ADVERTISEMENT

അധ്യാത്മരാമായണം നമുക്കു തരുന്ന മികച്ച സന്ദേശങ്ങളിലൊന്ന് ഇതാണ്:

‘താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ

താൻതാനനുഭവിച്ചീടുകെന്നേ വരൂ...’ 

 

ഭരണത്തിന്റെ മറവിൽ ദുഷ്ടതകൾ കാട്ടിക്കൂട്ടിയാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കുമെന്നാണു രാമകഥ നൽകുന്ന മുന്നറിയിപ്പ്.  വനവാസത്തിനിടയിൽ തന്റെ ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാരോട് വാല്മീകി സ്വന്തം കഥ പറയുകയാണ്: കുടുംബം പോറ്റാൻ ജനങ്ങളെ കൊള്ളയടിച്ചും പിടിച്ചുപറിച്ചുമൊക്കെ കഴിയുകയായിരുന്നു താൻ. ഇതുവഴി വന്ന സപ്തർഷികളെ കൊള്ളയടിക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞു, ഇതിന്റെ പാപം ഏറ്റെടുക്കാൻ നിങ്ങളുടെ കുടുംബം കൂടെയുണ്ടാകുമോ എന്നു ചോദിക്കാൻ.

ഇതു കേട്ട് ആ ‘കൊള്ളക്കാരൻ’ കുടുംബത്തോടു ചോദിക്കുകയാണ്:

‘ദുഷ്കർമസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ–

യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനംപ്രതി.

തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ

മൽപാപമൊക്കെ ഞാൻ തന്നേ ഭുജിക്കെന്നോ?’

‘നിങ്ങളെയൊക്കെ ഭരിക്കാനായി ഞാൻ ചെയ്യുന്ന പാപകർമങ്ങളുടെ ഫലം അനുഭവിക്കാൻ നിങ്ങളും കൂടെയുണ്ടാവില്ലേ’ എന്നായിരുന്നു ചോദ്യം. 

എന്നാൽ കൊള്ളക്കാരന്റെ ഭാര്യയും മക്കളും പറയുന്നത് ഇങ്ങനെ: 

‘നിത്യവും ചെയ്യുന്ന കർമഗണഫലം

കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?

താൻതാൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ

താൻതാനനുഭവിച്ചീടുകെന്നേ വരൂ.’ 

‘ഞങ്ങളെയൊക്കെ ഭരിക്കാനെന്ന പേരിൽ നടത്തുന്നതായാൽ പോലും പാപകർമങ്ങളുടെ ഫലം അവനവൻ തന്നെയാണ് അനുഭവിക്കേണ്ടത്’ എന്ന കടുത്ത മറുപടി ഇന്നത്തെ ലോകത്തോടു കൂടിയുള്ളതാണ്.

 

English Summary : Ramayana Parayanam Day 08 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com