ADVERTISEMENT

സർവേശ്വരകാരകനും നവഗ്രഹങ്ങളിൽ പ്രധാനിയുമായ വ്യാഴം  പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണ് പഴമൊഴി. ധന സൗഭാഗ്യങ്ങളുടെ കാരകനാണ്  വ്യാഴം . ദോഷഫലങ്ങൾ ലഘൂകരിക്കാൻ വ്യാഴപ്രീതി വരുത്തണം . അതിനു ഏറ്റവും ഉത്തമം വിഷ്ണു ഭജനമാണ് . പ്രഭാതത്തിലും പ്രദോഷത്തിലും മുടങ്ങാതെ വിഷ്ണുഭജനം നടത്തുന്നത് ദോഷകാഠിന്യം കുറച്ച്‌ സദ്‌ഫലം നൽകും എന്നാണ് വിശ്വാസം.

 

പ്രഭാതത്തിൽ ഗായത്രി മന്ത്രജപ ശേഷം വിഷ്ണു ഗായത്രിയും ഭാഗ്യസൂക്തവും പതിവായി ജപിക്കുക.  സന്ധ്യക്ക് നിലവിളക്കിന് മുന്നിലിരുന്നുള്ള ' ഹരേ രാമാ ഹരേ രാമ... എന്ന കലിദോഷനിവാരണ മന്ത്രം ഒൻപതു തവണ ജപിക്കുന്നത് അത്യുത്തമം .നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടിഫലദായകമാണെന്നാണ് വിശ്വാസം . സന്ധ്യയ്ക്കുള്ള  നാമ ജപത്തിൽ  സ്വാമി ശങ്കരാചാര്യരാൽ വിരചിതമായ അച്യുതാഷ്ടകം ഉൾപ്പെടുത്താവുന്നതാണ് . നിത്യവും വിഷ്ണുസഹസ്രനാമജപവും നന്ന് . വ്യാഴാഴ്ച ദിനത്തിൽ ഭാഗവതം , നാരായണീയം എന്നിവ പാരായണം ചെയ്യുക  . നിത്യവും നൂറ്റെട്ട്  തവണ ഭഗവാന്റെ മൂലമന്ത്രമായ ' ഓം നമോ നാരായണായ ' ജപിക്കുന്നത് അത്യുത്തമം.

 

വിഷ്ണുഗായത്രി മന്ത്രം

 

'ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണു: പ്രചോദയാത്.'

 

(ഒൻപത് പ്രാവശ്യം വിഷ്ണുഗായത്രി മന്ത്രം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർധനയും സാമ്പത്തിക ഉന്നമനവും ലഭ്യമാകും.) 


കലിദോഷനിവാരണ മന്ത്രം

 

'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'

 

വ്യാഴ ദോഷകാലഘട്ടത്തിൽ  ഒരിക്കലോടെ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ ദോഷപരിഹാരമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ  അന്നേദിവസം കഴിവതും സസ്യാഹാരം ശീലിക്കുകയും വിഷ്ണുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക . 12 അല്ലെങ്കിൽ  16  വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തിൽ ഒന്നോ എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാം. എല്ലാ വ്രതങ്ങളെയും പോലെ മനഃശുദ്ധി , ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക .പിറ്റേന്ന് പൂർണ ഉപവാസമായോ ഒരിക്കലായോ വ്രതം അനുഷ്ഠിക്കാം.

 

നിത്യവും ഭഗവാന് ഏറ്റവും പ്രിയങ്കരമായ തുളസീ പൂജ ചെയ്യുന്നതും  ശുദ്ധമായ ചന്ദനം തൊടുന്നതും വ്യാഴാഴ്ച ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതും  ദോഷശാന്തിക്കും ഐശ്വര്യ വർധനവിനും കാരണമാകും. സാധ്യമായ അവസരങ്ങളിൽ വിഷ്ണു , കൃഷ്ണ ക്ഷേത്ര ദർശനം നടത്തി തുളസിമാല , പാൽപ്പായസം , തൃക്കൈവെണ്ണ എന്നീ വഴിപാടുകൾ സമർപ്പിക്കുക. 

 

English Summary : Jupiter Transit 2020 Dosha Remedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com