ADVERTISEMENT

വീടിന്റെ നിർമാണത്തിലും വീടിനുള്ളിലും മറ്റും വരുത്തുന്ന ചില ചെറിയ മാറ്റങ്ങളിലും അൽപം ശ്രദ്ധിച്ചാൽ ജീവിതത്തിൽ പോസിറ്റീവ് ഊർജം നിറയുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. വാസ്തുശാസത്രമനുസരിച്ച്, വീട്ടിൽ സമ്പത്തും സന്തോഷവും സമാധാനവും നിറയാൻ ചില കാര്യങ്ങളിൽ ശ്രദ്ധിക്കണം. അലങ്കാര വസ്തുക്കൾ മുതൽ വീട്ടിലെ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾ വരെ വീട്ടിലെ പോസിറ്റീവ് ഊർജത്തെ സ്വാധീനിക്കുന്നുണ്ട്.

 

സ്വീകരണമുറി അലങ്കരിക്കാൻ അക്വേറിയം

 

മത്സ്യക്കുഞ്ഞുങ്ങൾ നീന്തിത്തുടിക്കുന്ന അക്വേറിയം, സുഗന്ധമുള്ള പൂക്കളോ വെള്ളമോ നിറഞ്ഞ ഫ്ലവർവേസ് തുടങ്ങിയവ സ്വീകരണമുറിയിൽ വച്ചാൽ വീട്ടിൽ ഐശ്വര്യം നിറയും. സാമ്പത്തിക സ്ഥിരത കൈവരാൻ മാത്രമല്ല വീട്ടിൽ സമാധാനം നിറയാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. അക്വേറിയത്തിലിടാനുള്ള മീൻകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. അഗ്രസീവ് ആയവയെ അല്ല ആക്ടീവ് ആയ മത്സ്യക്കുഞ്ഞുങ്ങളെയാണ് അക്വേറിയത്തിലിടേണ്ടത്. വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിലെ സ്വീകരണ മുറിയിലാണെങ്കിൽ ദക്ഷിണ പൂർവ ദിക്കിലും മറ്റു മുറികളിലാണെങ്കിൽ ഉത്തര ദിശയിലുമാകണം അക്വേറിയം വയ്ക്കേണ്ടത്. വെള്ളം നിറച്ച അല്ലെങ്കിൽ സുഗന്ധമുള്ള പൂക്കൾ നിറച്ച ഫ്ലവർവേസുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അത് വീടിന്റെ വാതിലിനരികിൽ സൂക്ഷിക്കുന്നതാണ് നല്ലത്. നെഗറ്റീവ് എനർജിയെ വലിച്ചെടുത്ത് വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കാൻ വെള്ളം സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ദിവസവും ഫ്ലവർവേസിലെ വെള്ളവും പൂക്കളും മാറ്റാൻ ശ്രദ്ധിക്കണമെന്നു മാത്രം.

 

ബുദ്ധപ്രതിമയോ കുബേരയന്ത്രമോ വീട്ടിൽ സൂക്ഷിക്കാം

 

കുബേരൻ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവനാണെന്നാണല്ലോ വിശ്വാസം. വീടിന്റെ വടക്കു കിഴക്കു ഭാഗത്താണ് കുബേരന്റെ സ്ഥാനമെന്നാണ് വിശ്വാസം. ശുചിമുറി, ഷൂ റാക്ക്, തകർന്ന വീട്ടുപകരണങ്ങൾ ഇവയൊന്നും വീടിന്റെ വടക്കു കിഴക്ക് ഭാഗത്തില്ലെന്ന് ഉറപ്പു വരുത്തണം. പോസിറ്റീവ് ഊർജത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ തക്കവിധം വീട് വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ വടക്കു ഭാഗത്ത് വടക്കുഭിത്തിയോട് ചേർന്ന്  ഒരു കണ്ണാടിയോ കുബേരയന്ത്രമോ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിന് സഹായിക്കുമെന്നും വിശ്വാസമുണ്ട്. അതുപോലെതന്നെ വീട്ടിലൊരു ബുദ്ധപ്രതിമ സൂക്ഷിച്ചാൽ അത് ശാന്തിയും സമാധാനവും വീട്ടിൽ നിറയ്ക്കുമെന്നും ഒരു വിശ്വാസമുണ്ട്. സ്വീകരണമുറിയിലോ പൂന്തോട്ടത്തിലോ അടുക്കളയിലോ ബുദ്ധപ്രതിമ സ്ഥാപിക്കാം. ബുദ്ധപ്രതിമയുടെ വലുപ്പം എത്രയും കൂടുന്നുവോ അത്രകണ്ട് പോസിറ്റീവ് ഊർജം വീട്ടിൽ നിറയുമെന്നാണ് വിശ്വാസം.

