sections
MORE

ഒരുമാസം കൊണ്ട് 24000 ശ്ലോകങ്ങൾ, അറിയണം ഈ രാമായണ മാഹാത്മ്യം

Ramayanam-845
SHARE

 കർക്കടക സന്ധ്യകൾക്ക് വെളിച്ചമേകി രാമായണ മാസം. കർക്കടകത്തിന്റെ നാളുകളിൽ രാമമന്ത്രമുഖരിതമായിരിക്കും നാടും വീടും നാടും നഗരവും ആധുനികതയുടെ പാതകളിലേക്ക് നീങ്ങിയെങ്കിലും രാമായണ മാസത്തിന്റെ പ്രസക്‌തി കുറഞ്ഞിട്ടില്ല. രാമായണത്തിലെ ശീലുകൾക്ക് ഇന്നും വായനക്കാർ ഏറെയാണ്. വീടിനു പുറത്ത് നിലയ്‌ക്കാതെ പെയ്യുന്ന കർക്കടക മഴ, പൂമുഖത്ത് തെളിഞ്ഞു കത്തുന്ന നിലവിളക്ക്. അതിനരുകിൽ നിവർത്തിപ്പിടിച്ച ആധ്യാത്മരാമായണവുമായി മുത്തശ്ശി. നാട്ടിൻപുറങ്ങളിൽനിന്ന് ഇപ്പോഴും കൂടൊഴിഞ്ഞിട്ടില്ല ഈ രംഗങ്ങൾ. 

കർക്കടകമാകുന്ന കഷ്‌ടകാണ്ഡത്തിന്റെ ദുരിതമകറ്റാനാണ് രാമായണ പാരായണം. ദക്ഷിണായനത്തിന്റെ തുടക്കമാണ് കർക്കടകം. ഇതു വിഘ്‌നങ്ങളുടെയും ദുരിതങ്ങളുടെയും കാലമാണെന്നാണു സങ്കൽപം.

വിഘ്‌നങ്ങളെ ദൂരെ വെടിയാൻ രാമായണ പാരായണം വഴി തെളിക്കുമെന്നാണ് വിശ്വാസം. ഒരു മാസംകൊണ്ട് ആദിമഹാകാവ്യത്തിലെ 24000 ശ്ലോകങ്ങൾ വായിച്ചു തീർക്കണം. ഓരോ ശ്ലോകത്തിലും നരനിൽ നിന്നു നരോത്തമനിലേക്കുയർന്ന രാമന്റെ നാനാർത്ഥങ്ങൾ. മഴ നിറഞ്ഞ കർക്കടകത്തിൽ മനസിനുള്ളിൽ ശ്രീരാമരൂപം തെളിയുമ്പോൾ വിഷമതകളെല്ലാം അകലുമെന്നാണ് വിശ്വാസം. തോരാമഴയും വറുതിയും നിറയുന്ന ദക്ഷിണായനകാലത്ത് കാവൽ സാന്നിധ്യം പോലെ ശ്രീരാമനുണ്ടാവുമെന്നാണ് സങ്കൽപം.

ആരായിരുന്നു രാമായണ പാരായണത്തിന്റെ ആദ്യ വക്‌താവ്? ആരായിരുന്നു ആദ്യ ശ്രോതാവ്. ആധ്യാത്മരാമായണത്തിന്റെ ആദ്യ ഭാഗത്തിൽ തുഞ്ചത്ത് ആചാര്യൻ തന്നെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. ഉമാ മഹേശ്വരസംവാദം. അതാണ് ഉത്തരം. ശ്രീരാമദേവന്റെ മാഹാത്മ്യം കേൾക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച പാർവതി ദേവിയുടെ ആഗ്രഹം ശ്രവിച്ച പരമശിവനാണത്രെ ആദ്യമായി രാമായണ പാരായണം നിർവഹിച്ചത്.

രാമകഥയിലൂടെ ലഭിച്ച ആധ്യാത്മിക ജ്‌ഞാനം മാത്രമല്ല കർക്കടകത്തിന്റെ പ്രത്യേകത. ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഔഷധ കൂട്ടുകളുടെ മാസം കൂടിയാണി ത്. തിരുമ്മലും ഉഴിച്ചിലുമൊക്കെ ഉൾപ്പെട്ട സുഖചികിത്സയ്‌ക്ക് ഏറ്റവും ഉത്തമം കർക്കടകമാണത്രെ. 

രാമായണം, അഷ്‌ടമംഗല്യം, ദശപുഷ്‌പം എന്നിവ നിലവിളക്കിനു മുൻപിൽ പ്രത്യേകം ഒരുക്കിവയ്‌ക്കുകയും വീടുകളിൽ പതിവാണ്. ‘ശീപോതിക്ക് വയ്‌ക്കുക’ എ ന്നാണ് ഇതിന് പറയുക. ചെറൂള, മുക്കുറ്റി, പുവ്വാംകുറുന്തല, വിഷ്‌ണുക്രാന്തി, മോക്ഷമി (മുയൽച്ചെവിയൻ), ഉഴിഞ്ഞ, കറുക, കഞ്ഞുണ്ണി, തിരുതാളി, നെൽപ്പന (നിലപ്പന) എന്നിവയാണ് ദശപുഷ്‌പങ്ങൾ. സ്‌ത്രീകൾ ഈ പുഷ്‌പങ്ങളെടുത്ത് മുടിയിൽ ചൂടുന്ന പതിവുമുണ്ട്.

ചികിൽസയ്‌ക്കും കർക്കടകമാസം അത്യുത്തമമാണെന്നാണ് വിശ്വാസം. ഈ മാസത്തിൽ പയർ, ഉഴുന്ന്, അമര, ചേമ്പ്, ചേന, തകര, തവിഴാമ, ചീര, മത്തൻ, കുമ്പളം എന്നിവയുടെ ഇല വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുന്നു. പത്തില വച്ചുള്ളതാണ് ഈ ഇലക്കറി. പക്ഷേ മുരിങ്ങയില ഈ കാലത്ത് തൊടാനേ പാടില്ല എന്നാണ് ശാസ്‌ത്രം. ഈ മാസത്തിൽ പ്രത്യേക തരത്തിലുള്ള ഔഷധക്കൂട്ടുകളാൽ തയാറാക്കുന്ന ഔഷധക്കഞ്ഞി കഴിക്കുന്നവരുണ്ട്.

കർക്കടത്തിൽ ദുരിതദേവതയായ ജ്യേഷ്‌ഠയെ പുറത്താക്കി ഐശ്വര്യദേവതയായ ലക്ഷ്‌മിദേവിയെ മച്ചിൻമേലെ കുടിയിരുത്താനുള്ള ഒരുക്കത്തിലാണ് ഓരോ മല യാളിയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA