരും ഭാവിയും വഴികളും

kavadi-845
SHARE

കൊറോണയുടെ വരവോടെ പലതരത്തിലുള്ള ആശങ്കകൾ നമുക്ക് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലെ വിദ്യാഭ്യാസം, ജോലി, സാമ്പത്തികസ്ഥിതി മുതലായ കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുകയാണ് ആളുകൾ. ഈ സന്ദർഭത്തിൽ ജാതകത്തെ വഴികാട്ടിയായി സ്വീകരിക്കാവുന്നതാണ്. ജാതകം പരിശോധിച്ച് ഗുണദോഷകാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി അതു പ്രകാരം പ്രവർത്തിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്‌താൽ ഒരുപരിധി വരെ ദോഷങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താം.

ഇപ്പോൾ വിദ്യാഭ്യാസകാലം ആരംഭിക്കുകയാണല്ലോ. വിദ്യാർഥികളും രക്ഷിതാക്കളും ഭാവികാര്യങ്ങളെക്കുറിച്ച് ആശങ്കയിലുമാണ്. ജാതക പ്രകാരം എങ്ങനെ ഒരാളുടെ വിദ്യായോഗങ്ങളെക്കുറിച്ച് ചിന്തിക്കാം എന്നതിനെക്കുറിച്ച് ഈ സന്ദർഭത്തിൽ ‌പരിശോധിക്കുകയാണ്.

‘സാരസ്വതാദിവിദ്യായോഗാഃ

ലഗ്നേശലഗ്നശുഭയോഗാഃ

ബുധഗുരുഭൃഗുബലവത്ത്വം

വിദ്യാസ്ഥാനേ ച പാപരഹിതത്വം

ഏതൽ സർവം വിദ്യാ–

വിജയോന്നതിലക്ഷണം മഹൽസ്ഥാനം

കലയതി തദ്വിപരീതേ

വിപര്യയം സ്യാദിദം സർവം’

(പ്രശ്‌നാനുഷ്‌ഠാനപദ്ധതി)

ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലം, ശുഭയോഗദൃഷ്‌ടികൾ, ബുധന്റെയും വ്യാഴത്തിന്റെയും ശുക്രന്റെയും ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം മുതലായ സ്ഥാനബലത്തോട് കൂടിയ ഇഷ്‌ടഭാവസ്ഥിതി, വിദ്യാസ്ഥാനങ്ങളായ രണ്ടിലും അഞ്ചിലും നാലിലും പാപന്മാരുടെ സ്ഥിതി ഇല്ലാതെ ഇരിക്കുക എന്നീ ലക്ഷണങ്ങളെല്ലാം വിദ്യാഗുണം, പരീക്ഷാവിജയം, ഔന്നത്യം, ഉൽകൃഷ്‌ടസ്ഥാനലബ്‌ധി, മുതലായ ഗുണഫലങ്ങളെ പ്രദാനം ചെയ്യും. ഇതിനു വിപരീതമായ ലക്ഷണം കണ്ടാൽ– അതായത് ഗ്രഹങ്ങളുടെ നീചസ്ഥിതി, മൗഢ്യം, ശത്രുക്ഷേത്ര സ്ഥിതി, അനിഷ്‌ടഭാവസ്ഥിതി മുതലായവ– ദോഷഫലമാകും ചെയ്യുക.

