sections
MORE

നവരാത്രി ആഘോഷം : അറിയേണ്ടതെല്ലാം

HIGHLIGHTS
  • ഈ വർഷം തുലാമാസത്തിൽ വിദ്യാരംഭം ആചരിക്കുന്നതിനു കാരണം
navarathri-Bhudanur
SHARE

നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ എല്ലായിടത്തും പൂർത്തിയായി. കോവിഡ് മാനദണ്ഡമനുസരിച്ചാകും ആഘോഷങ്ങൾ. ഒക്ടോബർ 17 മുതൽ 26 വരെയാണ് നവരാത്രി ആഘോഷം. 23 നു ദുർഗാഷ്ടമി. പൂജവയ്പ്. 24നും 25നും മഹാനവമി. 26നു വിജയദശമിയും വിദ്യാരംഭവും നടക്കും.

പൂജവയ്പ്പിനു പഞ്ചാംഗം പ്രകാരം 23നു  വൈകിട്ട് സൂര്യാ അസ്തമനത്തിന് മുൻപാണ് ഉത്തമം. പൂജയെടുപ്പിനും വിദ്യാരംഭത്തിനും 26നു രാവിലെ 6:20നും 9നും മധ്യേയാണ് കൂടുതൽ ഐശ്വര്യം. ഇത്തവണ ക്ഷേത്രങ്ങളിൽ ആഘോഷം കുറവായതിനാൽ വീടുകളിൽ തന്നെ വിദ്യാരംഭം ചടങ്ങുകൾ കോവിഡ് മാനദണ്ഡം അനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. 

 വിജയദശമിയടെ പൊരുൾ 

വെളുത്ത പക്ഷത്തിൽ (അമാവാസി മുതൽ പൗർണമി വരെയുള്ള കാലം) ദശമിതിഥി, സൂര്യോദയ സമയം മുതൽ ആറേകാൽ നാഴികയോ അതിൽ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി  വിദ്യാരംഭത്തിന് ഉത്തമം. എന്നാൽ ഇങ്ങനെ ആറേകാൽ നാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കിൽ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വർഷങ്ങളിൽ വിജയദശമി വരുന്നത് തുലാമാസത്തിലുമാകാം. 2015 ലും 2018 ലും വിജയദശമി തുലാം മാസത്തിലായിരുന്നു. 2019ലെ വിദ്യാരംഭം കന്നിമാസത്തിലായിരുന്നു. എന്നാൽ 2020 ലെ നവരാത്രി ആരംഭം തന്നെ തുലാമാസത്തിലാണ്. അതിനുശേഷം വരുന്ന പൂജവയ്പ്, മഹാനവമി, ആയുധപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, വിജയദശമി എന്നിവയെല്ലാം ഈ വർഷം തുലാമാസത്തിലാണ്. പൂജ വയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിടും, പൂജയെടുപ്പ് - വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് ആറേകാൽ നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാണ്. 

വിദ്യാരംഭം:  എവിടെ, എങ്ങനെ വേണം 

ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂർത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തിൽ  വിദ്യാരംഭം നടത്തുന്നത് ഉത്തമമാണ്. കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണല്ലോ വിജയദശമി. ഈ ദിവസം മുഹൂർത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളിൽ മുഹൂർത്തഗണനം നടത്തിയും വിദ്യാരംഭം നടത്താം. ദേവീപൂജയ്ക്ക് ശേഷം മുന്നിലെ ഓട്ട് ഉരുളിയിൽ നിറച്ച ഉണക്കലരിയിൽ കുഞ്ഞിന്റെ ചൂണ്ടുവിരൽപിടിച്ച് ആചാര്യൻ 'ഹരിശ്രീഗണപതയേനമ:' എന്നും സ്വർണമോതിരം കൊണ്ട് നാവിലും എഴുതി വിദ്യാരംഭത്തിനു തുടക്കമിടും.രണ്ടര വയസ്സ് കഴിഞ്ഞ് 3 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് വിദ്യാരംഭം നടത്തണമെന്നാണ്  ആചാര്യന്മാരുടെ ഉപദേശം.  

വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് അത്യുത്തമമാണ്. വിദ്യാ – സാംസ്ക്കാരിക ബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ദേവിയുടെ ഉപാസനയിലൂടെയാണ്. സരസ്വതി – ഗണപതിക്ഷേത്രങ്ങൾ, സരസ്വതീ –  ദക്ഷിണാമൂർത്തി പൂജകളും കൊണ്ട് പ്രസാദിച്ചുനിൽക്കുന്ന ഏതൊരു ക്ഷേത്രവും വിദ്യാരംഭത്തിന് ഉചിതമാണ്. സരസ്വതീകടാക്ഷമുള്ള ആചാര്യനോ വിദ്യാ ഉപാസകനോ ഗുരുതുല്യനോ, പിതാവോ ,പിതാമഹനോ അമ്മാവനോ ഒക്കെ കുട്ടിക്ക് ആദ്യ അക്ഷരം കുറിക്കാൻ ഉത്തമ ആചാര്യന്മാരാണ്. നിത്യപൂജകളുള്ള ക്ഷേത്രസന്നിധിയൽ വെച്ച് ഈ  ശുഭകർമം  നടത്തുന്നത് അത്യുത്തമമാണ്. 

സരസ്വതീദേവിയുടെ പ്രാർഥനാ മന്ത്രം:

സരസ്വതി നമസ്തുഭ്യം 

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി 

സിദ്ധിർഭവതു മേ സദാ
 

സരസ്വതീദേവിയുടെ ധ്യാനം:
 

യാ കുന്ദേന്ദുതുഷാരഹാരധവളാ 

യാ ശുഭ്രവസ്ത്രാവൃതാ 

യാ വീണാവരദണ്ഡമണ്ഡിതകരാ 

യാ ശ്വേതപദ്മാസനാ 

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ: 

സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ 

നിശ്ശേഷജാഡ്യാപഹാ 

ശ്രീ മഹാസരസ്വത്യെ നമഃ

സരസ്വതീദേവിയുടെ മൂലമന്ത്രം:
 

ഓം സം സരസ്വത്യെ നമഃ"

സരസ്വതീഗായത്രി:

"ഓം സരസ്വത്യെ വിദ്മഹേ

ബ്രഹ്മപുത്ര്യെ ധീമഹി

തന്വോ സരസ്വതി: പ്രചോദയാത്

പൂജ എടുത്ത ശേഷം സരസ്വതീദേവിയുടെ പ്രാർത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഇവയെല്ലാമോ  ജപിക്കാവുന്നതാണ്. പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തിൽ പൂജാദ്രവ്യങ്ങളുമായി എത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നൽകി ഏറ്റുവാങ്ങി,  തുടർന്ന് ക്ഷേത്രത്തിൽ ഇരുന്ന് മണ്ണിലോ അരിയിലോ വിദ്യാരംഭം കുറിക്കാം. 

ഹരി ശ്രീ ഗണപതയേ നമ: 

അവിഘ്നമസ്തു 

ശ്രീ വേദവ്യാസായ നമ:

ഓം ഗരുഭ്യോ നമ:

എന്നും പിന്നെ അക്ഷരമാലയും എഴുതി സരസ്വതീദേവിയെ ധ്യാനിച്ച്, ഭജിക്കണം. 

തുടർന്ന്, ദേവിയുടെ കടാക്ഷവും ആശീർവാദവും വാങ്ങി വീടുകളിലേക്ക് മടങ്ങാം

വിദ്യാർഥികൾ നവരാത്രി തുടങ്ങുന്നതു മുതൽ പ്രഭാതത്തിൽ കുളിച്ച്, സരസ്വതി മന്ത്രം ജപിച്ച് വയമ്പ് അരച്ചതും വെണ്ണയും സൂര്യനെ സാക്ഷിയാക്കി സേവിക്കുന്നത് ഉത്തമാണ്. ഈ കാലയളവിൽ സസ്യാഹാരം മാത്രം ഉപയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA