ADVERTISEMENT

സ്ത്രീജാതകത്തിൽ എട്ടാം ഭാവം കൊണ്ട് മംഗല്യത്തെക്കുറിച്ചു ചിന്തിക്കുമെന്ന് ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ പറഞ്ഞു. ഇനി പറയുന്നത് ഒൻപതാം ഭാവത്തെക്കുറിച്ചാണ്.

സ്ത്രീജാതകത്തിൽ  ഒൻപതാം ഭാവം കൊണ്ട് മക്കളെക്കുറിച്ചു ചിന്തിക്കണമെന്ന് പറയുന്നു. അഞ്ചാം ഭാവം പൊതുവെ സന്താന സ്ഥാനമാണെങ്കിലും ഒൻപതാം ഭാവവും നോക്കി വേണം സന്താനഗുണങ്ങളെ അവസാനമായി വലിയിരുത്താൻ. അതായത് ഈ രണ്ട് ഭാവങ്ങളുടെയും ഗുണദോഷങ്ങൾ നിർണയിച്ച് സന്താനത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയാം. 

പൊതുവായി ഒൻപതാം ഭാവം ഭാഗ്യസ്ഥാനവുമാണ്. അതുകൊണ്ടു തന്നെ ഒൻപതാം ഭാവം പ്രധാനമായി ചിന്തിക്കേണ്ടത് അത്യാവശ്യവുമാണ്. 

സ്ത്രീ ജാതകത്തിൽ വ്യാഴം സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ആയിട്ട് ഒൻപതാം ഭാവത്തിൽ നിന്നാൽ വളരെ നല്ല സ്വഭാവമുള്ളവളായും ഭർതൃ പ്രീതിയും സന്താനഗുണങ്ങളും സുഖവും സമ്പത്തും സ്വന്തം കുടുംബത്തിനും ഭർതൃകുടുംബത്തിനും ഗുണം ചെയ്യുന്നവളുമായിരിക്കും.

അടുത്തതായി പറയുന്നത് ലഗ്നഭാവത്തെക്കുറിച്ചാണ്. ജാതകത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും നല്ലപോലെ ചിന്തിക്കേണ്ടതുമായ ഭാവമാണിത്. 

ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ലഗ്നഭാവം കൊണ്ട് ചിന്തിക്കണമെന്ന് പറയുന്നു. ലഗ്നത്തിലേക്ക് ശുഭഗ്രഹദൃഷ്ടിയും ശുഭഗ്രഹയോഗവും ശുഭഗ്രഹങ്ങളുടെ നവാംശകവും ലഗ്നാധിപൻ ബലവാനായി ഇഷ്ടഭാവത്തിലും നിന്നാൽ സ്ത്രീ സൗന്ദര്യമുള്ളവളും ചാരിത്രശുദ്ധിയുള്ളവളും എല്ലായ്പ്പോഴും ശാലീനതയും പുത്രന്മാരും സുഖവും ധനവും വ്യക്തിത്വവും ഭർത്താവിന് ഏറ്റവും പ്രീതിയുള്ളവളുമായിരിക്കും. മറിച്ച് ലഗ്നഭാവവും ഭാവാധിപനും ബലഹീനതയുണ്ടായാൽ ദോഷഫലത്തെയും ചെയ്യും.

 അഞ്ചാമതായി പറയുന്നത് ഏഴാം ഭാവത്തെ കുറിച്ചാണ്. ഈ ഭാവംകൊണ്ട് ഭർത്താവിന്റെ ഗുണദോഷങ്ങളെയും ഭർതൃപ്രീതിയെയും കുറിച്ചാണു ചിന്തിക്കേണ്ടത്. 

സത്രീജാതകത്തിൽ ഏഴാം ഭാവ ചിന്തനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. സ്ത്രീജാതകത്തിൽ ഏഴാം ഭാവം ശുഭക്ഷേത്രമായും, ശുഭഗ്രഹ ദൃഷ്ടിയോടും യോഗത്തോടും നവാംശകത്തോടും കൂടിയും ഏഴാം ഭാവാധിപൻ ബലവാനും ഇഷ്ടഭാവസ്ഥനുമായിരുന്നാൽ ആ സ്ത്രീയുടെ ഭർത്താവ് സൗന്ദര്യവും കീർത്തിയും വിദ്യയും സമ്പത്തും ഉള്ളവനായിരിക്കും. ദാമ്പത്യ സുഖമുണ്ടാകുകയും ചെയ്യും. ഏഴാം ഭാവം ബലഹീനമായാൽ വിപരീത ഫലവുമായിരിക്കുമെന്നും പറയാം. ദാമ്പത്യ സുഖകുറവ്, ദരിദ്രൻ, വേർപിരിഞ്ഞിരിക്കൽ, വൈധവ്യം മുതലായ ദോഷ ഫലങ്ങളും സംഭവിക്കാം.

  അവസാനമായി ശ്ലോകത്തിൽ നാലാംഭാവത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യങ്ങളെകുറിച്ചാണ് പറയുന്നത്. സ്ത്രീജാതകത്തിൽ വിശേഷമായി നാലാം ഭാവം കൊണ്ട് ഭാര്യ-ഭർതൃ സംയോഗത്തെയും ഭാര്യക്ക് ഭർത്താവിനോടുള്ള ഭക്തിയെയുമാണ് ചിന്തിക്കേണ്ടത്. നാലാം ഭാവത്തിനും ഭാവാധിപനും ബലമുണ്ടായാൽ മാനസികമായൂം ശാരീരികമായും ഭാര്യ-ഭർതൃ സൗഖ്യം ഉണ്ടാകുമെന്നും ഭർത്താവിങ്കൽ ഭക്തിയോട് കൂടിയവളുമായിരിക്കുമെന്ന് പറയാം. ബലഹീനമായാൽ ഫലവും മറിച്ചായിരിക്കും. നാലാം ഭാവം പൊതുവെ സുഖത്തിന്റെ സ്ഥാനവുമാണ്. ഇത്രയും കാര്യങ്ങൾ സ്ത്രീ ജാതകത്തിൽ ഒാരോ ഭാവവും സൂക്ഷമമായി ചിന്തിക്കുമ്പോൾ ഒാരോ വിഷയങ്ങളെകുറിച്ചുള്ള വ്യക്തത കിട്ടുന്നു.

        ജ്യോതിഷത്തിൽ പ്രധാനപ്പെട്ട ഘടകമാണ് ജാതകം. ജീവിതത്തിനാവശ്യമായ കാര്യങ്ങൾ ഇതിൽ കൂടി മനസ്സിലാക്കുവാൻ സാധിക്കുന്നു. ശാസ്ത്രീയമായിട്ടുള്ള ചിന്തനയും ഭക്തിയും വിശ്വാസവും കൂടി സമ്മേളിക്കുമ്പോൾ എല്ലാം സാധിക്കുകയും ചെയ്യും.

 

ലേഖകന്റെ വിലാസം

അഞ്ഞൂർ രമേഷ് പണിക്കർ, 

കളരിക്കൽ വീട്, 

ചിറ്റഞ്ഞൂർ കുന്നംകുളം, തൃശൂർ (ജില്ല) 

ഫോൺ-

Resi: 04885 220886, Mob: 9847966177  Email: remeshpanicker17@gmail.com   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com