ADVERTISEMENT

ചെയ്തതു തെറ്റായിപ്പോയി എന്നു മനസ്സിലായാലും ചിലർ മാപ്പു പറയാൻ തയാറാവില്ല. അത്തരക്കാരോട് മറ്റുള്ളവർക്ക് പകയും വൈരാഗ്യവും തോന്നാറുണ്ട്. ചില രാശികളിലുള്ളവരിൽ ചിലർ തലപോയാലും മറ്റുള്ളവരോട് മാപ്പു പറയില്ല എന്ന പിടിവാശിയുമായി ജീവിക്കുന്നവരാണെന്ന് ജ്യോതിഷം പറയുന്നു. അത്തരം ചില രാശികളെ പരിചയപ്പെടാം.

 

ഈഗോയുടെ ആശാന്മാർ

 

ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ചില സമയം സിംഹങ്ങളുടെ സ്വഭാവമാണത്രേ. തങ്ങളുടെ അധികാരപരിധിയിൽ ആരും കൈകടത്തുന്നത് ഇവർക്ക് തീരെ ഇഷ്ടമല്ല. മറ്റുള്ളവരെ ഭരിക്കാൻ ഏറെയിഷ്ടമാണു താനും. ചിങ്ങം രാശിയിൽ പിറന്ന പുരുഷന്മാരിലാണ് ഈ സ്വഭാവം കൂടുതൽ കാണുന്നത്. ഈഗോയുടെ ആശാന്മാരായ ഇവരോട് വഴക്കിടേണ്ടി വന്നാൽ, തെറ്റ് അവരുടെ ഭാഗത്താണെങ്കിൽപ്പോലും ഒരു മാപ്പു പറച്ചിൽ പ്രതീക്ഷിക്കരുത്. ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും മേൽക്കൈ വേണമെന്ന ഭാവമവർക്കുണ്ട്. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്തിനതു ചെയ്തു എന്നൊന്നും വിശദീകരിക്കാൻ അവർക്ക് തീരെയിഷ്ടമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ബന്ധങ്ങളിൽ സത്യസന്ധത പുലർത്താൻ അവരെ കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും.

 

തർക്കിക്കല്ലേ, ഓവർ ആക്ടിങ് കണ്ട് ഞെട്ടും

 

ആത്മനിയന്ത്രണത്തിന്റെ നെല്ലിപ്പലക കണ്ടാൽ മാത്രമേ മകരം രാശിക്കാരുടെ പിടിവിടൂ. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനു മുൻപ് നൂറുവട്ടം ചിന്തിക്കുന്നവരാണ് ഈ രാശിയിൽ ജനിച്ച സ്ത്രീകൾ. ആവശ്യമില്ലാതെ ഇവരുമായി തർക്കിക്കാൻ പോയാൽ ഓവർ ആക്ടിങ് കണ്ട് ഞെട്ടാനായിരിക്കും വിധി. അവർ തർക്കിക്കാൻ തുടങ്ങിയാൽ അവർ പോലുമറിയാതെ കാര്യങ്ങൾ കൈവിട്ടു പോകും. മാപ്പുപറയേണ്ടുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാനും ഒരിക്കലും ആവർത്തിക്കാതിരിക്കാനും അവർ നന്നായി ശ്രദ്ധിക്കും.

 

എനിക്കൊരിക്കലും തെറ്റു പറ്റില്ല

 

ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ചിന്താഗതിക്കാരാണ് കുംഭം രാശിയിൽ പിറന്നവർ. സദാചാരത്തിന്റെ അവസാനത്തെ അളവുകോൽ തങ്ങളാണെന്ന തോന്നലുണ്ട് അവരിൽ ചിലർക്ക്. ഏറെ നന്മയുള്ളയാളുകൾ എന്നതിൽ തർക്കമില്ലെങ്കിലും ഒരിക്കലും തങ്ങൾക്ക് തെറ്റുപറ്റില്ലെന്ന് ഈ രാശിയിൽ പിറന്ന പുരുഷന്മാർ ഉറച്ചു വിശ്വസിക്കുന്നു. തെറ്റുപറ്റാത്ത തങ്ങളുടെ പാത വേണം മറ്റുള്ളവരും പിന്തുടരാൻ എന്ന നിർബന്ധവും അവർക്കുണ്ട്. എല്ലാക്കാര്യങ്ങൾക്കും തെറ്റും ശരിയുമുണ്ടെന്ന തിരിച്ചറിവ് ഇവർക്ക് പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ തർക്കമൊഴിവാക്കാൻ പലപ്പോഴും ജീവിത പങ്കാളികളുൾപ്പടെയുള്ളവർ ഇവരുടെ വാദങ്ങൾ കണ്ണുമടച്ച് അംഗീകരിക്കുകയാണ് പതിവ്.

 

അവസാന വാക്ക് എന്റേത്

 

തെറ്റും ശരിയും എന്തു തന്നെയായിക്കോട്ടെ, അവസാനവാക്ക് എന്റേതാണ് എന്ന് വിശ്വസിക്കുന്നവരാണത്രേ ഇടവം രാശിക്കാർ. വളരെ ക്ഷമയും സഹനശക്തിയുമുള്ളവരാണെങ്കിലും തർക്കിക്കേണ്ടി വന്നാൽ ഇവർ ക്ഷമ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങൾക്കാണ് ഇവരോട് ദേഷ്യം തോന്നിയതെങ്കിൽ അതിനു പിന്നിലുള്ള കാരണങ്ങളെ ഇഴപിരിച്ച് പരിശോധിച്ച് നിങ്ങളുടെ മനസ്സ് മാറ്റിയെടുക്കുവാനുള്ള ശ്രമം നടത്തുകയും അതിനുവേണ്ടി ഏതറ്റംവരെ പോകാൻ തയാറാവുകയും ചെയ്യും.

 

വ്യക്തിത്വം വിട്ടൊരു കളിയില്ല

 

ഉറച്ച ചില വിശ്വാസങ്ങളാണ് വൃശ്ചികം രാശിക്കാരുടെ മുഖമുദ്ര. കേവലം ആശയങ്ങളിലല്ല, മറിച്ച് അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമാണ് അവരുടേത്. തങ്ങളുടെ കാഴ്ചപ്പാടുകൾ ശരിയാണെന്ന് വിശ്വസിക്കുന്ന ഇവർ ആ കംഫർട്ട് ലെവലിൽനിന്ന് പുറത്തു വരാൻ ശ്രമിക്കാറില്ല. തങ്ങളുടെ അഭിപ്രായങ്ങൾ ശരിയാണെന്നു സ്ഥാപിക്കാൻ എത്ര സമയവും ഊർജവും പാഴാക്കാനും ഇവർക്കൊരു മടിയുമില്ല.

English Summary : Most Stubborn Character as per zodiac Sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com