 

ആഘോഷവേളകളിൽ തോരണം തൂക്കാം, അല്ലാത്തപ്പോൾ വിൻഡ് ചൈം

 

പുരവാസ്തുബലിക്ക് മുന്നോടിയായി, അല്ലെങ്കിൽ വീട്ടിലെന്തെങ്കിലും ആഘോഷം നടക്കുമ്പോൾ വീടിനു വെളിയിൽ തോരണങ്ങൾ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. വീട്ടിലേക്ക് നെഗറ്റീവ് ഊർജം പരക്കാതിരിക്കാൻ മാവില, അശോകത്തിന്റെ ഇല എന്നിവകൊണ്ട് വീട് അലങ്കരിക്കാറുണ്ട്. ആഘോഷങ്ങൾ കഴിയുമ്പോൾ ഈ തോരണങ്ങളെക്കുറിച്ച് മറക്കാതെ അവ ഉണങ്ങാൻ തുടങ്ങുമ്പോൾത്തന്നെ അതു മാറ്റി പുതിയവ തൂക്കാൻ ശ്രദ്ധിക്കണം. ദുഷ്ടലാക്കുകളിൽ‌നിന്നും നെഗറ്റീവ് എനർജിയിൽനിന്നും ഈ ഇലകൾ വീടിനെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. വീടിനു പുറത്ത് തൂക്കുന്ന വിൻഡ് ചൈമുകൾ വീട്ടിലേക്ക് സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇനി അവ തൂക്കുന്നത് ശുചിമുറിക്കു മുന്നിലാണെങ്കിൽ പണം പാഴാകുന്നതിനെ പ്രതിരോധിക്കുമെന്നും ഒരു വിശ്വാസമുണ്ട്. കട്ടിലിനു മുകളിലോ വിശ്രമയിടങ്ങളിലോ വിൻഡ്ചൈമുകൾ തൂക്കിയാൽ അത് നെഗറ്റീവ് ഊർജത്തെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നും ഒരു വിശ്വാസമുണ്ട്.

 

ഭാഗ്യംകൊണ്ടുവരും ലക്ഷ്മീപാദവും വാസ്തുചിത്രങ്ങളും

 

ഐശ്വര്യദേവതയുടെ കടാക്ഷം വീട്ടിലേക്ക് ക്ഷണിക്കാനായി വീടിന്റെ വാതിലിൽ ലക്ഷ്മിപാദം പതിപ്പിക്കുന്ന ചടങ്ങ് ചില സ്ഥലങ്ങളിലുണ്ട്. ലക്ഷ്മിപാദം പതിപ്പിച്ചാൽ വീട്ടിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകുമെന്നും അതുവഴി വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിറയുമെന്നുമാണ് വിശ്വാസം. ഇങ്ങനെ ചെയ്താൽ മറ്റു ദേവന്മാരുടെയും ദേവികളുടെയും നോട്ടവും വീടിനുമേൽ പതിയുമെന്നും ഗ്രഹദോഷങ്ങളുൾപ്പടെയുള്ള ദോഷങ്ങൾ ഇതിലൂടെ മാറുമെന്നും വിശ്വാസമുണ്ട്. ചില പെയിന്റിങ്ങുകളും വീട്ടിൽ ഭാഗ്യം കൊണ്ടുവരുമെന്നും പറയാറുണ്ട്. വെള്ളച്ചാട്ടം, ഒഴുകുന്ന നദി, ഗോൾഡ് ഫിഷ് ഇത്തരത്തിലുള്ള പെയിന്റിങ്ങുകൾ സമ്പത്തുകൊണ്ടു വരുമെന്നും വിശ്വാസമുണ്ട്. ജോലിയിലെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ ഫോറിൻ കറൻസി, പറക്കുന്ന പക്ഷികൾ, ബൈക്ക് അല്ലെങ്കിൽ കാർ റേസിന്റെ പെയിന്റിങ്ങുകൾ എന്നിവ വീട്ടിൽ സൂക്ഷിക്കണമത്രേ.

 

വാതിൽപടി കേടുപാടില്ലാതെ സൂക്ഷിക്കാം, ഇൻഡോർ പ്ലാന്റുകൾ വളർത്താം

 

വീട്ടിലേക്ക് കടക്കാനുള്ള പ്രവേശന കവാടത്തിന് അല്ലെങ്കിൽ വാതിൽപ്പാളികൾക്ക് യാതൊരു വിധത്തിലുള്ള കേടുപാടുകളുമില്ല എന്ന് ഉറപ്പു വരുത്തണം. കാരണം ഇതുവഴിയാണ് പോസിറ്റീവ് എനർജി വീടിനുള്ളിലേക്ക് പ്രവഹിക്കുന്നത്. പൂട്ടുകൾ ഉൾപ്പെടെ ഒന്നിനും കേടുപാടില്ലെന്നും ഒന്നും പൊട്ടിപ്പൊളിഞ്ഞിരിക്കുകയല്ലെന്നും ഉറപ്പു വരുത്തണം. ചെടികൾ, ചെറിയ മണികൾ, നെയിംബോർഡുകൾ ഇവ വാതിൽപ്പടിയോട് ചേർന്നുള്ള ഇടങ്ങളിൽ സൂക്ഷിക്കാം. ഇൻഡോർ പ്ലാന്റുകൾ വളർത്താൻ താൽപര്യമുണ്ടെങ്കിൽ മണിപ്ലാന്റ് തിരഞ്ഞെടുക്കാം. ഇത് വീട്ടിൽ അഭിവൃദ്ധിയും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. പച്ച നിറത്തിലുള്ള കുപ്പിയിലോ ഫ്ലവർവേസിലോ വീടിന്റെ വടക്കുഭാഗത്തായി മണിപ്ലാന്റ് വളർത്തിയാൽ അത് സമ്പത്ത് വർധിക്കാനും ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുമെന്നും ഒരു വിശ്വാസമുണ്ട്. ലക്കി ബാംബൂ വളർത്തുന്നതും, കാടിന്റെയും പച്ചപ്പിന്റെയും പെയിന്റിങ്  വീട്ടിൽ സൂക്ഷിക്കുന്നതും വീട്ടിൽ അഭിവൃദ്ധി നിറയാൻ സഹായിക്കുമെന്നും വിശ്വാസമുണ്ട്.

 

English Summary :  How to Bring Wealth and Prosperity in Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com