ADVERTISEMENT

രാഹു കേതു മാറ്റത്താലുണ്ടാകുന്ന ദോഷഫലങ്ങൾ കുറയ്ക്കാൻ പരിഹാരകർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ തൊഴുന്നതും വഴിപാടുകൾ സമർപ്പിക്കുന്നതും രാഹു കേതു ദോഷത്തിനു പരിഹാരമാണ്. നിത്യവും പഞ്ചാക്ഷരീമന്ത്രം (ഓം നമഃ ശിവായ) 108 തവണ ജപിക്കുന്നതും ഉത്തമം.

 

രാഹു ദോഷപരിഹാരങ്ങൾ 

 

നവഗ്രഹങ്ങളിലൊന്നായ രാഹു അനിഷ്ടകാരിയാണ്. രാഹുദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ മാർഗമാണ് ദേവീ ക്ഷേത്രങ്ങളിൽ നാരങ്ങാ വിളക്ക് തെളിക്കുന്നത്. ശിവ പ്രതിഷ്ഠയുള്ള ദേവീ ക്ഷേത്രത്തിലാണെങ്കിൽ അത്യുത്തമം. നിത്യേനയോ ചൊവ്വാ,വെള്ളീ ദിനത്തിലോ രാഹുകാലസമയത്ത് നാരങ്ങാവിളക്ക് തെളിച്ച് പ്രാർഥിച്ചാൽ രാഹുദോഷശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ദേവീക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിച്ചശേഷം ദേവീപ്രീതികരമായ മന്ത്രങ്ങൾ , ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്.

 

സർപ്പപ്രീതി വരുത്തുന്നത് മറ്റൊരു പരിഹാരമാർഗമാണ് . നാഗരാജ ക്ഷേത്രദർശനവും മഞ്ഞൾപ്പൊടി സമർപ്പിക്കുന്നതും നന്ന് . കൂടാതെ നവനാഗസ്തോത്രം നിത്യവും ജപിക്കാവുന്നതാണ്.

 

നവനാഗസ്തോത്രം

 

'പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം 

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ'

 

ശനി, ഞായർ ദിനങ്ങളിൽ ഉഴുന്ന് ദാനം ചെയ്യുന്നതും ഉഴുന്ന് ചേർന്ന ഭക്ഷണം ശീലിക്കുന്നതും ഉത്തമം .പുറത്തുനിന്നുള്ള ഭക്ഷണം , ലഹരിവസ്തുക്കൾ എന്നിവ ഉപേക്ഷിക്കുക .

 

നിത്യവും രാഹു സ്തോത്രം ശീലമാക്കുക, രാഹുവിനു കറുത്ത പട്ട് , നീല പുഷ്പങ്ങൾ എന്നിവ സമർപ്പിക്കുക , സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം വഴിപാടായി സമർപ്പിക്കുക എന്നിവയെല്ലാം പരിഹാരങ്ങളാണ് .

 

രാഹു സ്തോത്രം

 

'അർധകായം മഹാവീര്യം 

ചന്ദ്രാദിത്യവിമര്‍ദനം 

സിംഹികാഗര്‍ഭസംഭൂതം 

തം രാഹും പ്രണമാമ്യഹം'

 

(അർഥം :- പാതി ശരീരത്തോടു കൂടിയവനും മഹാവീരനും സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നവനും സിംഹികാ എന്ന അസുര സ്ത്രീയിൽ ജനിച്ചവനുമായ രാഹുവിനെ നമിക്കുന്നു.)

 

 

കേതു ദോഷപരിഹാരങ്ങൾ 

 

കേതു ദോഷ പരിഹാരത്തിനായി പ്രധാനമായും ഗണേശപ്രീതി വരുത്തുകയാണ് വേണ്ടത് . പക്കപ്പിറന്നാൾ തോറുമോ ചതുർഥി ദിനത്തിലോ ചൊവ്വാഴ്ചയും ചതുർഥിയും ചേർന്ന് വരുന്ന ദിനത്തിലോ ഗണപതിഹോമം സമർപ്പിക്കുന്നത് അത്യുത്തമം.

 

ഞായറാഴ്ചയും ചൊവ്വാഴ്ചയും മുതിര ദാനം ചെയ്യുന്നതും കേതു സ്തോത്രം ജപിക്കുന്നതും ചിത്രപ്പണികളോടുകൂടിയ പട്ടുവസ്ത്രം ,ചുവന്നപൂക്കൾ എന്നിവ കേതു പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ സമർപ്പിക്കുന്നതും പരിഹാരമാർഗമാണ് .

 

കേതു സ്തോത്രം

 

'പലാശപുഷ്പസങ്കാശം 

താരകാകാര മസ്തകം 

രൗദ്രം രൗദ്രാത്മകം ഘോരം 

തം കേതും പ്രണമാമ്യഹം'

 

(അർഥം :- പലാശ പുഷ്പം പോലെ തിളങ്ങുന്നവനും നക്ഷത്രാകൃതിയിൽ ശിരസ്സുള്ളവനും രൗദ്രരൂപനും ഭയങ്കരനുമായ കേതുവിനെ നമിക്കുന്നു.) 

 

English Summary : Dosha Remedy for Rahu Ketu Transit 2020 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com