ADVERTISEMENT

പരശുരാമനാൽ  പ്രതിഷ്ഠിതമായ നാലു പ്രധാനപ്പെട്ട അംബികമാരിൽ ഒന്നാണ് മൂകാംബികാദേവി എന്നാണ് സങ്കൽപ്പം.  പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി. മനുഷ്യരെ സത് പ്രവൃത്തിയിലേക്ക് നയിക്കുന്ന  ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി  എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ.  

ഭക്തൻ ഏതു ഭാവത്തിലാണോ ദേവിയെ വണങ്ങുന്നത് ആ ഭാവത്തിൽ ദേവി അനുഗ്രഹിക്കും എന്നാണു വിശ്വാസം. നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു മാതാവിന്റെ കരുതൽ പോലെ ദേവി സംരക്ഷിക്കും എന്നാണു വിശ്വാസം. ഹൈന്ദവ വിശ്വാസമനുസരിച്ച് വ്രതങ്ങളിൽ പ്രധാനമാണ്  നവരാത്രി വ്രതം. ഒരേ വ്രതാനുഷ്ഠാനത്തിൽ മൂന്നു ദേവതകളുടെ അനുഗ്രഹം നേടാനാവുന്നതാണ് കാരണം. അതുകൊണ്ടു തന്നെ ദേവീ ആരാധനയ്ക്ക് സവിശേഷമാണു നവരാത്രിക്കാലം .ആശ്വിന മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയാണു നവരാത്രി.

 

ക്ഷേത്ര ഐതിഹ്യം ഇങ്ങനെ:

 

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചുള്ള പുരാണം ഇപ്രകാരമാണ്. അസുര ചക്രവർത്തിയായ മഹിഷാസുരൻ ത്രിലോകങ്ങളും കീഴടക്കിയപ്പോൾ സ്ഥാനഭ്രഷ്ടരായ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് പരമശിവനെയും കൂട്ടി പാലാഴിയിലെത്തി ശ്രീനാരായണനെ അഭയം പ്രാപിച്ചു. ശ്രീനാരായണൻ അരുളിച്ചെയ്തതു പ്രകാരം, പുരുഷന്മാരാൽ നിഗ്രഹിക്കാനാവാത്ത മഹിഷനെ നിഗ്രഹിക്കാൻ കുടജാദ്രിയിലെത്തി കോലമഹർഷിയെയും കൂട്ടി ആദിപരാശക്തിയെ കണ്ട് അപേക്ഷിച്ചു.

ഇവരുടെ അപേക്ഷ പ്രകാരം ദേവി മഹിഷാസുരനെ വധിച്ച് തേജോരൂപിണിയായി വാനിൽ തിളങ്ങി നിന്നു. ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ഇന്നു കാണുന്ന ക്ഷേത്ര കേന്ദ്രത്തിൽ ജ്യോതിർമയിയായ ശ്രീചക്രം ഉണ്ടാക്കി ഭൂമിയുടെ രക്ഷാർഥം ദേവിയെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം. ദേവലോകം നശിപ്പിക്കാൻ ശക്തി നേടാനായി കംഹാസുരൻ തപസ്സ് ചെയ്യുന്നതിൽ പരിഭ്രാന്തരായ ദേവന്മാർ ദേവിയെ വീണ്ടും അഭയം പ്രാപിച്ചു. തപസ്സിൽ പ്രീതനായി ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ദേവി ഇയാളെ മൂകനാക്കിയത്രേ.

മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണു ദേവിക്കു മൂകാംബിക എന്ന പേരു വന്നതെന്നാണു വിശ്വാസം. കംഹൻ അതിനു ശേഷം മൂകാസുരൻ എന്നും അറിയപ്പെട്ടു.

തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കുപിതനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ദേവി, എല്ലാ ശക്തിയുമാർജിച്ച ശരീരം ധരിച്ച് മൂകാസുര നിഗ്രഹം നടത്തുകയായിരുന്നു. തുടർന്ന് ത്രിമൂർത്തികൾ ഈ ഭാവത്തിൽ ദേവിയെ കുടിയിരുത്തുകയും ചെയ്തു.

ഇങ്ങനെ ത്രിമൂർത്തികൾ പ്രതിഷ്ഠിച്ചതാണത്രേ ഇന്നു കാണുന്ന സകല ദേവതാ സ്വരൂപമായ മൂർത്തീ പ്രതിഷ്ഠ. പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ്സു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട സ്വരൂപത്തിൽ ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ വിഗ്രഹം എന്നാണു വിശ്വാസം. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഇന്നു നിലനിൽക്കുന്ന ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശ്രീശങ്കരാചാര്യർ ഉണ്ടാക്കിയതാണത്രേ.

 

 

സന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം

 

ദേവീസന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം  കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രേ. പാതിയിൽ മുടങ്ങിയ, ഇനിയും നടക്കാത്ത കൊല്ലൂർ യാത്രകളുടെ അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്.

 

 

സൃഷ്ടി സ്ഥിതി സംഹാരകാരകരായ ത്രിമൂർത്തികളാൽപ്പോലും ആരാധിക്കപ്പെടുന്ന മൂകാംബികാ ദേവിയെ ദുർഗ്ഗതിനാശിനി ആയിട്ടാണ്  സങ്കല്പിച്ചിരിക്കുന്നത്.   ദേവിയുടെ പൂർണ സ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീർത്തിക്കുന്ന ശ്രീമൂകാംബികാഷ്ടകം എന്ന അപൂർവ സ്തോത്രം  നിത്യം ജപിക്കുന്നത് സർവൈശ്വര്യത്തിന് ഉത്തമമാണ്. നവരാത്രി കാലങ്ങളിൽ മുടങ്ങാതെ ദേവിയെ ഈ സ്തോത്രം ജപിച്ചു വണങ്ങുന്നത് വിദ്യാ അഭിവൃദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം. ഈ സ്തോത്രം മനസ്സിനെ സദാ സംതൃപ്തമാക്കി നിർത്തുന്നതിന്  സഹായിക്കും.

 

 

 

ശ്രീമൂകാംബികാഷ്ടകം

 

നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ

നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ

നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-

സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം

കൃപാലോകനാ ദേവതേ ശക്തിരൂപേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

ത്വയാ മായയാ വ്യാപ്തമേതത്സമസ്തം

ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം

സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

യയാ ഭക്തവർഗാ  ഹി ലക്ഷ്യന്ത ഏതേ

ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ

അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ

നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്

നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം

സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ

തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

ഹരേശാദി ദേഹോത്ഥതേജോമയപ്ര-

സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ

മഹായോഗികോലർഷി ഹൃത്പദ്മഗേഹേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ

നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ  

നമഃ സ്വർണവർണ  പ്രസന്നേ ശരണ്യേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി

 

ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-

ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ

പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം

സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്.

English Summary : Significance of Mookambika Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com