ADVERTISEMENT

 

ലോകത്തെ എല്ലാ ജീവജാലങ്ങളും പ്രപഞ്ചം തന്നെയും മനുഷ്യന്റെ കാൽക്കീഴിലാണെന്നാണ് അവന്റെ വിചാരം.

എന്നാൽ, മനുഷ്യൻ ഒറ്റയ്ക്കു നിന്നാൽ അവൻ നിസ്സഹായനാണെന്നും ഈ ഭൂമിയിലെ പക്ഷിമൃഗങ്ങളും മറ്റെല്ലാ ജീവജാലങ്ങളും മനുഷ്യന്റെ പോലും നിലനിൽപിന് ഏറെ സഹായകവും അത്യാവശ്യവുമാണെന്നു രാമകഥ നമ്മോടു പറയുന്നു. 

രാവണൻ അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ കണ്ടെത്താൻ സാക്ഷാൽ ശ്രീരാമദേവനു സഹായത്തിനെത്തുന്നതു ജടായുവും സമ്പാതിയും പോലുള്ള പക്ഷിശ്രേഷ്ഠന്മാരും ജാംബവാൻ എന്ന കരടിസ്വരൂപനും ഹനുമാൻ ഉൾപ്പെടെയുള്ള വാനരവീരന്മാരുമാണ്. വാനരനായകനായ സുഗ്രീവനും ശ്രീരാമദേവനും തമ്മിൽ പരസ്പരം സഹായിക്കാമെന്നു സഖ്യം ചെയ്യുന്നു പോലുമുണ്ട്. 

സീതാന്വേഷണത്തിനു തയാറായി കുരങ്ങന്മാരുടെ വലിയൊരു പടയുമൊത്തു വാനരനായകൻ സുഗ്രീവൻ ശ്രീരാമദേവന്റെ മുന്നിലെത്തിയ സന്ദർഭത്തെക്കുറിച്ചു പൈങ്കിളി പാടുന്നതിങ്ങനെ:

'ഭക്തിപരവശനായ സുഗ്രീവനും

ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം

വന്നുനിൽക്കുന്ന കപികുലത്തെക്കനി-

ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ.

തൃക്കാൽക്കൽ വേല ചെയ്തീടുവാൻ തക്കൊരു

മർക്കടവീരരിക്കാണായതൊക്കവേ...'

അങ്ങനെ പക്ഷിശ്രേഷ്ഠന്മാരുടെയും കരടിയുടെയും വാനരവീരന്മാരുടെയുമൊക്കെ സഹായത്തോടെയാണു പുരുഷോത്തമനായ ശ്രീരാമചന്ദ്രൻ സീതാദേവിയെ വീണ്ടെടുക്കുന്നത്. ഈ ലോകത്തെ ചെറുതും വലുതുമായ മറ്റു ജീവജാലങ്ങളുടെ സഹായമില്ലാതെ മനുഷ്യനു പലതും സാധ്യമല്ലെന്നാണു രാമായണം നമ്മെ പഠിപ്പിക്കുന്നത്. 

ഒരു സൂക്ഷ്മജീവിക്കു മുന്നിൽ പോലും മനുഷ്യൻ എത്രയോ നിസ്സാരനെന്നു നമ്മെ പഠിപ്പിച്ച ഈ കാലം രാമകഥയുടെ സന്ദേശത്തെ വീണ്ടും അടയാളപ്പെടുത്തുകയാണ്. 

 

English Summary : Ramayana Parayanam Day 21 By Raveendran Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com