sections
MORE

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ? സത്യവും മിഥ്യയും

HIGHLIGHTS
  • ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാം, പോസിറ്റീവ് എനർജി നിറയ്ക്കാം
  • ഉപയോഗിക്കുന്ന ഉപ്പിന്റെ അളവിലും വേണം ശ്രദ്ധ
Salt-Crystal-Photo-Credit-Krasula
Photo Credit : Krasula / Shutterstock.com
SHARE

ഉപ്പുകല്ലും ഉപ്പുനീരും നെഗറ്റീവ് എനർജിയെ തുരത്തുമെന്ന് ഒരു വിശ്വാസമുണ്ട്. ഉപ്പു ചേർത്ത വെള്ളത്തിൽ കുളിക്കുന്നതും വീട്ടിൽ പലയിടങ്ങളിലായി പല രൂപത്തിൽ ഉപ്പു സൂക്ഷിക്കുന്നതും വളരെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ട്? ഉപ്പിന്റെ പോസിറ്റീവും നെഗറ്റീവുമായ ഗുണങ്ങളെന്തൊക്കെയാണ്? ശരിയായ രീതിയിൽ ഉപ്പ് ഉപയോഗിച്ചില്ലെങ്കിൽ ദുരനുഭവങ്ങൾ ഉണ്ടാകുമോ? തുടങ്ങിയ ഒരുപിടി ചോദ്യങ്ങൾക്കുള്ള മറുപടിയിതാ:

വീട് വൃത്തിയാക്കാം, ഉപ്പുവെള്ളംകൊണ്ട്

വീട് അടച്ചിട്ട് ദിവസങ്ങളോളം മാറി നിന്നിട്ടു തിരിച്ചെത്തുമ്പോൾ വീടിനുള്ളിൽ പരിചിതമല്ലാത്ത ഗന്ധമുണ്ടാകും. അന്തരീക്ഷത്തിലെ മാലിന്യങ്ങളും പൊടിപടലങ്ങളും വായുസഞ്ചാരമില്ലാത്തതുമെല്ലാം ഇതിനു കാരണമാകാം. ഈ സാഹചര്യത്തിൽ അൽപം ഉപ്പു ചേർത്ത വെള്ളം കൊണ്ട് വീടു വൃത്തിയാക്കാം. അണുക്കൾ നശിക്കുമെന്നു മാത്രമല്ല ഏതെങ്കിലും തരം നെഗറ്റീവ് എനർജിയുടെ സാന്നിധ്യമുണ്ടെങ്കിൽ അത് ഉപ്പുവെള്ളം ആഗിരണം ചെയ്യുകയും ചെയ്യും.

അകാരണമായ ക്ഷീണമുണ്ടോ, ഉപ്പുവെള്ളത്തിൽ കുളിച്ചോളൂ

പുറത്തുപോയി വരുമ്പോൾ അകാരണമായി ക്ഷീണം തോന്നാറുണ്ടോ? ശരീരത്തിലെ ഊർജം വല്ലാതെ ചോർന്നു പോകുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ തീർച്ചയായും ഒരു കുളി അത്യാവശ്യമാണ്. ഉപ്പു ചേർത്ത വെള്ളത്തിൽ അസ്സലൊരു കുളി പാസാക്കിയാൽ ക്ഷീണം പമ്പ കടക്കും. അപരിചിതമായ സ്ഥലങ്ങളിലെ സഞ്ചാരമോ ആളുകളോ അറിഞ്ഞോ അറിയാതെയോ നിങ്ങളിൽ കടത്തി വിടുന്ന നെഗറ്റീവ് എനർജിയിൽ നിന്നു മുക്തി നേടാൻ ഈ ഉപ്പുവെള്ളത്തിലുള്ള കുളി സഹായിക്കും.

ഉപ്പുവെള്ളമാണോ ഉപ്പുകല്ലാണോ ഉപയോഗിക്കേണ്ടത്?

ശരീരത്തിൽ നിന്നും വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ തുരത്താൻ ഉപ്പുകല്ലാണോ ഉപ്പുവെള്ളമാണോ ഉപയോഗിക്കേണ്ടത് എന്ന സംശയം പലർക്കുമുണ്ടാകും. വീട് വൃത്തിയാക്കാനും കുളിക്കാനും ഉപ്പുകല്ലിട്ട വെള്ളം ഉപയോഗിച്ചാൽ മതി. 

വീടിന്റെ നാലു മൂലകളിൽ സൂക്ഷിക്കാൻ നല്ലത് ഉപ്പുവെള്ളമാണ്. ഇങ്ങനെ പാത്രത്തിൽ സൂക്ഷിക്കുന്ന ഉപ്പുവെള്ളം  ദിവസവും മാറ്റാൻ ശ്രദ്ധിക്കണം. ഉപ്പുകല്ലാണ് ഈ വിധം സൂക്ഷിക്കുന്നതെങ്കിൽ അതു മൺപാത്രത്തിലോ തടിപ്പാത്രത്തിലോ ആയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈ വിധമുള്ള ഉപയോഗശേഷം ഉപ്പ് വെള്ളമോ കല്ലുപ്പോ വെറുതെ വെളിയിലേക്ക് എറിഞ്ഞു കളയുകയോ വീണ്ടുമെടുത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യരുത്. വെള്ളത്തിൽ കലർത്തി ശുചിമുറിയിലോ അടുക്കളയിലെ സിങ്കിലോ ഒഴിച്ചു കളയണം.

ഉപയോഗശൂന്യമായ വസ്തുക്കളിലും വേണം ശ്രദ്ധ

ഉപയോഗശൂന്യമായ ഒരുപാടു വസ്തുക്കൾ എല്ലാ വീട്ടിലും കാണും. ഷെൽഫിലിരിക്കുന്ന സമ്മാനങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ അതിൽപെടും. ഉപ്പുവെള്ളത്തിൽ മുക്കിയ തുണിയുപയോഗിച്ച് ഇടയ്ക്കിടെ അത്തരം വസ്തുക്കൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മറ്റൊരാൾ ഉപയോഗിച്ച ഉപ്പിന്റെ ബാക്കി ഒരിക്കലും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാം, പോസിറ്റീവ് എനർജി നിറയ്ക്കാം

വിശ്വാസത്തിന്റെ മാത്രം പേരിലല്ല, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും ഉപ്പുവെള്ളത്തിന്റെ ശേഷിയിൽ ഉറച്ചു വിശ്വസിക്കാം. നല്ല ഉറക്കം കിട്ടാൻ ഉപ്പുവെള്ളം സഹായിക്കുമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. ഉറക്കം ശരിയാകണമെങ്കിൽ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ആൽക്കലൈൻ ലെവൽ നിലനിർത്താൻ ഉപ്പുവെള്ളത്തിൽ കാലുകൾ 20 മിനിറ്റ് മുക്കിവച്ചാൽ മതി. ഉപ്പുവെള്ളത്തിലെ മിനറൽസ് ശരീരത്തിലെ ആൽക്കലൈൻ അളവിനെ ക്രമീകരിച്ച് നല്ല ഉറക്കം സമ്മാനിക്കും. കിടപ്പുമുറിയിൽ ഉപ്പു സൂക്ഷിക്കുന്നതും മുറിയിൽ പോസിറ്റീവ് എനർജി നിലനിർത്താൻ സഹായിക്കും.

ഉപയോഗിക്കുന്ന ഉപ്പിന്റെ അളവിലും വേണം ശ്രദ്ധ

നെഗറ്റീവ് ഊർജത്തെ അകറ്റാനുപയോഗിക്കുന്ന ഉപ്പിന്റെ അളവിലും വേണം ശ്രദ്ധ. ഒരുപാട് ഉപ്പ് ഉപയോഗിക്കുന്നതു വിപരീതഫലമേ ചെയ്യൂ. വളരെ ചെറിയ അളവിലുള്ള ഉപ്പു മാത്രം മതിയാകും. ഉപയോഗശേഷം വെള്ളത്തിൽ കലർത്തി ഉപ്പ് ഒഴുക്കിക്കളയണം. വീടിന്റെ അല്ലെങ്കിൽ ശുചിമുറിയുടെ ഏതു ഭാഗത്താണ് ഉപ്പു സൂക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി വാസ്തുവിദഗ്ധരുടെ അഭിപ്രായം തേടുന്നതും നന്നായിരിക്കും. അറിവില്ലായ്മ കൊണ്ടു വിപരീത ഫലങ്ങൾ വിളിച്ചുവരുത്തുന്നതിലും നല്ലത് കൃത്യമായ നിർദേശത്തോടെ വിശ്വാസങ്ങളെ പിന്തുടരുന്നതാണ്. 

English Summary : Positive and Negative Effect of Salt According to Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA