ADVERTISEMENT

ലോകം പേടിയോടെ കണ്ട മഹാവ്യാധി പിടിപെട്ടു. അതിനെ പൊരുതിത്തോൽപിച്ചതിനു തൊട്ടുപിന്നാലെ, ഹൃദയത്തോടു ചേർന്നു നിൽക്കുന്ന കൂട്ടുകാരിക്കൊരു സ്നേഹവീടൊരുക്കി. സീമകളില്ലാതെ ചുറ്റുമുള്ളവരിൽ സ്നേഹവും പോസിറ്റീവ് എനർജിയും പടർത്തുന്ന സിനിമ–സീരിയൽ താരം സീമാ ജി. നായർ കോവിഡിനെ അതിജീവിച്ചത് നന്മയെ കൂട്ടുപിടിച്ചാണ്. ആ സമയത്തെക്കുറിച്ചും അന്നു തുണയായ

വിശ്വാസത്തെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടുമായി സംസാരിക്കുകയാണ് സീമാ ജി. നായർ.

 

ലോക്ഡൗൺ കാലവും കോവിഡ് ബാധയുമൊക്കെ ബുദ്ധിമുട്ടിച്ചല്ലോ. തുടർച്ചയായി പ്രതിസന്ധികളെ അതിജീവിക്കുമ്പോഴും ജീവിതത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്?

 

എന്തു നെഗറ്റീവ് കാര്യം ജീവിതത്തിൽ സംഭവിച്ചാലും അതിനെ നേരിട്ടേ പറ്റൂ എന്ന് ഉറപ്പിക്കും. പലപ്പോഴും മനസ്സിനെ, ജീവിതത്തെ മടുപ്പിക്കുന്ന ഒരുപാടു സംഭവങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി തുടർച്ചയായി സംഭവിക്കാറുണ്ട്. ഭഗവാനോട് പരിഭവിക്കാറുണ്ടെങ്കിലും പിടിച്ചു നിൽക്കാനുള്ള ശക്തി തരണേയെന്ന് പ്രാർഥിക്കാറുണ്ട്. മനസ്സിന്റെ ധൈര്യം ചോർന്നു പോകാതിരിക്കാൻ ദൈവങ്ങളെത്തന്നെയാണ് കൂട്ടുപിടിക്കുന്നത്. കാരണം ഒരുപരിധിയിൽ കവിഞ്ഞ് സുഹൃത്തുക്കളോടു പോലും സങ്കടങ്ങൾ പങ്കുവയ്ക്കാനാവില്ലല്ലോ. തുടർച്ചയായി ദുരന്തങ്ങളെക്കുറിച്ച് പറയുമ്പോൾ അവർക്കായാലും മുഷിപ്പ് തോന്നില്ലേ.  ഇവർക്കെപ്പോഴും കദനകഥ മാത്രമേ പറയാനുള്ളോ എന്ന് അവർ വിചാരിക്കില്ലേ? അതുകൊണ്ട് ഈശ്വരന്മാരെ കൂട്ടുപിടിച്ചാണ് നെഗറ്റീവിൽ നിന്ന് കരകയറി  പോസിറ്റീവ് മനോഭാവത്തിലേക്ക് മനസ്സിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

Seema-G-Nair-03

 

ദൈവ വിശ്വാസിയാണോ? ഇഷ്ടദൈവം ആരാണ്?

തീർച്ചയായും ഞാനൊരു ദൈവ വിശ്വാസിയാണ്. ഇന്ന ജാതി, ഇന്ന മതം എന്ന വേർതിരിവൊന്നുമില്ല. എല്ലാ വിശ്വാസത്തിലുമുള്ള ആരാധനാലയങ്ങളിലും പോകാറുണ്ട്. അമ്പലങ്ങളിലും പള്ളികളിലുമെല്ലാം പോകാറുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ പ്രാവശ്യം ഞാൻ പോയിട്ടുള്ളത് ഗുരുവായൂരമ്പലത്തിലാണ്. ഗുരുവായൂരപ്പനാണ് ഇഷ്ടദൈവം. അദ്ദേഹം പരീക്ഷണങ്ങളുടെ ആളാണ്. എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം പരീക്ഷിക്കും. എല്ലാമാസവും ഗുരുവായൂരിൽ പോകാറുണ്ട്. ഒന്നോ രണ്ടോ ദിവസം നിന്ന് നിവേദ്യച്ചോറു കഴിച്ച്, അന്നദാനത്തിൽ പങ്കെടുക്കാനൊക്കെ വളരെയിഷ്ടമാണ്. ഗുരുവായൂരെത്തിയാൽപ്പിന്നെ മടങ്ങിവരാൻ തോന്നില്ല.  പക്ഷേ ചിലപ്പോഴൊക്കെ പരീക്ഷണങ്ങൾ അധികരിക്കുമ്പോൾ മനസ്സിൽ വിചാരിക്കും, ഇനി ഭഗവാനെ വിളിക്കില്ല. എനിക്ക്  മതിയായി, പരീക്ഷിച്ചു തീർന്നില്ലേ എന്നൊക്കെ പരിഭവിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഭഗവാനോടു പിണങ്ങാറുമുണ്ട്. പക്ഷേ മാസത്തിലൊരിക്കലെങ്കിലും  പോയിക്കണ്ടില്ലെങ്കിൽ മനസ്സിനൊരു വെപ്രാളമാണ്. കണ്ടില്ലല്ലോ, കണ്ടില്ലല്ലോ എന്ന ആധിയാണ്. എന്റെ ജീവിതത്തിലെപ്പോഴും പരീക്ഷണങ്ങൾക്കാണ് മുൻതൂക്കം. പരീക്ഷണത്തിന്റെ ഒടുവിലേ നന്മ സംഭവിക്കൂ. ഇപ്പോൾ അതൊരു ശീലമായി. ഇപ്പോൾ പരീക്ഷണങ്ങളില്ലാതിരിക്കുമ്പോഴാണ് ജീവിതം വിരസമാണെന്നു തോന്നുന്നത്.

 

കോവിഡ് ബാധിച്ച സമയത്തെ എങ്ങനെയാണ് അതിജീവിച്ചത്?

 

Seema-G-Nair-02

കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ അതു വരാതിരിക്കാൻ എല്ലാവരെയും പോലെ ഞാനും പലതരത്തിലുള്ള മുൻകരുതലെടുത്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധകൊണ്ടാണോ രോഗപ്രതിരോധശേഷി കുറവായതുകൊണ്ടാണോ ഈ രോഗം കയറിപ്പിടിച്ചതെന്ന് എനിക്കറിയില്ല. സെപ്റ്റംബർ ഒൻപതോടെയാണ് ശരീരത്തിന് വയ്യായ്ക തോന്നിയത്. 14–ാം തീയതിയോടെ ആശുപത്രിയിൽ ചികിൽസ തേടി. ആദ്യം രണ്ടുവട്ടം കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. അഡ്മിറ്റ് ആയതിനു ശേഷം നടത്തിയ ടെസ്റ്റിലാണ് സെപ്റ്റംബർ 16 ന് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. പിന്നെ നടന്ന സംഭവങ്ങളൊക്കെ ഓർക്കാൻ തന്നെ ഭയമാണ്. ഐസിയുവിലേക്കു മാറ്റുന്നു, ഓക്സിജൻ ലെവൽ കുറയുന്നു. കോവിഡിനൊപ്പം ഷുഗറും ന്യുമോണിയയും മൂർച്ഛിക്കുന്നു. അസുഖങ്ങളുടെ ഒരു പാക്കേജ് തന്നെ ഒരുമിച്ചു വന്ന അനുഭവമായിരുന്നു അത്. മുൻപ് ഷുഗർ വന്നിട്ടില്ലാത്തവർക്കു പോലും കോവിഡ് സമയത്ത് ഷുഗർ വന്നിട്ടുണ്ടായിരുന്നുവെന്ന് പിന്നീട് ഞാൻ ആളുകളോടു സംസാരിച്ചതിൽനിന്ന് മനസ്സിലാക്കി. 

 

 എന്തായിരുന്നു ആ സമയത്തെ മാനസികാവസ്ഥ?

 

ആ അവസ്ഥയിൽ ഞാൻ ആലോചിച്ചത് എന്റെ കുടുംബത്തെക്കുറിച്ചാണ്. എനിക്ക് മകൻ മാത്രമേയുള്ളൂ. അവനെക്കുറിച്ചാണ് ആ ദിവസങ്ങളിൽ ഞാൻ കൂടുതലായും ചിന്തിച്ചത്. കാരണം കോവിഡിനൊപ്പം ഷുഗറും ന്യുമോണിയയും വന്ന മിക്കവരുടെയും അവസ്ഥ വളരെ സങ്കീർണമായിരുന്നു. ചിലർ ഈ ലോകം തന്നെ വിട്ടുപോയിരുന്നു. ഒരു സാധാരണ സ്ത്രീയുടെ, ഒരമ്മയുടെ മനസ്സിലുള്ള എല്ലാ അങ്കലാപ്പുകളും പേടികളും പ്രശ്നങ്ങളും അന്നെനിക്കുണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത ഒരുപാടു പേരുടെ പ്രാർഥനകളാണ് എന്നെ രക്ഷപ്പെടുത്തിയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തുവന്നാലും ജീവിതത്തിലേക്കു തിരിച്ചു വന്നേ പറ്റൂവെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രാർഥനയും മനോധൈര്യവുമാണ് കോവിഡിനെ അതിജീവിക്കാൻ എന്നെ സഹായിച്ചത്.

 

കോവിഡിനെ നിസാരവൽക്കരിക്കുന്നുണ്ടല്ലോ പലരും?

 

അങ്ങനെയുള്ളവരോട് എനിക്കു ചില കാര്യങ്ങൾ പറയാനുണ്ട്. കോവിഡ് വന്നുപോയ ശേഷം ഒരുപാട് സൈഡ്ഇഫക്ട്സ് വരുന്നുണ്ട്. അസഹനീയമായ ശരീരവേദന, ശരീരത്തിനു പല പല മാറ്റങ്ങൾ, ഉറക്കമില്ലായ്മ, എല്ലാത്തിനോടും ഒരുതരം ഭയം എന്നിവയൊക്കെ ഉണ്ടാകും. വല്ലാത്ത ഒറ്റപ്പെടൽ തോന്നും. ആരെങ്കിലുമൊന്ന് ദേഷ്യത്തോടെ നോക്കിയാൽപ്പോലും നമുക്കത് താങ്ങാൻ കഴിയില്ല.  നമ്മൾ പറയുന്ന കാര്യങ്ങൾ ആരും അംഗീകരിക്കാതെ വരുമ്പോൾ വളരെപ്പെട്ടെന്ന് ഇറിറ്റേറ്റഡ് ആകും. കോവിഡ് വന്നാലെന്താ? ഒരു കുഞ്ഞു പനിയോ ജലദോഷമോ പോലെ വന്നങ്ങു പോകും, ഇപ്പോൾ 10 പ്രാവശ്യം വന്നിട്ട് പോയിട്ടുണ്ടാകും എന്നൊക്കെ പറയുന്നവർക്കുവേണ്ടിയാണ് ഈ അനുഭവങ്ങൾ ഷെയർ ചെയ്യുന്നത്.

 

കോവിഡിനെ പരാജയപ്പെടുത്തിയ ശേഷമായിരുന്നല്ലോ ശരണ്യയുടെ വീടിന്റെ പാലുകാച്ചലൊക്കെ നടന്നത്. ജീവിതത്തിലെ നല്ല കാലത്തെയും മോശം കാലത്തെയും എങ്ങനെയാണ് നിർവചിക്കാൻ ആഗ്രഹിക്കുന്നത്?

 

ഇതെല്ലാം ഒരു സ്വപ്നമായിട്ടാണു തോന്നുന്നത്. സെപ്റ്റംബർ 24 നാണ് ഞാൻ കളമശ്ശേരി ഗവൺമെന്റ്  ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആകുന്നത്. 10 ദിവസത്തെ ക്വാറന്റീൻ പീരീഡ് കഴിഞ്ഞ് ഒക്ടോബർ മൂന്നിനു ശരണ്യയെ പീസ്‌വാലിയിൽനിന്ന് ഡിസ്ചാർജ് ചെയ്യണമായിരുന്നു. അപ്പോഴേക്കും അവളെ അവിടെയാക്കിയിട്ട് രണ്ടര മാസം കഴിഞ്ഞിരുന്നു. അവിടെ കൊണ്ടുപോകുന്നതിന് മുൻപ് ശരണ്യ കുറച്ചു ദിവസം എന്റെ വീട്ടിലുണ്ടായിരുന്നു. ആ സമയത്ത് ചില ദിവസങ്ങളിൽ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. ശരണ്യയ്ക്കു രോഗപ്രതിരോധശേഷി കുറവായതുകൊണ്ട് അവളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമായിരുന്നു. അതുകൊണ്ട് ഷൂട്ടിങ് കഴിഞ്ഞ് എനിക്കു വീട്ടിലേക്കു പോകാൻ കഴിയുമായിരുന്നില്ല. ഷൂട്ടിങ്ങിനു ശേഷം ക്വാറന്റീൻ നിർബന്ധമായതിനാൽ ഞാൻ ഒപ്പമഭിനയിച്ച മറ്റൊരു കുട്ടിയുടെ വീട്ടിലാണ് ക്വാറന്റീനിലിരുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ ഹോം ക്വാറന്റീൻ എടുക്കാമല്ലോ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. ശരണ്യയുടെ കാര്യങ്ങൾ ഏറ്റവും വേണ്ടപ്പെട്ടവരും തണലിന്റെ പ്രവർത്തകരുമായ  ദീപ, മണി എന്നിവരെ ഏൽപിച്ചാണ് ഞാൻ ഷൂട്ടിനും ക്വാറന്റീനിലുമൊക്കെ പോയത്. അവരാണ് ശരണ്യയെ പീസ്‌വാലിയിലേക്കു കൊണ്ടുപോയത്.

 

പിന്നീട് പലപ്പോഴും ശരണ്യയെ കാണാൻ ആഗ്രഹിച്ചെങ്കിലും  പീസ്‌വാലി സ്ഥിതി ചെയ്യുന്ന നെല്ലിക്കുഴി എന്ന സ്ഥലം പലപ്പോഴും കണ്ടെയ്ൻമെന്റ് സോണായതിനാൽ അതിനു സാധിച്ചില്ല. കണ്ടെയ്ൻമെന്റ് സോൺ മാറുമ്പോൾ എനിക്ക് ക്വാറന്റീനിലിരിക്കാനുള്ള സമയമാകും. എന്റെ ക്വാറന്റീൻ സമയം കഴിയുമ്പോൾ അവിടെ വീണ്ടും കണ്ടെയ്‌ൻമെന്റ് സോണാകും. അതുകൊണ്ട്  പീസ്‌വാലിയിൽ പോയി ശരണ്യയെ കാണാൻ സാധിച്ചിരുന്നില്ല. പക്ഷേ ഡിസ്ചാർജ് ചെയ്തപ്പോളെങ്കിലും ഉറപ്പായും അവിടെ ഉണ്ടാകണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. അങ്ങനെ എന്റെ കോവിഡ് ബാധയും ആശുപത്രിവാസവും ഡിസ്ചാർജും ക്വാറന്റീനും കഴിഞ്ഞ് ശരണ്യയെ ഡിസ്ചാർജ് ചെയ്തപ്പോഴാണ് അവിടെ പോകുന്നത്.

ശരണ്യയുടെ വീടിന്റെ പാലുകാച്ചലിനെക്കുറിച്ച്

 

എന്റെ വീട്ടിൽനിന്ന് രണ്ടുമൂന്നു പേർ ചേർന്ന് ശരണ്യയെ എടുത്താണ് പീസ്‌വാലിയിലേക്ക് കൊണ്ടുപോയത്. പക്ഷേ നടന്നാണ് അവൾ മടങ്ങിയെത്തിയത്. ഒരു ചെറിയ സപ്പോർട്ട് മാത്രം മതിയായിരുന്നു അവൾക്കു നടക്കാൻ. അത് ഒരുപാടു സന്തോഷമുള്ള നിമിഷമായിരുന്നു. അടുത്തെങ്ങും അവൾ നടക്കുമെന്ന് സ്വപ്നത്തിൽപ്പോലും ആരും വിചാരിച്ചിരുന്നില്ല. ആ സന്തോഷത്തിൽ അവളെയും കൂട്ടി വീട്ടിലേക്കു മടങ്ങി. ഉടൻ തന്നെ ഞാൻ കോൺട്രാക്ടർ ബിജുവിനെ വിളിച്ചു. അവൾ നടന്നു തുടങ്ങി, എന്റെ കോവിഡ് കാലം കഴിഞ്ഞു. ഇനി വീടുപണിയുടെ ഏതെങ്കിലും ജോലി ബാക്കിയുണ്ടെങ്കിൽ എത്രയും വേഗം പൂർത്തിയാക്കണമെന്നു പറഞ്ഞിരുന്നു. വിഷുവിന് പാലുകാച്ചണം എന്നായിരുന്നു മുൻപ് വിചാരിച്ചിരുന്നത്. അങ്ങനെ ഒക്ടോബർ 23 ന് പൂജവയ്പിന്റെ സമയത്ത് നല്ലൊരു കാര്യം ചെയ്യണമെന്നു കരുതിയാണ് ആ സമയത്ത് ശരണ്യയുെട വീടിന്റെ പാലുകാച്ചൽ നടത്തിയത്. പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നുമില്ലാതിരുന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അന്ന് നിറവേറിയത്.  സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 24 വരെയുള്ള കാലഘട്ടത്തിലാണ് ജീവിതത്തിലെ ഏറ്റവും മോശം കാര്യങ്ങളും ഏറ്റവും നല്ല കാര്യവും സംഭവിച്ചത്. ആ ഒരുമാസം കൊണ്ട് നെഗറ്റീവുകളിൽ നിന്ന് പോസിറ്റീവുകളിലേക്ക് മാറാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വാക്കുകളിലൂടെ ആ സന്തോഷം പ്രകടിപ്പിക്കാൻ എനിക്കാവില്ല. അത് ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞതാണ്.

 

English Summary : Belief of Actress Seema G Nair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com