ADVERTISEMENT

യജുർവേദാന്തർഗ്ഗത ശതരുദ്രീയത്തിലെ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. രോഗം മാറാനും ദീർഘായുസ്സിനും ധനസമൃദ്ധിക്കും, പുത്രപൗത്രാദി സകല സമ്പത്തു വർദ്ധനക്കും ബഹുവിശേഷമാണ് ഈ മന്ത്രം. അതീവശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. വാമദേവകഹോള വസിഷ്ഠനാണ് മന്ത്രത്തിന്റെ ഋഷി. പങ്‌ക്തി  ഗായത്ര്യനുഷ്ടുപ്പാണ് ഛന്ദസ്. സദാശിവ മഹാമൃത്യുഞ്ജയ രുദ്രനാണ് ദേവത.

 

'ത്ര്യംബകം യജാമഹേ 

സുഗന്ധിം പുഷ്ടി വർദ്ധനം

ഉർവ്വാരുകമിവ ബന്ധനാത്

മൃത്യോർമുക്ഷീയ മാമൃതാത്'

 

 

 

രോഗദുരിതങ്ങൾകൊണ്ട് കാലം കഴിക്കുന്നവർക്ക് ഈ മന്ത്രം കൊണ്ട് ഹോമം ചെയ്താൽ രോഗശാന്തി കൈവരുന്നു എന്നുള്ളത് ഇന്നും കാണുന്ന പരമാർത്ഥ സത്യം. ദേഹകാന്തി, സമ്പത്ത്, തപോവൃദ്ധി, ശത്രുനാശം ഇവയും മഹാമൃത്യുഞ്ജയ ഹോമത്തിലൂടെ സാധിക്കുമെന്ന് ഋഷീശ്വരമതം. അതികഠിനമായ മാറാവ്യാധികൾക്ക് കൈകൊണ്ട ദിവ്യൗഷധമാണ് മൃത്യുഞ്ജയ ഹോമശേഷം ലഭിക്കുന്ന ഹോമസമ്പാതമായ നെയ്യ്. ഇത് നിത്യവും സേവിക്കുന്നതിലൂടെ ശരീരകാന്തിയും പ്രതിരോധശക്തിയും ലഭിക്കുന്നു.

 

കരിങ്ങാലി, പേരാൽ, പ്ലാശ് എന്നീ വൃക്ഷച്ചമതകളാണ് സൗന്ദര്യം, ധനം, തപോവൃദ്ധി എന്നിവയ്ക്കായി യഥാക്രമം മന്ത്രം സഹിതം വിധിപൂർവ്വം ഹോമം നടത്തുന്നതിന് ഉപയോഗിക്കുന്നത്. സത്പേരിന് പായസവും, വാക്സാമർത്ഥ്യത്തിന് തൈരും, ദുർമരണ നിവാരണത്തിന് യവവും ഹോമിക്കാറുണ്ട്. ശത്രുനിർമ്മാർജ്ജനത്തിന് കടുക് ഹോമിക്കണമെന്നാണ് മന്ത്ര ശാസ്ത്രവിധി. സർവ്വരോഗ ശമനത്തിന് കറുക നാമ്പ് മൂന്ന് കൂട്ടിയെടുത്ത് 108 വീതം ഹോമിക്കും. ദിനംപ്രതി ഈ മന്ത്രം ജപിച്ച് കറുക ഹോമിച്ചാൽ വീട്ടിലുണ്ടാകുന്ന അപമൃത്യുവും കാലദോഷവും അകലുന്നതായി അനുഭവസാക്ഷ്യം.

 

അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം ഈ നക്ഷത്രങ്ങളിലോ അവയുടെ അനുജന്മ നക്ഷത്രത്തിലെ ചിറ്റമൃത് ഹോമിച്ചാൽ രോഗഭയം അകന്നുപോവുകയും ദീർഘായുസ്സ് ലഭിക്കുകയും ചെയ്യും. കടലാടി ഹോമിച്ചാൽ ജ്വരത്തിൽ നിന്ന് മുക്തിയും, നെയ്യിൽ മുക്കി ചിറ്റമൃത് ഹോമിച്ചാൽ ഉദ്ദിഷ്ടകാര്യപ്രാപ്തിയും കൈമുതലായ് വരും. ഇങ്ങനെ സർവ്വതിനും ശ്രേഷ്ഠമാണ് മൃത്യുഞ്ജയമന്ത്രം.

 

ലേഖകൻ

 

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

Ph: 9846309646

Whatsapp: 8547019646

English Summary : Most Powerful Siva Manthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com