ശ്ലോകത്തിൽ ആദ്യം പറഞ്ഞത് ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലത്തെക്കുറിച്ചാണ്. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ഏതൊരു കാര്യം ജാതകവശാൽ ചിന്തിക്കുമ്പോഴും ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതാണ്. കാരണം ലഗ്നം ആത്മശക്തിയുടെ സ്ഥാനവും ആത്മശക്തി എല്ലാറ്റിന്റെയും മുന്നിൽ നിൽക്കേണ്ട  ഒന്നുമാണ്. ‘ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷഃ’ എന്ന പ്രമാണവുമുണ്ട്. ജാതകഫലം പരിപൂർണമായി ലഗ്നത്തെയും ലഗ്നാധിപനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ ലഗ്നഭാവത്തിന് വളരെയേറെ സ്ഥാനമാണുമുള്ളത്. എന്നുവച്ചാൽ ജാതകത്തിൽ വിദ്യയ്ക്കുള്ള നല്ല യോഗങ്ങളുണ്ടെങ്കിലും ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലവും ബലഹീനതയും പഠനകാര്യങ്ങളിൽ വിധി നിർണയിക്കാവുന്ന പ്രധാനപ്പെട്ട ഘടങ്ങളാകുന്നു. പഠനത്തിന് ഓരോ വിഷയം തിരഞ്ഞെടുക്കുമ്പോഴും ലഗ്നത്തെക്കുറിച്ച് പ്രധാനമായി ചിന്തിക്കേണ്ടതുണ്ട്.

പിന്നീട് ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് വിദ്യാസ്ഥാനങ്ങളായ രണ്ട്, അഞ്ച്, നാല് എന്നീ ഭാവങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നാണ്. കാരണം രണ്ടാംഭാവം പൊതുവേ വിദ്യാസ്ഥാനവും അഞ്ചാം ഭാവം മനസ്സിന്റെയും ബുദ്ധിയുടെയും പ്രതിഭയുടെയും സ്ഥാനവും നാലാംഭാവം സുഖത്തിന്റെയും അഭിവൃദ്ധിയുടെയും സ്ഥാനവുമാണ്. ഈ ഭാവങ്ങളുടെ പുഷ്‌ടിയും ഭാവാധിപന്മാരുടെ ബലവും ഈ ഭാവങ്ങൾക്കെല്ലാം ലഗ്നവുമായി പരസ്‌പരബന്ധവും വിദ്യാഭിവൃദ്ധിക്ക് കാരണമാകുന്നു. അതായത് ഭാവിയിൽ ഉയർന്ന വിദ്യാഭ്യാസത്തിന് ഇത്തരം യോഗങ്ങൾ കാരണമാകുന്നു.

അതുപോലെ ജാതകത്തിൽ ചിന്തിക്കേണ്ട  മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് ‘ഭാഗ്യം’. ദീർഘായുസ്സു കഴിഞ്ഞാൽ പിന്നെ ഭാഗ്യത്തിനാണ് പ്രാധാന്യം. ‘സർവമപഹായ ചിന്ത്യം ഭാഗ്യർക്ഷം പ്രാണിനാം വിശേഷേണ’. സകല ജീവികൾക്കും സുഖദുഃഖങ്ങളുടെ സ്ഥാനം ഭാഗ്യമാകുന്നു, എന്ന തത്വമനുസരിച്ച് ഭാഗ്യഭാവമായ ഒമ്പതാംഭാവത്തിന്റെ ഗുണദോഷങ്ങളും ഇതിനോടുകൂടി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. എന്തെല്ലാം സൗകര്യങ്ങൾ ഒരാൾക്ക് ഉണ്ടെങ്കിലും ഭാഗ്യക്കുറവു കൊണ്ടും കാര്യതടസ്സങ്ങൾ ഉണ്ടാകാവുന്നതാണ്.

ജാതകത്തിലെ അതതു ദശാകാലവും അപഹാരകാലവും പരിശോധിച്ച് അതിനനുസരിച്ചുള്ള ഈശ്വരാരാധന നടത്തുകയും മേൽപറഞ്ഞ നിയമങ്ങളെല്ലാം മനസ്സിലാക്കി മുന്നോട്ട് പോകുകയും ചെയ്‌താൽ ഓരോ വ്യക്തിക്കും പഠനത്തിന് തടസ്സങ്ങൾ സംഭവിക്കാതെ ലക്ഷ്യത്തിലെത്താൻ സാധിക്കും.

ലേഖകന്റെ വിലാസം:

A.S.Remesh Panicker

Kalarickel House

Chittanjoor (PO)

Kunnamkulam

Thrissur (Dist)

Phone: Res- 04885-220886

Mobile: 9847966177

Email: remeshpanicker17@gmail.com

English Summary : How Horoscope Affects Our Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA